ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ തളരുമോ  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; സാധാരണക്കാരന്റെ ജീവിതം താറുമാറാകും?

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ തളരുമോ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; സാധാരണക്കാരന്റെ ജീവിതം താറുമാറാകും?

ഇസ്രായേലിനെതിരെ ഇറാന്റെ നേരിട്ടുള്ള ഏറ്റവും വലിയ ആക്രമണത്തെത്തുടര്‍ന്ന് ബുധനാഴ്ച എണ്ണ വില മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു
Updated on
2 min read

മിഡില്‍ ഈസ്റ്റിനെ ആശങ്കയുടെയും ഭീതിയുടെയും വക്കിലെത്തിച്ചിരിക്കുകയാണ് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം. ഇരുരാജ്യങ്ങളും തുറന്ന യുദ്ധത്തിലേക്ക് പോയാല്‍ അതിന്റെ ഭവിഷത്ത് ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. രാജ്യത്തിന്റെ ഇന്ധന ആവശ്യത്തിന്റെ ബഹുഭൂരിപക്ഷവും പൂര്‍ത്തീകരിക്കുന്നത് മിഡില്‍ ഈസ്റ്റാണ് എന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ടു മാത്രം രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനാകില്ല. ഈ അവസ്ഥയില്‍ ഒരു സമ്പൂര്‍ണയുദ്ധത്തിലേക്ക് മേഖല മാറുകയും എണ്ണ വിതരണം തടസപ്പെടുകയും ചെയ്താൽ അതിന്റെ ദൂരവ്യാപകമായ ആഘാതം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയാണ്.

ഇസ്രായേലിനെതിരെ ഇറാന്റെ നേരിട്ടുള്ള ഏറ്റവും വലിയ ആക്രമണത്തെത്തുടര്‍ന്ന് ബുധനാഴ്ച എണ്ണ വില മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. ആക്രമണത്തിനു മറുപടിയായി ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയെ നേരിടാന്‍ ഇസ്രായേല്‍ ലെബനനിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചതോടെ മേഖയയില്‍ യുദ്ധസമാനമായ പ്രതീതിയിലാണ്. ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില 3.07% ഉയര്‍ന്ന് ബാരലിന് 75.82 ഡോളറിലാണ് എത്തിയത്.

റഷ്യന്‍ എണ്ണ സഹായിക്കുമോ?

ഓഗസ്റ്റില്‍ ഇന്ത്യയുടെ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണയുടെ പങ്ക് ഏകദേശം 36% ആയി കുറഞ്ഞിട്ടുണ്ട്. ഇത് തുടര്‍ച്ചയായ അഞ്ച് മാസത്തെ വളര്‍ച്ചയ്ക്ക് ശേഷമുള്ള ഇടിവാണ്. ജൂലൈയില്‍, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44% റഷ്യന്‍ എണ്ണയായിരുന്നു. നേരെമറിച്ച്, മിഡില്‍ ഈസ്റ്റേണ്‍ എണ്ണയുടെ വിഹിതം ഓഗസ്റ്റില്‍ 44.6% ആയി ഉയര്‍ന്നു, ജൂലൈയില്‍ 40.3% ആയിരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ, ഈ പ്രദേശത്തിന്റെ വിഹിതം ഒരു വര്‍ഷം മുമ്പത്തെ 46% ല്‍ നിന്ന് ഏകദേശം 44% ആയി കുറഞ്ഞിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ വിതരണക്കാര്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ്.

ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) ഇന്ത്യയുടെ പ്രധാന വിതരണക്കാരന്‍ ഖത്തറാണ്. ഫെബ്രുവരിയില്‍, എല്‍എന്‍ജി ഇറക്കുമതി 20 വര്‍ഷം കൂടി നീട്ടുന്നതിനായി ഖത്തറുമായി 78 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ തളരുമോ  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; സാധാരണക്കാരന്റെ ജീവിതം താറുമാറാകും?
ലെബനനില്‍ തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

പ്രധാന കപ്പല്‍ റൂട്ടുകള്‍ അടഞ്ഞേക്കാം

ഇറാനും ഇസ്രായേലും തമ്മിലുള്ള സമ്പൂര്‍ണ യുദ്ധം എന്നത് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ട് പ്രധാന പാതകളെ തടസ്സപ്പെടുത്തും, ചെങ്കടലും ഹോര്‍മുസ് കടലിടുക്കും. റഷ്യയില്‍ നിന്ന് ഇന്ത്യ ചെങ്കടല്‍ പാതയിലൂടെയാണ് എണ്ണ ഇറക്കുമതി ചെയ്യുന്നുത്. യുദ്ധ സാഹചര്യം നിലവില്‍ വന്നാല്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് മാര്‍ഗത്തെ ഇന്ത്യ ആശ്രയിക്കേണ്ടിവരും. ഇത് വന്‍സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനു വരുത്തിവയ്ക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഇറക്കുമതിക്ക് നിര്‍ണായകമായത് ഹോര്‍മുസ് കടലിടുക്കാണ്. അതിലൂടെ ഖത്തറില്‍ നിന്ന് എല്‍എന്‍ജിയും ഇറാഖില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും എണ്ണയും ഇറക്കുമതി ചെയ്യുന്നുണ്ട്.

ഒമാനിനും ഇറാനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷ്യന്‍ ഗള്‍ഫിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയില്‍ അറബിക്കടലിലേക്ക് നയിക്കുന്ന നിര്‍ണായക പാതയാണ്. ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാര്‍ഗമാണ്. ഗള്‍ഫിലെ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളെ ലോകമെമ്പാടുമുള്ള റിഫൈനറികളുമായി ബന്ധിപ്പിക്കുന്നതും ഈ പാതയാണ്. ഈ പാതയിലെ ഗതാഗതം തടസപ്പെട്ടാല്‍ അത് എണ്ണ ഇറക്കുമതിയില്‍ കാര്യമായ കാലതാമസമുണ്ടാക്കും, ഇത് ആഗോള ഊര്‍ജ വിലയില്‍ ഗണ്യമായ വര്‍ധനവിന് കാരണമാകും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും എല്‍എന്‍ജിയുടെ പകുതിയും ഹോര്‍മുസ് വഴിയാണ് വരുന്നതെന്നതിനാല്‍ ഈ റൂട്ട് ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമാണ്.

ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ തളരുമോ  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; സാധാരണക്കാരന്റെ ജീവിതം താറുമാറാകും?
'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

ബാധിക്കുക മധ്യവര്‍ഗത്തെയും സാധാരണക്കാരേയും

ഇന്ത്യ എണ്ണയുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍ എണ്ണ വിലയിലെ വര്‍ധനവ് മുഴുവന്‍ സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്ന് ഉറപ്പാണ്. ഇന്ധന വിതരണത്തിലുണ്ടാകുന്ന തടസം പണപ്പെരുപ്പത്തിലേക്ക് നയിക്കും. ഇത് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നും വ്യക്തമാണ്. വിവിധതരം വായ്പകളെ ആശ്രയിക്കുന്ന ഭൂരിപക്ഷം ജനങ്ങള്‍ക്കും വന്‍സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിലേക്ക് ഇത്തരമൊരു അവസ്ഥ കൊണ്ടെത്തിക്കും. ഇന്ധനത്തിന് വന്‍തോതില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാല്‍, എണ്ണവിലയിലെ ആഘാതം അതിന്റെ മറ്റ് ചെലവുകള്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനെ കാര്യമായി ബാധിക്കും. ഇത്തരത്തിലുണ്ടാകുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും കടുത്ത തിരിച്ചയുമാകും.

logo
The Fourth
www.thefourthnews.in