പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേന്ദ്ര സർക്കാരിന്റെ പുതുവർഷ സമ്മാനം; എട്ട് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർത്തി

ജനുവരി 1 മുതല്‍ പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍
Published on

പുതുവര്‍ഷത്തില്‍ എട്ട് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർത്തി കേന്ദ്രസര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് നിക്ഷേപം, കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പദ്ധതികളുടെ പലിശയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉയർത്തിയത്. ജനുവരി ഒന്നു മുതല്‍ പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരും. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് അവസാനമായി നിരക്കുയർത്തിയത്. 1.1 ശതമാനം വരെ പലിശ വർധനവ് വരുത്തിയിട്ടുണ്ട്.

കിസാന്‍ വികസ് പത്ര നിക്ഷേപം ഇരട്ടിയാക്കുന്നൊരു ലഘു സമ്പാദ്യ പദ്ധതിയാണ്

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയുടെ പലിശ 6.8ല്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ പലിശ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 8 ശതമാനത്തിലേക്ക് ഉയര്‍ത്തി. ഇതനുസരിച്ച് 5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 9,500 രൂപ ലഭിക്കും. നേരത്തെയിത് 9,250 രൂപയായിരുന്നു.

കിസാന്‍ വികാസ് പത്ര, നിക്ഷേപം ഇരട്ടിയാകുന്ന ലഘു സമ്പാദ്യ പദ്ധതിയാണ്. പദ്ധതിയുടെ പലിശ നിരക്കിലും കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാക്കി പലിശ നിരക്കുയര്‍ത്തി. 123 മാസമായിരുന്ന കാലാവധി 120 മാസമായി ചുരുങ്ങി. ഇനി മുതല്‍ ഈ പദ്ധതിയില്‍ 5 ലക്ഷം രൂപ 10 ലക്ഷമാകാന്‍ 120 മാസം മതിയാകും.

പുതുക്കിയ പലിശ നിരക്ക്
പുതുക്കിയ പലിശ നിരക്ക്

നേരത്തെ 6.7 ശതമാനമായിരുന്ന പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 7.1 ശതമാനമാക്കി. വ്യക്തിഗത അക്കൗണ്ടിലെ പരമാവധി നിക്ഷേപമായ 4.5 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 2,513 രൂപ മാസത്തില്‍ ലഭിക്കും. ഒരു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന്റെ പലിശ 5.5 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമാക്കിയും അഞ്ച് വര്‍ഷ ടൈം ഡെപ്പോസിറ്റിന്റെ പലിശ 6.7 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തി.

അതേസമയം മറ്റു നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നാല് ശതമാനമായ സേവിങ്സ് അക്കൗണ്ടിന്റെ പലിശ നിരക്കിൽ മാറ്റമില്ല. പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജനയ്ക്ക് 7.6 ശതമാനം പലിശയും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് 7.1 ശതമാനം പലിശയും തുടരും.

logo
The Fourth
www.thefourthnews.in