ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണോ നിങ്ങള്‍? ഗ്രാറ്റുവിറ്റി എങ്ങനെയാണ് കണക്കാക്കുന്നത്? അറിയാം നിയമങ്ങൾ
ഒരു സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് പിരിഞ്ഞുപേകുന്ന സ്ഥിര ജീവനക്കാര്‍ക്ക് സ്ഥാപനം നല്‍കുന്ന സാമ്പത്തിക ആശ്വാസമാണ് ഗ്രാറ്റുവിറ്റി. താൽക്കാലികമോ കരാർ തൊഴിലാളികളോ ഒഴികെയുള്ള ജീവനക്കാർക്ക് ഒരു സ്ഥാപനത്തിൽ ഒരു നിശ്ചിത കാലയളവ് ജോലി പൂർത്തിയാക്കിയ ശേഷം ഗ്രാറ്റുവിറ്റി പേയ്മെന്റിന് അർഹതയുണ്ട്. 1972 ലെ ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം ഗ്രാറ്റുവിറ്റിയ്ക്ക് അര്‍ഹരാകണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ നിഷ്കർഷിക്കുന്നുണ്ട്. സ്ഥിര ജീവനക്കാര്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താലെ ആശ്വാസ വേദനത്തിന് അര്‍ഹരാവുകയുളളു.
മരണമോ അംഗവൈകല്യമോ കാരണം ജോലി അവസാനിപ്പിച്ചാൽ അഞ്ച് വർഷത്തെ തുടർച്ചയായ സേവനം എന്ന വ്യവസ്ഥ ബാധകമല്ല
ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച്, മരണമോ അംഗവൈകല്യമോ കാരണം ജോലി അവസാനിപ്പിച്ചാൽ അഞ്ച് വർഷത്തെ തുടർച്ചയായ സേവനം എന്ന വ്യവസ്ഥ ബാധകമല്ല. ഇത്തരം സാഹചര്യങ്ങളിൽ ഗ്രാറ്റുവിറ്റി തുക നോമിനിക്കോ, നിയമപരമായ അവകാശിക്കോ നൽകും.
ഫാക്ടറികൾ, ഖനികൾ, എണ്ണപ്പാടങ്ങൾ, തോട്ടങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, മോട്ടോർ ഗതാഗത സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ, പത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും 1972 ലെ ഗ്രാറ്റുവിറ്റി നിയമം ബാധകമാണ്.
സമയ കാലയളവ്
നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, ഗ്രാറ്റുവിറ്റി തുക അടയ്‌ക്കേണ്ട തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ജീവനക്കാരന് അപേക്ഷിക്കാം. 30 ദിവസത്തിന് ശേഷം അപേക്ഷ സമർപ്പിച്ചാലും തൊഴിലുടമയ്ക്ക് അത് നിരസിക്കാൻ കഴിയില്ല. ഗ്രാറ്റുവിറ്റി തുകയ്ക്കുള്ള അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം കുടിശ്ശികയടക്കം അടയ്‌ക്കേണ്ട തുകയും പേയ്‌മെന്റ് തീയതിയും തൊഴിലുടമ വ്യക്തമാക്കേണ്ടതുണ്ട്. ഗ്രാറ്റുവിറ്റിക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ അതിനുള്ള കാരണവും തൊഴിലുടമ വ്യക്തമാക്കണം.
ഗ്രാറ്റുവിറ്റി എങ്ങനെ തിട്ടപ്പെടുത്തുന്നു
ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് ജീവനക്കാരുടെ സേവന കാലയളവും അവസാനം ലഭിച്ച ശമ്പളവും കണക്കുകൂട്ടിയാണ്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനമാക്കിയാണ് ഇത് നിർണയിക്കുക. 1972 ലെ ഗ്രാറ്റുവിറ്റി നിയമമനുസരച്ച് ഒരു മാസം 26 ദിവസമായാണ് കണക്കുകൂട്ടുക. പൂർത്തിയാകുന്ന ഓരോ വർഷത്തിനും 15 ദിവസത്തിലൊരിക്കൽ ഗ്രാറ്റുവിറ്റി നൽകും. ജോലി അവസാനിപ്പിക്കുന്ന വര്‍ഷത്തില്‍ ഒരു ജീവനക്കാരന്‍ ആറ് മാസത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ചാല്‍ അത് അടുത്ത വര്‍ഷത്തേയ്ക്കായി പരിഗണിക്കും.
അതായത് ഒരു ജീവനക്കാരന്‍ അല്ലെങ്കില്‍ ജീവനകാരി 8 വര്‍ഷവും ഏഴ് മാസവും ജോലിയെടുത്ത ശേഷമാണ് പിരിഞ്ഞു പോകുന്നതെങ്കില്‍ ഗ്രാറ്റുവിറ്റി കണക്കാക്കുമ്പോള്‍ അത് 9 വര്‍ഷമായാണ് പരിഗണിക്കുക. ഗ്രാറ്റുവിറ്റി നിയമത്തിന് കീഴില്‍ വരാത്ത ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റി ഫണ്ട് ലഭിക്കും. അവരുടെ പ്രവര്‍ത്തന കാലയളവ് മാസത്തില്‍ 30 ദിവസമായിരിക്കും എന്ന വ്യത്യാസമുണ്ട്.
ടാക്‌സ്
സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ഗ്രാറ്റുവിറ്റി പേയ്മെന്റുകൾക്കും ആദായനികുതിയിൽ നിന്ന് പൂർണമായ ഇളവിന് അർഹതയുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിൽ 1972 ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ ജീവനക്കാർ പരിരക്ഷിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും ആദായനികുതി നിയമങ്ങൾ ബാധകമാകുന്നത്.