ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകള്‍, ബ്രിട്ടനെ പിന്തള്ളി ഇന്ത്യ

ലോകത്തെ വലിയ സമ്പദ് വ്യവസ്ഥകള്‍, ബ്രിട്ടനെ പിന്തള്ളി ഇന്ത്യ

ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി ഇന്ത്യ
Updated on
1 min read

ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. രാജ്യത്തെ ജീവിത ചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് യുകെയ്ക്ക് തിരിച്ചടിയായത്. 2021 ലെ അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യയുടെ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യ യുകെയെ പിന്തള്ളിയതായി അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകളില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തിലും ഇന്ത്യ മുന്നേറ്റം നിലനിര്‍ത്തി.

രാജ്യത്തെ ജീവിത ചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് യുകെയ്ക്ക് തിരിച്ചടിയായത്

റിപ്പോര്‍ട്ടുകള്‍ ബ്രിട്ടണില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന പുതിയ പ്രധാനമന്ത്രിക്കും വെല്ലുവിളിയാണ്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പണപ്പെരുപ്പമാണ് ബ്രിട്ടണ്‍ നേരിടുന്നത്. ഇത് 2024 വരെ നീണ്ടുനില്‍ക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ വര്‍ധിച്ചുവരുന്ന ആശങ്കയായിരിക്കും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ കാലയളവില്‍ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞിരുന്നു. ഡോളറുമായുള്ള വിനിമയ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളില്‍ 11ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

യുകെ ഭീഷണി നേരിടുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനങ്ങള്‍. സാമ്പത്തിക വര്‍ഷത്തിന്റെ നിലവിലെ പാദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഐഎംഎഫ് ഡാറ്റാബേസ്, ബ്ലൂംബെര്‍ഗ് ടെര്‍മിനലിലെ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in