ശക്തികാന്ത ദാസ് , RBI ഗവര്‍ണര്‍
ശക്തികാന്ത ദാസ് , RBI ഗവര്‍ണര്‍

ആ​ഗോള സാമ്പത്തിക പ്രതിസന്ധിയിൽ പരിഭ്രാന്തി വേണ്ട; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍

പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ കരുതല്‍ ധനശേഖരം രാജ്യത്തിനുണ്ടെന്ന് ശക്തികാന്ത ദാസ്
Updated on
2 min read

സമ്പദ് വ്യവസ്ഥകള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയുടേത് താരതമ്യേന മെച്ചപ്പെട്ട നിലയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മത്സരരംഗത്തുള്ള വികസിതവും വളര്‍ന്ന് വരുന്നതുമായ സമ്പദ് വ്യവസ്ഥകളോട് താരതമ്യപ്പെടുത്തിയാണ് ശക്തികാന്ത ദാസ് ഇന്ത്യന്‍ സാഹചര്യം വിശദീകരിച്ചത്. നിലവിലെ പ്രവണതയില്‍ മറ്റ് കറന്‍സികള്‍ക്കുണ്ടായ മൂല്യമിടിവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയുടെ വാര്‍ഷിക കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യം അദ്ദേഹം വിശദീകരിച്ചത്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മതിയായ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപണിയിലേക്ക് കൂടുതല്‍ ഡോളര്‍ ഇറക്കുന്നത് ആര്‍ബിഐ തുടരും. വിനിമയ നിരക്കിലെ മാറ്റങ്ങളെ പരിഭ്രാന്തിയോടെ കാണാതെ, വസ്തുതാപരമായി സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''രൂപയുടെ മൂല്യം അസ്ഥിരമാകുന്നതിനോട് സഹിഷ്ണുതയോടെയുള്ള സമീപനമല്ല റിസര്‍വ് ബാങ്കിനുള്ളത്. രൂപയെ സുഗമമായി പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ് '' - ശക്തികാന്ത ദാസ് പറഞ്ഞു.

ജപ്പാനീസ് യെന്‍ പോലുള്ള ശക്തമായ കറന്‍സികള്‍ പോലും ഡോളറിനെതിരെ ദുര്‍ബലമായി എന്നത് ഓര്‍ക്കണം
ശക്തികാന്ത ദാസ്

പലിശ നിരക്ക് കൂട്ടിയ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളാണ് ഡോളറിന്റെ മൂല്യമുയര്‍ത്തുന്നതിനും മറ്റുള്ള കറന്‍സികളുടെ തകര്‍ച്ചയിലേക്കും നയിച്ചത്. സാഹചര്യം വിലയിരുത്തി സമ്പദ് വ്യവസ്ഥയുടെ സുഗമമായ മുന്നോട്ടുപോക്കിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി ആര്‍ബിഐ ഗവര്‍ണര്‍ പറയുന്നു. ജപ്പാന്‍ യെന്‍ പോലുള്ള ശക്തമായ കറന്‍സികള്‍ പോലും ഡോളറിനെതിരെ ദുര്‍ബലമായെന്ന കാര്യം ഓര്‍ക്കണമെന്ന് ശക്തികാന്ത ദാസ് എടുത്തുപറഞ്ഞു. ഇറക്കുമതി കൂടിയ സാഹചര്യത്തില്‍ ഡോളറിനുണ്ടായ സ്വാഭാവിക ക്ഷാമം മാത്രമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം സൂചിപ്പിച്ചു.

2016 മുതല്‍ ആര്‍ബിഐ സ്വീകരിച്ചു വരുന്ന നടപടികള്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഏറെ സഹായകമായി. പലിശനിരക്ക് വര്‍ധനയും പണലഭ്യത ഉറപ്പാക്കലും പോലുള്ള നടപടികള്‍ വളര്‍ച്ച ലക്ഷ്യമാക്കി മാത്രമാകും സ്വീകരിക്കുകയെന്നും ശക്തികാന്ത ദാസ് വിശദീകരിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നതിന് ശേഷം ഇതാദ്യമായാണ് ആര്‍ബിഐ നടപടികളെ പറ്റി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ വിദേശ നിക്ഷേപ കരുതല്‍ ശേഖരം രാജ്യത്തിനുണ്ടെന്നും ശക്തികാന്ത ദാസ് പറയുന്നു.

സ്വിസ് ബ്രോക്കറേജ് യുബിഎസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 580 ബില്യണ്‍ ഡോളറായി തുടരുകയാണ്. രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ആര്‍ബിഐ സ്വീകരിച്ച വിപണി ഇടപെടലുകളാണ് 2021 ലെ 642.4 ബില്യണ്‍ എന്ന റെക്കോഡ് നിലയില്‍ നിന്ന് കരുതല്‍ നിക്ഷേപം 580 ബില്യണിലെത്തിച്ചത്.

പണനയ അവലോകനം യോഗം മാറ്റി

ഓഗസ്റ്റ് രണ്ട് മുതല്‍ നാലുവരെ നടക്കാനിരുന്ന റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം മാറ്റിവച്ചു. ഓഗസ്റ്റ് മൂന്ന് മുതല്‍ അഞ്ചുവരെ നടക്കുന്ന വിധത്തിലാണ് യോഗം പുനഃക്രമീകരിച്ചത്. ഓഗസ്റ്റ് നാലിന് പകരം അഞ്ചിനാകും പണനയ അവലോകന നയത്തിലെ തീരുമാനം പ്രഖ്യാപിക്കുക. രൂപയുടെ മൂല്യമിടിവിന്റെ സാഹചര്യത്തില്‍ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുക ലക്ഷ്യമിട്ട് പലിശനിരക്കില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ആര്‍ബിഐ അപ്രതീക്ഷിത പണനയ യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു. റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാങ്കുകളെല്ലാം പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

logo
The Fourth
www.thefourthnews.in