റിസർവ് ബാങ്ക്
റിസർവ് ബാങ്ക്

'ബാങ്കിങ് മേഖല സുരക്ഷിതം, സുസ്ഥിരം'; അദാനി ഓഹരികളുടെ തകർച്ച ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്

അദാനി വിഷയത്തിലുള്ള ആർബിഐയുടെ ആദ്യ പ്രതികരണമാണിത്
Updated on
2 min read

അദാനി ഓഹരികളുടെ തകർച്ചയും പ്രതിസന്ധിയും രാജ്യത്തെ ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ബാങ്കിങ് മേഖല സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ആർബിഐ വ്യക്തമാക്കി. ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയ വായ്പകളുടെ വിശദാംശങ്ങളടക്കം പരിശോധിച്ചെന്നും ആർബിഐ വ്യക്തമാക്കി. മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, ലാഭക്ഷമത എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും പരിശോധിച്ചു. എല്ലാ മാർഗനിർദേശങ്ങളും ബാങ്കുകൾ കൃത്യമായി പാലിക്കുന്നുണ്ട്. അതേസമയം ബാങ്കുകളുടെ മേലുള്ള നിരീക്ഷണവും ജാഗ്രതയും തുടരുകയാണെന്നും ആർബിഐ വ്യക്തമാക്കി.

സെൻട്രൽ റിപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്സ് എന്ന പേരില്‍ ആർബിഐ ഒരു ഡാറ്റാബേസ് സൂക്ഷിക്കുന്നുണ്ട്

അദാനി ഗ്രൂപ്പിന്റെ പേര് പരാമർശിക്കാതെയാണ് പ്രതികരണം. ഒരു ബിസിനസ് കമ്പനിയുമായുള്ള ഇന്ത്യൻ ബാങ്കുകളുടെ വായ്പാ ഇടപാടുകളെ കുറിച്ച് ആശങ്കയുളവാക്കുന്ന മാധ്യമ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് പ്രതികരിക്കുന്നതെന്നാണ് വിശദീകരണം. വിഷയത്തിലുള്ള ആർബിഐയുടെ ആദ്യ പ്രതികരണമാണിത്. സെൻട്രൽ റിപ്പോസിറ്ററി ഓഫ് ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്സ് എന്ന പേരില്‍ ആർബിഐ ഒരു ഡാറ്റാബേസ് സൂക്ഷിക്കുന്നുണ്ട്. അഞ്ച് കോടി രൂപയോ അതിനു മുകളിലോ ഉള്ള വായ്പാ ഇടപാടുകള്‍ ബാങ്കുകൾ ഇതില്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആർബിഐ വ്യക്തമാക്കുന്നു. നിരീക്ഷണ ആവശ്യങ്ങൾക്കായാണ് ഈ ഡാറ്റാബേസ് ഉപയോഗിക്കുന്നത്.

റിസർവ് ബാങ്ക്
'88 ചോദ്യങ്ങളില്‍ ഒന്നിന് പോലും മറുപടി പറഞ്ഞില്ല'; അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍‌ ഉറച്ച് ഹിൻഡൻബർഗ്

വ്യാഴാഴ്ച ബാങ്കുകളോട് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളുടെ വിവരങ്ങള്‍ നല്‍കാൻ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. നിക്ഷേപകരെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നു എന്ന തരത്തിലുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്. ഓഹരികളിലെ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ഷെല്‍ കമ്പനികളിലൂടെയുള്ള ഇടപെടലുകളും നടന്നു എന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചും അദാനിഗ്രൂപ്പിന്‌റെ ഓഹരിമൂല്യത്തെ കുറിച്ചും ഇതോടെ ആശങ്ക ഉയര്‍ന്നു. ഓഹരിവിപണിയില്‍ തുടര്‍ച്ചയായി മൂല്യം ഇടിഞ്ഞത് വലിയ തിരിച്ചടിയുമായി. ഇതിന് പിന്നാലെ ബുധനാഴ്ച രാത്രി 20,000 കോടിയുടെ എഫ്പിഒ റദ്ദാക്കാനുള്ള തീരുമാനം അദാനി ഗ്രൂപ്പ് കൈക്കൊണ്ടിരുന്നു.

റിസർവ് ബാങ്ക്
ഹിൻഡൻബർഗ് റിപ്പോർട്ട് തിരിച്ചടിയായി; ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് നഷ്ടം 46,000 കോടി രൂപ, ആരോപണങ്ങൾ തള്ളി കമ്പനി

അദാനി എന്റര്‍പ്രൈസസിന്‌റെ ഓഹരി 26 ശതമാനത്തിലേറെയാണ് വ്യാഴാഴ്ച ഇടിഞ്ഞത്. പത്തില്‍ എട്ട് സ്റ്റോക്കുകളും നഷ്ടത്തിലായിരുന്നു. ഓഹരി ഇടിവ് തുടര്‍ന്നതോടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനിയുടെ നില വീണ്ടും താഴേക്ക് പോയി. മൂന്നാം സ്ഥാനത്ത് നിന്നാണ് ദിവസങ്ങള്‍ക്കകം അദാനി 16ാം സ്ഥാനത്തേക്ക് എത്തിയത്. പ്രതിസന്ധി തുടരുന്നതിനിടെയാണ് വിഷയത്തില്‍ റിസര്‍വ് ബാങ്ക് പ്രതികരിച്ചിരിക്കുന്നത്.

റിസർവ് ബാങ്ക്
'നിക്ഷേപകരുടെ താത്പര്യം പരമപ്രധാനം'; എഫ് പി ഒ പിന്‍വലിച്ചത് ധാര്‍മിക നടപടിയെന്ന് അദാനി

അദാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യതയായ രണ്ട് ലക്ഷം കോടി രൂപയുടെ 40 ശതമാനവും ബാങ്കുകളില്‍ നിന്നെടുത്തതായാണ് പുറത്തുവരുന്ന കണക്ക്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയും അദാനി ഗ്രൂപ്പിന്റെ കടങ്ങള്‍ ആസ്തികള്‍ കൊണ്ട് സുരക്ഷിതമെന്നായിരുന്നു ബാങ്കുകളുടെ പ്രതികരണം. ലോണുകള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ അദാനി ഗ്രൂപ്പ് വഴി നടക്കുന്നുണ്ടെന്നായിരുന്നു ബാങ്കുകള്‍ അവകാശപ്പെട്ടത്. വായ്പ അനുവദിക്കാനുള്ള ശേഷിയെ ഇപ്പോഴത്തെ സംഭവ വികാസങ്ങളോ വിപണിയിലെ ഇടിവോ ബാധിച്ചിട്ടില്ലെന്നായിരുന്നു വാദം.

റിസർവ് ബാങ്ക്
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ വായ്പാ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. 23,000 കോടി രൂപയുടെ വായ്പ് എസ്ബിഐ നല്‍കിയെന്നാണ് അനൗദ്യോഗിക വിവരം. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളായി രാജ്യത്തെ ബാങ്കുകള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള കടം അവരുടെ മൊത്തം കടവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടറായ സ്വാമിനാഥന്‍ ജെ പറഞ്ഞിരുന്നു. ഗ്രൂപ്പിന്റെ കൂടുതല്‍ ഇടപാടുകളും വിദേശത്തു നിന്നും ഓഹരി വിപണിയില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in