രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വർധന; 2022-23 സാമ്പത്തിക വർഷം ജിഡിപി 7.2 ശതമാനം
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ(GDP) വൻ വർധന. ജനുവരി-മാർച്ച് ത്രൈമാസത്തിലെ ജിഡിപി 6.1 ശതമാനമായാണ് ഉയർന്നത്. മുൻ പാദത്തിലെ 4.4ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴാണിതെന്ന് ദേശീയ സ്റ്റാറ്റിക്കൽസ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. 2021-22 ലെ 9.1 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനം വർധിച്ചതായി കണക്കപ്പെടുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് മുന്‍ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുകയാണ്.
വിവിധ ഏജന്‍സികളുടെ കണക്കുകൂട്ടലുകളെ മറികടക്കുന്ന പ്രകടനമാണ് ജിഡിപി വളർച്ചയിലുണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയ വളർച്ച നിരക്ക് 4.4 ശതമാനമായിരുന്നു. അതേസമയം, കേന്ദ്രത്തിന്റെ ധനക്കമ്മി 2022ലെ 6.71 ശതമാനത്തിൽ നിന്ന് 2022-23ൽ ജിഡിപിയുടെ 6.4 ശതമാനമായി കുറഞ്ഞു. ഏപ്രിൽ ഒന്നിന് ആരംഭിച്ച സാമ്പത്തിക വർഷത്തിൽ 5.9 ശതമാനം ബജറ്റ് കമ്മിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ജനുവരി-മാർച്ച് കാലയളവിൽ വളർച്ചയെ ഏറ്റവും കൂടുതൽ സഹായിച്ചത് സേവന മേഖലയെന്നാണ് വിലയിരുത്തൽ. 2022-23 ലെ അവസാന പാദത്തിലെ വളർച്ചയുടെ കുതിപ്പിന് നേതൃത്വം നൽകിയത് നിർമാണ മേഖലയാണ്. രാകാർഷികം, ഫോറസ്ട്രി, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾ 2023 സാമ്പത്തിക വർഷത്തിൽ 4ശതമാനം വളർച്ചയാണ് നേടിയത്. തൊട്ട് മുൻപത്തെ സാമ്പത്തിക വർഷം ഇത് 3.5ശതമാനം വളർച്ചയായിരുന്നു.
2021-22 വര്‍ഷത്തിലെ ജിഡിപി 149.26 ലക്ഷം കോടിയായിരുന്നു. എന്നാല്‍ ഇത്തവണ അത് 160 ലക്ഷം കോടിയായെങ്കിലും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നാമമാത്രമായ ജിഡിപി 16.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2022-23 ല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 6.5 ശതമാനം ആയിരിക്കുമെന്നായിരുന്നു.