ഓഹരിവിപണികൾ മണിക്കൂറുകൾ കൊണ്ട് കൂപ്പുകുത്തി, വരുന്നത് ആഗോള മാന്ദ്യമോ?
ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ്. ഇന്ത്യയിൽ ബിഎസ്ഇ സെൻസെക്‌സും നിഫ്റ്റി50യും കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്സ് 80,000ൽ താഴെപോയി. നിഫ്റ്റി രാവിലെ 9.45ന് 24,300ന് അടുത്തായിരുന്നു. കൃത്യമായി പറഞ്ഞാൽ സെൻസെക്സ്, 1,457 പോയിന്റ് കുറഞ്ഞ് 79,524.75ലെത്തി. നിഫ്റ്റി 446 പോയിന്റുകൾ കുറഞ്ഞ് 24,272 ആയി. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം എന്ന സൂചനയാണ് ഏഷ്യൻ വിപണികളെ പിടിച്ചുലച്ചത്. ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലും ഓഹരി വിപണി കൂപ്പുകുത്തി.
നിലവിൽ സൺ ഫാർമയും, ഹിന്ദുസ്ഥാൻ യൂണിലിവറും, ഏഷ്യൻ പെയിന്റ്‌സും നെസ്‌ലെയും മാത്രമാണ് വിപണിയിൽ ഏതെങ്കിലും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, ആർഐഎൽ, ജെഎസ്ഡബ്ള്യു, എം ആൻഡ് എം എന്നീ സ്ഥാപനങ്ങൾ വലിയ തിരിച്ചടി നേരിട്ടു.
എന്തുകൊണ്ട് സെൻസെക്‌സും നിഫ്റ്റിയും തകർന്നു?
ആഗോള സാമ്പത്തികരംഗത്ത് ഇന്ന് വലിയ അസ്ഥിരതയാണ് അനുഭവപ്പെടുന്നത്. അമേരിക്കൻ സാമ്പത്തിക വിപണി വലിയ മാന്ദ്യത്തിലേക്കാണ് പോകുന്നത് എന്ന ഭയത്തിന്റെ പുറത്താണ് ഇപ്പോൾ ഈ അസ്ഥിരത ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.
നാസ്ഡാഖ് വിറ്റൊഴിക്കൽ ഭീഷണിയാണ് മുന്നോട്ടു വയ്ക്കുന്നത്. 2.27ശതമാനം തകർച്ചയാണ് നാസ്ഡാഖിൽ സംഭവിച്ചത്. എസ് ആൻഡ് പി 1.41 ശതമാനവും തകർച്ച നേരിട്ടു. യൂറോപ്യൻ വിപണിയിലും സമാനമായ ഇടിവുകൾ സംഭവിച്ചിട്ടുണ്ട്. യൂറോസ്റ്റോക്സ് 0.6 ശതമാനം തകർന്നു. എഫ്ടിഎസ്ഇ 0.2 ശതമാനവും. ഏഷ്യയിലും സമാനമായരീതിയിൽ ഓഹരിവിപണിയിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. ജപ്പാനിലെ നിക്കിയെ ഇൻഡക്സ് 5.5 ശതമാനം തകർന്നു. കഴിഞ്ഞ ഏഴു മാസത്തിനിടയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2011ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയായിട്ടാണ് ഇത് വിലയിരുത്തുന്നത്.
എം എസ് സി ഐയുടെ ജപ്പാന് പുറത്ത് ഏഷ്യ പെസഫിക്കിലുള്ള ഓഹരികളിൽ 2 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ ചൈനീസ് കമ്പനികൾക്ക് പൊതുവിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. 0.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ബോണ്ട് മാർക്കറ്റിലും കാര്യമായ തകർച്ച സംഭവിച്ചു. പത്ത് വർഷം കാലാവധിയുള്ള ജാപ്പനീസ് ബോണ്ടുകളുടെ മൂല്യം 17 പോയിന്റുകൾ കുറഞ്ഞു. ഏപ്രിൽ മുതലിങ്ങോട്ട് പരിഗണിച്ചാൽ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഇപ്പോഴത്തേത്.
കുറച്ചധികം കാലമായി നിലനിൽക്കുന്ന സ്ഥിരതയിൽ നിന്നാണ് ഓഹരി വിപണി തകർച്ചയിലേക്ക് പോകുന്നത്. നിഫ്റ്റി വരുന്ന ദിവസങ്ങളിൽ ചെറുതായി താഴേക്ക് പോകുമെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തും എന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. ഇപ്പോൾ 24,272 പോയിന്റിൽ നിൽക്കുന്ന നിഫ്റ്റി അടുത്ത ദിവസങ്ങളിൽ 24,600-24,500 എന്നീ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്.
എണ്ണവില കഴിഞ്ഞ എട്ടു മാസത്തിൽ ഏറ്റവും കുറഞ്ഞ തുകയിലാണ് നിൽക്കുന്നത്. അമേരിക്കയിൽ ഇനി വരാൻ സാധ്യതയുള്ളതായി കണക്കാക്കുന്ന മാന്ദ്യം എണ്ണവിപണിയെ എങ്ങനെ ബാധിക്കും എന്ന ആശങ്ക അതിശക്തമായി നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെ മധ്യേഷ്യയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും എണ്ണ വ്യാപാരത്തെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 3,310 കോടിരൂപയുടെ ഓഹരിയാണ് വെള്ളിയാഴ്ച മാത്രം വിറ്റഴിത്തച്ചത്. എന്നാൽ അതിൽ 2,965 കോടിരൂപ മൂല്യമുള്ള ഓഹരികൾ മാത്രമാണ് ആഭ്യന്തര നിക്ഷേപകർ വാങ്ങിയത്.