തൊഴില്‍ നികുതി ആര് ചുമത്തണം? മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി
തൊഴില്‍ നികുതി ആരു ചുമത്തണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ മോദി അധ്യക്ഷത വഹിക്കും. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി, സംസ്ഥാനങ്ങള്‍ക്കു പകരം തദ്ദേശ സ്ഥാപനങ്ങള്‍ തൊഴില്‍ നികുതി ഈടാക്കുകയും പിരിക്കുകയും ചെയ്യണോ എന്നതാകും പ്രധാന ചര്‍ച്ചാവിഷയം.
കേരളം, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നികുതി ചുമത്താനും പിരിക്കാനും അധികാരമുള്ളത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 276 പ്രകാരം തൊഴില്‍, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളോ മുനിസിപ്പാലിറ്റികളോ ആണ് തൊഴില്‍ നികുതി ഈടാക്കുക. ശമ്പളമോ മറ്റു പ്രൊഫഷണല്‍ വരുമാനമോ നേടുന്നവരില്‍ നിന്ന് ഈടാക്കുന്ന നികുതി തുക പ്രതിവര്‍ഷം 2500 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ 21 സംസ്ഥാനങ്ങളാണ് ഇത്തരത്തില്‍ നികുതി ചുമത്തുന്നത്. കേരളം, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നികുതി ചുമത്താനും പിരിക്കാനും അധികാരമുള്ളത്. ഈ അധികാരം പൂര്‍ണമായും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയാല്‍ അവരുടെ വരുമാനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ വരുമാനം ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ജൂണില്‍ ധരംശാലയില്‍ നടന്ന സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍, വരുമാനം മെച്ചപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നികുതി ഈടാക്കാനും പിരിക്കാനുമുള്ള അധികാരം എങ്ങനെ നല്‍കാമെന്ന കാര്യം പ്രധാനമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. നഗര ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി അതീവ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും, ഈ മേഖല മെച്ചപ്പെടുത്തുന്നതിനായി നിരവധി നൂതന ആശയങ്ങള്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. കൂടാതെ, കൃഷി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യും. വിള വൈവിധ്യവല്‍ക്കരണം, എണ്ണക്കുരുക്കളിലും പയര്‍വര്‍ഗങ്ങളിലും മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളിലും സ്വയംപര്യാപ്തത കൈവരിക്കല്‍, ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
നിലവില്‍ കെട്ടിട നികുതിയില്‍ നിന്നും ഉപയോക്തൃ നികുതിയില്‍ നിന്നുമുളള സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് കാരണം ഇന്ത്യയിലെ പല തദ്ദേശസ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി അപകടത്തിലാണ്.
നിലവില്‍ കെട്ടിട നികുതിയില്‍ നിന്നും ഉപയോക്തൃ നികുതിയില്‍ നിന്നുമുളള സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് കാരണം ഇന്ത്യയിലെ പല തദ്ദേശസ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി അപകടത്തിലാണ്. ജിഡിപിയിലെ മൊത്തം മുനിസിപ്പല്‍ വരുമാനത്തില്‍ 2012-13ല്‍ 0.49 ശതമാനവും 2017-18ല്‍ 0.45 ശതമാനവും വിഹിതം കുറഞ്ഞെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് 2020ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഇത് മുനിസിപ്പാലിറ്റികള്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍..
ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേണിങ് കൗണ്‍സിലിന്റെ അജണ്ട സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും നിലപാട് ഏറെ നിര്‍ണായകമാണ്. തദ്ദേശസ്ഥാപനങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മറ്റു വഴികളും യോഗം ചര്‍ച്ച ചെയ്യും.