പിൻ നമ്പറില്ലാതെ ചെറിയ ഇടപാടുകൾ നടത്താം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ
ചെറിയ തുകകളുടെ ട്രാൻസാക്ഷൻ ലളിതമായും എളുപ്പത്തിലും ചെയ്യാനായി യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ. പിൻ ഉപയോഗിക്കാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താനായി ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ നടത്തുന്ന യുപിഐ പേയ്‌മെന്റുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ തിരക്കേറിയ സമയങ്ങളിൽ പോലും അതിവേഗ പേയ്‌മെന്റുകൾ നടത്താൻ യുപിഐ ലൈറ്റ് സാങ്കേതികവിദ്യ ഉപയോക്താക്കളെ അനുവദിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമാണ് ഗൂഗിൾ പേ.
നിലവിലുള്ള യുപിഐ ആപ്പ് വഴി തന്നെ യുപിഐ ലൈറ്റ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. ഇതേ അക്കൗണ്ടിൽ ഉപയോക്താക്കൾക്ക് യുപിഐ ലൈറ്റ് വാലറ്റ് സൃഷ്ടിക്കാം. ഇതിൽ 2000 രൂപ വരെ ഉപയോക്താക്കൾക്ക് സ്റ്റോർ ചെയ്യാവുന്നതാണ്. ഇതുവഴി 200 രൂപ വരെ മൂല്യമുള്ള ഇടപാടുകൾ പിൻ ആവശ്യമില്ലാതെ തന്നെ നടത്താനാകും. ഒരുദിവസം രണ്ട് തവണ 2000 രൂപ വരെ വാലറ്റിൽ സ്റ്റോർ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ ലൈറ്റ് വഴി പ്രതിദിനം 4000 രൂപ മാത്രമാണ് ചിലവാക്കാൻ സാധിക്കുക.
2022 സെപ്റ്റംബറിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ആദ്യമായി യുപിഐ ലൈറ്റ് പേയ്‌മെന്റ് പ്രഖ്യാപിച്ചത്. നേരത്തെ Paytm , PhonePe, BHIM എന്നീ യുപിഐ പെയ്മെന്റ്റ് ആപ്പുകളാണ് ആദ്യമായി യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.
എങ്ങനെ യുപിഐ ലൈറ്റ് ഉപയോഗിക്കാം ?
പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ Google Pay ആപ്പ് ഡൗൺലോഡ് അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യുക.
പ്രൊഫൈൽ പേജിൽ നിന്ന് സെറ്റ് അപ്പ് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
യുപിഐ ലൈറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
countinue തിരഞ്ഞെടുത്ത് വാലറ്റിലേക്ക് പണം ചേർക്കുക (2000 രൂപ വരെ)
ശേഷം പേ ചെയ്യുമ്പോൾ യുപിഐ ലൈറ്റ് അക്കൗണ്ട് സെലക്ട് ചെയ്ത് പിൻ നമ്പറിന്റെ ആവശ്യമില്ലാതെ പണം കൈമാറാം.