2,000 രൂപയ്ക്ക് മുകളില്‍ യുപിഐ മർച്ചന്റ് ഇടപാടുകൾക്ക് 1.1 ശതമാനം ചാര്‍ജ് ; സാധാരണ ഇടപാടുകള്‍ക്ക് ബാധകമാകില്ല
പേടിഎം, ഗൂഗിള്‍ പേ പോലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പണമിടപാടുകൾക്ക് സർചാർജ് ഏർപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ശുപാർശ. യുപിഐയിലെ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1 ശതമാനം ഫീസാണ് ഈടാക്കുക. സാധാരണ ഇടപാടുകള്‍ക്ക് ചാര്‍ജ് ബാധകമല്ല.
വ്യാപാര ഇടപാടുകൾക്കാണ് അധിക നിരക്ക് ബാധകമാകുക. ഇടപാടുകൾ സ്വീകരിക്കുക, പ്രൊസസ് ചെയ്യുക, അംഗീകാരം നൽകുക എന്നീ ചെലവുകൾ നികത്തുന്നതിനാണ് ഫീസ് ഈടാക്കുന്നതെന്ന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇടപാടുകൾ കൂടുതൽ ചെലവേറിയതായേക്കും.
സർക്കുലർ പ്രകാരം, സാധനങ്ങളുടെയും സേവനങ്ങളുടെയും വ്യാപാര ഇടപാടുകൾക്ക് ഫീസിന്റെ 15 ബേസിസ് പോയിന്റുകൾ പണമയക്കുന്ന ബാങ്കിൽ അടയ്ക്കണം. യുപിഐ ഇടപാടുകളുടെ ഉയർന്ന ചെലവിൽ ബുദ്ധിമുട്ടുന്ന ബാങ്കുകളുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീക്കം. 2023 സെപ്റ്റംബർ 30-നകം ഇന്റർചേഞ്ച് നിരക്കുകൾ അവലോകനം ചെയ്ത് തീരുമാനിക്കും.
ഇന്ത്യയിലെ പേയ്‌മെന്റ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആയിരിക്കും പുതിയ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കുക
ഇനി മുതൽ എല്ലാ ഇടപാടിനും അധിക നിരക്ക് നൽകേണ്ടി വരുമോ?
ഉപയോക്താക്കൾക്ക് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തൽക്ഷണം പണം കൈമാറാൻ സാധിക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയവും കൂടുതൽ ഉപയോഗിക്കുന്നതുമായ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. അതേസമയം, പിപിഐകൾ ഡിജിറ്റൽ വാലറ്റുകളാണ്, അത് ഉപയോക്താക്കളെ പണം സംഭരിക്കാനും അതുവഴി പേയ്‌മെന്റുകൾ നടത്താനും അനുവദിക്കുന്നു. പേടിഎം , ഫോൺപേ, ഗൂഗിൾ പേ എന്നിവയുൾപ്പെടെ രണ്ട് പിപിഐകളാണ് ഇന്ത്യയിൽ പ്രധാനമായുമുള്ളത്.
ഒരു ഇടപാട് നടത്തുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിൽ നിന്ന് ഈടാക്കുന്ന ഫീസാണ് ഇന്റർചേഞ്ച് ഫീസ്. യുപിഐ ഇടപാടുകളുടെ കാര്യത്തിൽ, പേയ്‌മെന്റ് സ്വീകരിക്കുന്ന വ്യക്തിയുടെയോ വ്യാപാരിയുടെയോ ബാങ്കാണ് പണം അയയ്ക്കുന്നയാളുടെ ബാങ്കിനുള്ള ഇന്റർചേഞ്ച് ഫീസ് നൽകുന്നത്. മൊബൈൽ വാലറ്റുകൾ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐകൾ) ഉപയോഗിച്ച് 2,000 രൂപയിൽ കൂടുതൽ തുക സ്വീകരിക്കുന്ന വ്യാപാരികൾക്ക് മാത്രമേ പുതിയ ഫീസ് ബാധകമാകൂ.അതുകൊണ്ട് തന്നെ യുപിഐ ഉപയോഗിച്ച് വ്യക്തിഗത ഇടപാടുകൾ നടത്തുന്ന വ്യക്തികൾക്ക് അധിക ഫീസ് നൽകേണ്ടി വരില്ല.
ഇന്ത്യയിലെ പേയ്‌മെന്റ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആയിരിക്കും പുതിയ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ എൻപിസിഐ അതിന്റെ നിർദേശം ആർബിഐക്ക് സമർപ്പിച്ചിരിക്കുകയാണ്.