ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് വിലയിരുത്തൽ, റേറ്റിങ് ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാൻലി; ചൈനയെ തരംതാഴ്ത്തി
ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തി ആഗോള ധനകാര്യ സ്ഥാപനമായി മോര്‍ഗന്‍ സ്റ്റാന്‍ലി. 'ഓവര്‍ വെയ്റ്റ്' എന്ന സ്ഥാനത്തേക്കാണ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. അതേസമയം ചൈനയുടെ റേറ്റിങ് കുറച്ച് 'ഈക്വല്‍ വെയ്റ്റ്' എന്നതിലേക്ക് മാറ്റി. രാജ്യങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റേറ്റിങ് പുതുക്കിയത്.
ഇന്ത്യയുടെ സാമ്പത്തിക ശേഷി മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലിലാണ് റേറ്റിങ് ഉയർത്തി നിശ്ചയിച്ചത്. പരിഷ്‌കരണ നടപടികളുടെ ഫലമായി മൂലധന ചെലവ് ഉയര്‍ന്നതും ലാഭം വര്‍ധിച്ചതും പരിഗണിച്ചാണ് റേറ്റിങ് ഉയർത്തിയതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 'ഓവര്‍ വെയ്റ്റ്' കൊണ്ട് ലക്ഷ്യമാക്കുന്നതും അതാണ്.
ഇന്ത്യയുടെ മാക്രോ എക്കണോമിക് സ്‌റ്റെബിലിറ്റിയില്‍ വരുത്തിയ പരിഷ്കരണങ്ങള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിലടക്കം അനുകൂലമായ മാറ്റം കൊണ്ടുവരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്ക് കൂട്ടുന്നത്. വളര്‍ന്നുവരുന്ന മറ്റ് വിപണികളെ അപേക്ഷിച്ച് സുസ്ഥിരമാണ് ഇന്ത്യയെന്നും കണക്കാക്കുന്നു. അതേസമയം, ചൈനയുടെ റേറ്റിങ് താഴ്ത്തി ഈക്വല്‍ വെയ്റ്റ് റേറ്റിങ്ങിലേയ്ക്ക് മാറ്റുകയാണുണ്ടായത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തേജക പാക്കേജ് സാമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതല്ലെന്ന വിലയിരുത്തലിലാണ് തരംതാഴ്ത്തിയത്. ചൈനയുടെ തിരിച്ചുവരവ് ക്രമാനുഗതമായിരുക്കുമെന്നും ഓഹരി വിപണിയിലെ നേട്ടം നിലനിര്‍ത്താന്‍ ഇത് പര്യാപ്തമല്ലെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.