3.5 കിലോമീറ്റര്‍ നീളം, 6 എന്‍ജിനുകള്‍; 'സൂപ്പറാണ്' റെയില്‍വേയുടെ 'വാസുകി'
ഇന്ത്യന്‍ റെയില്‍വേയുടെ, രാജ്യത്തെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി 'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി. ഛത്തീസ്ഗഡിലെ കോര്‍ബയ്ക്കും നാഗ്പൂരിലെ രാജ്‌നന്ദ്ഗാവോയ്ക്കും ഇടയിലാണ് 295 ലോഡഡ് വാഗണുകളും 3.5 കിലോമീറ്റര്‍ നീളവുമുള്ള ചരക്ക് തീവണ്ടി പരീക്ഷണയോട്ടം നടത്തിയത്.
ആറ് എന്‍ജിനുകളുള്ള ഈ കൂറ്റന്‍ തീവണ്ടിയില്‍ 295 ലോഡഡ് വാഗണുകളിലായി 27,000 ടണ്‍ കല്‍ക്കരിയായിരുന്നു ട്രെയിലിംഗ് ലോഡ്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള ട്രെയിന്‍ കോര്‍ബയില്‍ നിന്ന് ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 1:50നാണ് കന്നിയാത്ര ആരംഭിച്ചത്. 11.20 മണിക്കൂര്‍ കൊണ്ട് 267 കിലോമീറ്റര്‍ ദൂരം സൂപ്പര്‍ വാസുകി പിന്നിട്ടു. റെയില്‍വേ ഇതുവരെ ഓടിച്ചതില്‍ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ചരക്ക് തീവണ്ടി ഒരു സ്റ്റേഷന്‍ കടക്കാന്‍ ഏകദേശം നാല് മിനിറ്റ് സമയമെടുക്കും.
കോത്താരി റോഡ് സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. നിലവില്‍, ചരക്ക് തീവണ്ടികള്‍ ഒരു യാത്രയില്‍ 9,000 ടണ്‍ കല്‍ക്കരി വഹിക്കുമ്പോള്‍ അവയെക്കാള്‍ മൂന്നിരട്ടിയിലധികം വാഹക ശേഷിയാണ് സൂപ്പര്‍ വാസുകിക്കുള്ളത്. ഈ ട്രെയിന്‍ കൊണ്ടുപോകുന്ന കല്‍ക്കരി, 3000 മെഗാവാട്ട് പവര്‍ പ്ലാന്റിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാകും. 7.352 കിലോമീറ്റര്‍ നീളമുള്ള ഓസ്ട്രേലിയയുടെ BHP യാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചരക്ക് തീവണ്ടി.
രാജ്യത്തെ താപനിലയങ്ങളില്‍ കല്‍ക്കരിക്ഷാമം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ ഉരുക്ക് ഉത്പാദകര്‍ക്ക് മുടക്കമില്ലാതെ കല്‍ക്കരി വിതരണം ഉറപ്പാക്കാന്‍ സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡിന് (എസ്ഇസിഎല്‍) നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ശനിയാഴ്ച കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് പരമാവധി ഉപയോഗപ്പെടുത്താനാണ് നീക്കം.