പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റെഗുലേറ്ററി കമ്മീഷന്‍ അനുമതിയില്ലാതെ മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാം; ചട്ടഭേദഗതിയുമായി കേന്ദ്രം

വിതരണ ഏജന്‍സികള്‍ വൈദ്യുതി വാങ്ങുന്നതിലുള്ള അധികച്ചെലവും, ഇന്ധന സര്‍ച്ചാര്‍ജും മാസംതോറും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും
Updated on
1 min read

റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാനുള്ള ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണത്തില്‍ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന വൈദ്യുതി നിയമ ഭേദഗതി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ അടുത്ത നടപടി. പുതിയ ഭേദഗതിയനുസരിച്ച് വൈദ്യുതി ബോര്‍ഡ് ഉള്‍പ്പെടെ വിതരണ ഏജന്‍സികള്‍ക്ക് അനുമതിയില്ലാതെ വൈദ്യുതി നിരക്ക് കൂട്ടാന്‍ കഴിയും. നിര്‍ദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതി ചട്ടത്തിന്മേല്‍ അഭിപ്രായമറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഊര്‍ജമന്ത്രാലയം നിര്‍ദേശം നല്‍കി.

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനച്ചെലവ് കൂടിയാല്‍ ഇന്ധന സര്‍ച്ചാര്‍ജായി അത് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവര്‍ധനയും വിതരണ ഏജന്‍സികള്‍ വൈദ്യുതി വാങ്ങുന്നതിനുണ്ടാകുന്ന അധികച്ചെലവും മാസംതോറും ജനങ്ങളില്‍ നിന്ന് ഈടാക്കാനാണ് പുതിയ ചട്ടം അനുമതി നല്‍കുന്നത്. നിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനച്ചെലവ് കൂടിയാല്‍ ഇന്ധന സര്‍ച്ചാര്‍ജായി അത് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

വൈദ്യുതിവിതരണ ഏജന്‍സികള്‍ മൂന്നുമാസത്തിലൊരിക്കല്‍ ഇന്ധനച്ചെലവ് കണക്കാക്കി റെഗുലേറ്ററി കമ്മീഷനെ അറിയിക്കുകയും കമ്മീഷന്‍ അനുവദിക്കുന്ന അധികബാധ്യത ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ പുതിയചട്ടം നിലവില്‍ വരുന്നതോടെ മാസംതോറും സര്‍ച്ചാര്‍ജ് ഈടാക്കണം. ഇത് അതതു മാസം ഈടാക്കിയില്ലെങ്കില്‍ പിന്നീട് ഈടാക്കാനാകില്ല. അതുകൊണ്ട് തന്നെ എല്ലാ മാസവും ഉപഭോക്താക്കളില്‍നിന്ന് അധികച്ചെലവ് ഈടാക്കുന്നതാണ് വ്യവസ്ഥ.

വിതരണ ഏജന്‍സികള്‍ക്കുണ്ടാകുന്ന മറ്റു ചെലവുകള്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ മാത്രം ക്രമീകരിക്കുകയും, വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനച്ചെലവില്‍ വരുന്ന അധികബാധ്യത മാത്രം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, പുതിയ ചട്ടപ്രകാരം വിതരണ ഏജന്‍സികള്‍ വൈദ്യുതി വാങ്ങുന്നതിലുള്ള അധികച്ചെലവും മാസംതോറും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാകും. അധിക ചെലവ് ഈടാക്കാന്‍ അനുമതി നല്‍കുമ്പോഴും മാസം തോറുമുള്ള ചെലവില്‍ കുറവുണ്ടായാല്‍ അതിന്റെ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമോയെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നില്ല.

രാജ്യം വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വിതരണ ഏജന്‍സികള്‍ക്ക് ഇന്ധനച്ചെലവും വൈദ്യുതി വാങ്ങുന്നതിലുള്ള ചെലവും കൂടാനാണ് സാധ്യത. പുതുക്കിയ ചട്ടം പ്രാബല്യത്തില്‍വന്നാല്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എല്ലാമാസവും നിരക്ക് വര്‍ധിച്ചേക്കും.

logo
The Fourth
www.thefourthnews.in