ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കും; 2024ൽ ധനക്കമ്മി 5.9 ശതമാനമായി നിജപ്പെടുത്തി

ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കും; 2024ൽ ധനക്കമ്മി 5.9 ശതമാനമായി നിജപ്പെടുത്തി

ധനക്കമ്മി 2025 -26 സാമ്പത്തിക വർഷത്തിൽ 4.5 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിർമല സീതാരാമൻ
Updated on
1 min read

ധനക്കമ്മി കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ബജറ്റ് 2023 - 24ല്‍ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വർഷം 6.4 ശതമാനമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. 2023-24ൽ അത് 5.9 ശതമാനമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ധനക്കമ്മി ഏകീകരിക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ച് 2025 -26 സാമ്പത്തിക വർഷത്തിൽ 4.5 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. സർക്കാരിന്റെ വരവ്- ചെലവ് കണക്കുകൾ തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. ചെലവഴിച്ച തുക ധനക്കമ്മിയിൽ എപ്പോഴും ഉയർന്നു നിൽക്കും.

2023-24ല്‍ കേന്ദ്രം 27.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 45 ലക്ഷം കോടി രൂപയായിരിക്കും ആകെ ചെലവെന്നാണ് വിലയിരുത്തല്‍. 23.3 ലക്ഷം കോടിയുടെ അറ്റ നികുതി (Net Tax Revenue) വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ കേന്ദ്രം വിപണിയില്‍ നിന്ന് 15.43 ലക്ഷം കോടി രൂപ കടമെടുക്കും. 2022-23ലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് 39 ലക്ഷം കോടി രൂപ ആയിരുന്നെങ്കിലും 41 ലക്ഷം കോടി രൂപയാക്കി പരിഷ്കരിച്ചിരുന്നു.

മൂലധന ചെലവിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും നിർമല സീതാരാമൻ പറഞ്ഞു. അതിന്റെ ഭാഗമായി മൂലധന ചെലവ് 7.5 ലക്ഷം കോടി എന്നത് ഉയർത്തി പത്ത് ലക്ഷം കോടിയാക്കി. കൂടാതെ സംസ്ഥാനങ്ങൾക്ക് അവരുടെ മൂലധന ചെലവിനായി പലിശ രഹിത വായ്പകളും അനുവദിച്ചു. മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനം വരെ ധനക്കമ്മിയാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in