അദാനി ഗ്രൂപ്പിന്റെ വിദേശ ഇടപാടുകളില്‍ ചട്ടലംഘനമുണ്ടോ? അന്വേഷണമാരംഭിച്ച് സെബി
അദാനി ഗ്രൂപ്പിന്റെ വിദേശ ഇടപാടുകളില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷിക്കുന്നു. മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ 'റിലേറ്റഡ് പാർട്ടി' ഇടപാട് നിയമം ലംഘിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ളതാണ് ഈ മൂന്ന് സ്ഥാപനങ്ങളും.
13 വർഷമായി ഗൗതം അദാനിയുടെ പോർട്ട് ടു പവർ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് സ്ഥാപനങ്ങളും നിരവധി നിക്ഷേപ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഇവയുടെ ഗുണഭോക്താവായ ഉടമയോ ഡയറക്‌ടറോ അല്ലെങ്കിൽ മൂന്ന് സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളോ ആണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യൻ നിയമപ്രകാരം, ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമകളുടെ നേരിട്ടുള്ള ബന്ധുക്കൾ, പ്രൊമോട്ടർ ഗ്രൂപ്പുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ബന്ധപ്പെട്ട കക്ഷികളായി (റിലേറ്റഡ് പാർട്ടി) കണക്കാക്കപ്പെടുന്നു. കമ്പനിയിൽ വലിയ ഷെയർ ഹോൾഡിങ് ഉള്ളതും കമ്പനി നയത്തെ സ്വാധീനിക്കാൻ കഴിയുന്നതുമായ ഒരു സ്ഥാപനത്തെയാണ് പ്രൊമോട്ടർ ഗ്രൂപ്പായി കണക്കാക്കുന്നത്. അത്തരം സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾ റെഗുലേറ്ററി ബോർഡിലും പബ്ലിക് ഫയലിങ്ങുകളിലും വെളിപ്പെടുത്തുകയും വേണം.
അതേസമയം ഒരു നിശ്ചിത പരിധിക്ക് മുകളില്‍ ഇടപാടുകള്‍ നടത്താൻ ഷെയർഹോൾഡർ അംഗീകാരം ആവശ്യമാണ്. ഈ നിയമങ്ങളിലുള്ള ലംഘനത്തിന് പിഴ ഈടാക്കണം. വിഷയത്തില്‍ സെബി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മൗറീഷ്യസ് ആസ്ഥാനമായുള്ള ക്രുനാൽ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഗാർഡേനിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ദുബായിലെ ഇലക്‌ട്രോജൻ ഇൻഫ്ര എന്നിവയാണ് അന്വേഷണവിധേയമായ വിനോദ് അദാനിയുമായി ബന്ധപ്പെട്ട വിദേശ സ്ഥാപനങ്ങൾ.
വിനോദ് അദാനി കുടുംബത്തിലെ അംഗമാണെന്നും പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമാണെന്നും എന്നാൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും അദാനി സ്ഥാപനങ്ങളിലോ അവയുടെ അനുബന്ധ സ്ഥാപനങ്ങളിലോ അദ്ദേഹം മാനേജർ പദവി വഹിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു.
നിക്ഷേപകരെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്. ഓഹരികളിലെ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ഷെല്‍ കമ്പനികളിലൂടെയുള്ള ഇടപെടലുകളും നടന്നുവെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇതിനുപിന്നാലെ, ഓഹരികളുടെ ആകെ നഷ്ടം 10,000 കോടി ഡോളറിന് മുകളിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തുന്ന ഇടപെടല്‍ അദാനി ഗ്രൂപ്പില്‍നിന്ന് ഉണ്ടായോ യെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സെബിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിനോദ് അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യൻ നിയമത്തിനും അക്കൌണ്ടിങ് മാനദണ്ഡങ്ങൾക്കും കീഴിൽ 'റിലേറ്റഡ് പാർട്ടി' ആയി യോഗ്യത നേടിയ സ്ഥാപനങ്ങളുമായി നടത്തിയ എല്ലാ ഇടപാടുകളും കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപണങ്ങൾക്ക് നല്‍കിയ 413 പേജുള്ള മറുപടിയിൽ അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.