രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2022 ഡിസംബറിൽ 5.72 ശതമാനവും 2022 ജനുവരിയിൽ 6.01 ശതമാനവുമായിരുന്നു
Updated on
1 min read

ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 6.52 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ജനുവരി മുതൽ ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ടോളറൻസ് ലെവലായ 6 ശതമാനത്തിന് മുകളിലാണ്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2022 ഡിസംബറിൽ 5.72 ശതമാനവും 2022 ജനുവരിയിൽ 6.01 ശതമാനവുമായിരുന്നു. ഒക്ടോബറിലെ 6.77 ശതമാനമായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന നിരക്ക്.

ഭക്ഷ്യ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് റീട്ടെയില്‍ പണപ്പെരുപ്പത്തിന്റെ പ്രാധാന കാരണങ്ങളില്‍ ഒന്ന്. മുട്ട, സുഗന്ധ വ്യഞ്ജനങ്ങള്‍, ധാന്യങ്ങള്‍ മുതലായവയുടെ വിലയില്‍ ജനുവരിയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യ വിലയില്‍ വന്ന വര്‍ധനവ് 2022 ഡിസംബറില്‍ 4.19 ആയിരുന്നെങ്കില്‍ 2023 ജനുവരില്‍ ഇത് 5.94 ശതമാനമായി ഉയര്‍ന്നു. ഇത് ചില്ലറ പണപ്പെരുപ്പത്തിന്റെ ഏകദേശം 40 ശതമാനത്തോളം വരും.

ധാന്യങ്ങളുടെ വിലനിരക്ക് ഡിസംബറില്‍ 13.8 ശതമാനമായിരുന്നെങ്കില്‍ ജനുവരിയില്‍ ഇത് 16.1 ശതമാനമായി ഉയര്‍ന്നു. മുന്‍മാസങ്ങളില്‍ 8.5 ശതമാനമായിരുന്ന പാല്‍ ഉത്പ്പന്നങ്ങളുടെ നിരക്ക് 8.8 ശതമാനമായും, സുഗന്ധവ്യഞ്ജനങ്ങളുടെ നിരക്ക് 20.3 ശതമാനത്തില്‍ നിന്ന് 21.1 ശതമാനമായുമാണ് ഉയര്‍ന്നത്. അതേസമയം, 2022 ഡിസംബറില്‍ 15.1 ശതമാനമായിരുന്നു പച്ചക്കറികളുടെ വിലയില്‍ വന്ന ഇടിവ്. എന്നാല്‍, 2023 ജനുവരിയില്‍ ഇത് 11.7 ശതമാനമായി ഉയര്‍ന്നു.

ഇറച്ചി, മത്സ്യം എന്നിവയുടെ വില 5.1 ശതമാനത്തില്‍ നിന്ന് 6.04 ശതമാനമായി ഉയര്‍ന്നു. കൂടാതെ പഴങ്ങള്‍, പഞ്ചസാര, മിഠായി, പയര്‍ വര്‍ഗങ്ങള്‍, മദ്യം മറ്റ് പാനീയങ്ങള്‍ എന്നിവയ്ക്കും വിലവര്‍ധനവ് രേഖപ്പെടുത്തി.

അതേസമയം, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ നിരക്ക് 9.6 ശതമാനമായി കുറഞ്ഞിരുന്നെങ്കിലും, പിന്നീട് ചെരുപ്പിന്റെ വിലയില്‍ 10.5ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്. ഗതാഗതം, ആശയവിനിമയം മുതലായവയ്ക്ക് ഡിസംബറിലെ നിരക്ക് 11ശതമാനമായിരുന്നെങ്കില്‍ ജനുവരിയില്‍ ഇത് വീണ്ടും താഴ്ന്ന് 10.85 ശതമാനമായി കുറഞ്ഞു.

ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ പണപ്പെരുപ്പം 6.85 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ പണപ്പെരുപ്പം 6.85 ശതമാനമായി ഉയര്‍ന്നു. രാജ്യത്തിന്റെ നഗരപ്രദേശങ്ങളില്‍ ഇത് 6 ശതമാനമായി. 2023 ല്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലങ്കാനയിലാണ്. 8.6 ശതമാനം. ആന്ധ്രാപ്രദേശില്‍ 8.25 ശതമാനവും, മധ്യപ്രദേശില്‍ 8.13 ശതമാനവും, ഉത്തര്‍പ്രദേശില്‍ 7.45 ശതമാനവും, ഹരിയാനയില്‍ 7.05 ശതമാനവുമാണ് ചില്ലറ പണപ്പെരുപ്പം.

logo
The Fourth
www.thefourthnews.in