രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിൽ
രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിൽ

രൂപയുടെ മൂല്യം ഇടിയുന്നത് എന്തുകൊണ്ട് ? മൂല്യം കുറഞ്ഞാല്‍ എന്ത് സംഭവിക്കും?

ജനുവരി 12 ന് ഡോളറിനെതിരെ 73.77 ആയിരുന്ന രൂപ ഇപ്പോൾ ഒരു ഡോളറിനെതിരെ 79.90 ആണ്.
Updated on
2 min read

കഴിഞ്ഞ കുറച്ച് നാളുകളായി രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഈ വർഷം ജനുവരി മുതൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 6 ശതമാനമാണ് ഇടിഞ്ഞത്. 2022 ജനുവരി 12 ന് ഡോളറിനെതിരെ 73.77 രൂപ ആയിരുന്നു മൂല്യമെങ്കില്‍ ഇപ്പോളിത് ഒരു ഡോളറിനെതിരെ 79.90 ആണ്.മൂലധന പ്രവാഹമാണ് ഇന്ത്യൻ രൂപ ദുർബലമാവാനുള്ള പ്രധാന കാരണം. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള അനിശ്ചിതത്വമാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

മറ്റ് കറൻസികൾ യുഎസ് ഡോളറിനെതിരെ കുറയുന്നതിനാൽ പഠനത്തിനോ വിനോദയാത്രയ്ക്കോ വേണ്ടി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യമായ തിരിച്ചടി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിദേശ യാത്രകളെയും പഠനത്തെയും ബാധിക്കുമോ?

കോവിഡ് പ്രതിസന്ധി കുറഞ്ഞതോടെ വിദേശത്തേക്ക് പഠനത്തിനായും വിനോദയാത്രയ്ക്കായും പോകുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. ഈ അവസരത്തിൽ യുഎസ് ഡോളറിനെതിരായ രൂപയുടെ ഇടിവ് യാത്രാചെലവ് വർദ്ധിപ്പിക്കും. രൂപയുടെ മൂല്യം ഇടിയുന്നതിലൂടെ മുന്‍പത്തെ അപേക്ഷിച്ച് വിദേശ കറൻസിക്ക് വേണ്ടി കൂടുതൽ പണം ആവശ്യമായി വരും. വിദേശത്ത് പഠിക്കുന്നവർക്കും ഫീസിനായി അവിടത്തെ കറൻസിയുടെ മൂല്യമനുസരിച്ച് കൂടുതൽ പണം നൽകേണ്ടി വരും. വായ്പകളുടെ പലിശ ഉയരുന്നതിനാൽ വിദ്യാഭ്യാസ വായ്പാ പലിശയും ഉയരും. എന്നാൽ യുഎസ് ഡോളറിനെതിരെ മറ്റ് കറൻസികളുടെ മൂല്യം കുറയുന്നതിനാൽ പഠനത്തിനോ വിനോദയാത്രയ്ക്കോ വേണ്ടി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യമായ തിരിച്ചടി ഉണ്ടാകാൻ ഇടയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഉയർന്ന പണപ്പെരുപ്പ നിരക്ക് നിക്ഷേപകരുടെ മൊത്തത്തിലുള്ള വാർഷിക വരുമാനത്തെ ബാധിക്കും.

രൂപയുടെ വിലയിടിവ് എങ്ങനെ ബാധിക്കും?

ഇറക്കുമതി കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം കുറയുമ്പോൾ ഇറക്കുമതി സാധനങ്ങൾക്കും കൂടുതൽ വില നൽകേണ്ടി വരും. അസംസ്‌കൃത എണ്ണ, ഭക്ഷ്യ എണ്ണ, ഓട്ടോ പാർട്‌സ്, ഫാർമസ്യൂട്ടിക്കൽ ചേരുവകൾ തുടങ്ങി ഒട്ടുമിക്ക വസ്തുക്കളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ രൂപയുടെ മൂല്യം കുറയുന്നത് ഈ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും. ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന പണപ്പെരുപ്പ നിരക്ക് നിക്ഷേപകരുടെ മൊത്തത്തിലുള്ള വാർഷിക വരുമാനത്തെ ബാധിക്കും. കൂടാതെ മൊബൈൽ ഫോണുകൾ, ചില വാഹനങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ആഢംബര വസ്തുക്കൾക്കടക്കം വില കൂടാനും സാധ്യതയുണ്ട്.

രൂപയുടെ മൂല്യം കുറയുന്നത് ചില ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും
രൂപയുടെ മൂല്യം കുറയുന്നത് ചില ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും

കയറ്റുമതി വ്യവസായത്തിന് നേട്ടം

രൂപയുടെ മൂല്യത്തകർച്ച കയറ്റുമതി മേഖലകൾക്കും ഐടി കമ്പനികൾക്കും ​ഗുണകരമാകും. പ്രത്യേക രാസവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിക്കാർക്കും നേട്ടമുണ്ടാകും. ഐടി, ടെക്‌സ്‌റ്റൈൽസ് തുടങ്ങിയ കയറ്റുമതി അധിഷ്‌ഠിത ഓഹരികൾ ഉയർന്ന വിദേശ ഡിമാൻഡിൽ നേട്ടമുണ്ടാക്കുമെന്നതിനാൽ രൂപയുടെ മൂല്യത്തകർച്ചയ്‌ക്കിടയിലും അത് നേട്ടമാകും. നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾക്കും രൂപയുടെ വിലയിടിവ് ​ഗുണം ചെയ്യും.

കയറ്റുമതി വർധിപ്പിക്കുകയാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തടയാനുള്ള പ്രധാന പോംവഴിയായി സാമ്പത്തിക വിദ​ഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്.

എന്തുകൊണ്ട് രൂപയുടെ മൂല്യം ഇടിയുന്നു?

ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നതാണ് രൂപയുടെ മൂല്യം കുറയാൻ കാരണമാകുന്നതെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. കയറ്റുമതിയേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വ്യാപാരങ്ങൾ കൂടുതലും ഡോളറിലാണ് നടക്കുന്നതെന്നതിനാൽ സ്വാഭാവികമായും ഡോളറിനെതിരെ ആഭ്യന്തര കറൻസിയുടെ മൂല്യം കുറയും. ചില ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണവും ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി. കയറ്റുമതി വർധിപ്പിക്കുകയാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തടയാനുള്ള പ്രധാന പോംവഴിയായി സാമ്പത്തിക വിദ​ഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്. സ്വർണമടക്കമുള്ളവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാം.

logo
The Fourth
www.thefourthnews.in