ഒരാഴ്ച കൂടി സാവകാശം; 2000 രൂപ നോട്ടുകള്‍ ഒക്ടോബർ ഏഴു വരെ മാറ്റിയെടുക്കാം
രാജ്യത്ത് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴുവരെ നീട്ടി. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി സാവകാശമനുവദിച്ചത്. പ്രവാസികളായ ഇന്ത്യക്കാരെയും, വിദേശത്തുള്ള മറ്റുള്ളവരെയും കണക്കിലെടുത്താണ് തീയതി നീട്ടുന്നതെന്നാണ് ആര്‍ബിഐ വിശദീകരണം.
ഒരു തവണ 20,000 രൂപ വരെയുള്ള നോട്ടുകളാണ് മാറ്റിയെടുക്കാൻ സാധിക്കുക. സമയപരിധി അവസാനിച്ചതിന് ശേഷവും ആളുകളുടെ കൈവശമുള്ള നോട്ടുകള്‍ നിഷേപിക്കാനും കൈമാറ്റം ചെയ്യാനുമായി നാലുമാസത്തെ സമയവും അനുവധിച്ചതായി ആര്‍ബിഐ പ്രസ്താവനയിറക്കിയിരുന്നു. ഇനിയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ മുഖേനെയും നോട്ടുകള്‍ മാറ്റിയെടുക്കാം. രാജ്യത്തിന് അകത്തായിരിക്കും ഈ സൗകര്യം ലഭിക്കുക. ആര്‍ബിഐ അനുശാസിക്കുന്ന തിരിച്ചറിയല്‍ രേഖയോടൊപ്പം തപാല്‍വഴി നോട്ടുകള്‍ കൈമാറിയാല്‍ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാകുന്ന രീതിയിലായിക്കും ക്രമീകരണം എന്നും ആര്‍ബിഐ അറിയിച്ചു.
ഒക്ടോബര്‍ ഏഴ് വരെ നിലവിലെ രീതിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇതിന് ശേഷം രാജ്യത്തെ 19 ആര്‍ബിഐ ശാഖകളില്‍ നിന്നും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ആര്‍ബിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ രീതിയില്‍ നാലുമാസത്തെ സമയം അനുവധിച്ചതായി ആര്‍ബിഐ പ്രസ്താവനയിറക്കിയിരുന്നു.
2000 രൂപാ നോട്ട് തിരിച്ചുവിളിക്കല്‍ ദൗത്യം വിജയകരമാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഇതുവരെ 3.56 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് പുറത്തിറക്കിയിരുന്നത്. തിരിച്ചുവിളിയ്ക്കല്‍ നടപടിയ്ക്ക് ശേഷം 3.42 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചത്തി. ഇനി 0.14 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി. കണക്കുകള്‍ പ്രകാരം പുറത്തിറക്കിയ 96 ശതമാനം നോട്ടുകളും തിരച്ചെത്തിയതായും ആര്‍ബിഐ അവകാശപ്പെട്ടു. സെപ്തംബര്‍ 29 വരെയുള്ള കണക്കുകളാണ് ആര്‍ബിഐ പങ്കുവച്ചത്.