18 രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് രൂപയില്‍ വിനിമയ അനുമതി നല്‍കി ആര്‍ബിഐ
18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് ഇന്ത്യൻ രൂപയിൽ വിനിമയം നടത്താൻ അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രൂപയിൽ വിനിമയം നടത്താനായി പ്രത്യേക വോസ്ട്രോ റുപ്പി അക്കൗണ്ടുകൾ (എസ്‍വിആർഎ) തുറക്കാൻ ആർബിഐ അനുമതി നൽകിയതായി കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു. ഇന്ത്യയിലെ അംഗീകൃത ഡീലർ (എഡി) ബാങ്കുകളെ സമീപിച്ച് പങ്കാളിത്ത രാജ്യങ്ങളിലെ ബാങ്കുകൾക്ക് വോസ്ട്രോ റുപ്പി അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻറാവു കരാദ് അറിയിച്ചു.
റഷ്യ- യുക്രെയ്‌ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ പാശ്ചാത്യ ഉപരോധം ശക്തിപ്പെട്ടതിന്റെ ഭാഗമായുണ്ടായ ചരക്ക് പ്രതിസന്ധി മറികടക്കാനാണ് ആർബിഐ രൂപയില്‍ വിനിമയം നടത്താനുള്ള പ്രഖ്യാപനമിറക്കിയത്
കയറ്റുമതി വർധിപ്പിക്കുന്നതിനായാണ് പ്രാദേശിക കറൻസിയിൽ വ്യാപാരം എന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നത്. ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രയേൽ, കെനിയ, തുടങ്ങി 18 രാജ്യങ്ങളിൽ നിന്നുള്ള ആഭ്യന്തര, വിദേശ എഡി ബാങ്കുകള്‍ക്കാണ് എസ്‍വിആർഎകൾ തുറക്കാന്‍ സാധിക്കുക. മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാന്റ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നിവയും പട്ടികയില്‍ ഉള്‍പ്പെടും. ഡീ ഡോളറൈസേഷന്റെ ഭാഗമായി റഷ്യ വ്യാപാരങ്ങള്‍ മുന്‍പ് തന്നെ പ്രാദേശിക കറന്‍സിയിലേക്ക് മാറ്റിയിരുന്നു.
ഇൻവോയ്സിങ്, പേയ്മെന്റ്, കയറ്റുമതി, ഇറക്കുമതി, സെറ്റിൽമെന്റ് എന്നിവയ്ക്കായി രൂപ ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചതോടെയാണ് 2022 ജൂലൈയിൽ എസ്‍വിആർഎ നടപടികള്‍ ആരംഭിച്ചത്. റഷ്യ- യുക്രെയ്‌ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ പാശ്ചാത്യ ഉപരോധം ശക്തിപ്പെട്ടതിന്റെ ഭാഗമായുണ്ടായ ചരക്ക് പ്രതിസന്ധി മറികടക്കാനാണ് ആർബിഐ ഇത്തരത്തിലൊരു പ്രഖ്യാപനമിറക്കിയത്. യുദ്ധകാല ഉപരോധങ്ങള്‍ വിതരണ ശൃംഖലയെയും ആഗോള വ്യാപാര ഒഴുക്കിനെയും തടസ്സപ്പെടുത്തുന്നതില്‍ നിന്ന് പ്രാദേശിക കറൻസികളിലെ വ്യാപാരം ഒരു പരിധിവരെ പരിഹാരമാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ പങ്കാളിത്ത രാജ്യങ്ങളുമായി ഇന്ത്യ പുതിയ വ്യാപാര കരാറുകളില്‍ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകള്‍ സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ഇത്തരം വ്യാപാരങ്ങളില്‍ പുതിയ വിനിമയ രീതികള്‍ സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.