ചൈനീസ് ലോണ്‍ ആപ്പ് കേസ്: റെയ്ഡില്‍ 17 കോടി പിടിച്ചെടുത്ത് ഇ ഡി
ചൈനീസ് ലോണ്‍ കമ്പനികളുടെ അതിവേഗ വായ്പാ തട്ടിപ്പിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി വിവിധ പേയ്മെന്റ് ഗേറ്റ്‌വേകളുടെ ബംഗളൂരു ഓഫീസുകളില്‍ ഇ ഡി റെയ്ഡ് നടത്തി. പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ കമ്പനികളില്‍ നടത്തിയ റെയ്ഡില്‍ 17 കോടിയിലേറെ രൂപ പിടിച്ചെടുത്തു. ചൈനീസ് ലോണ്‍ ആപ്പ് കമ്പനികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള കണക്കില്‍പ്പെടാത്ത തുകയാണ് പിടിച്ചെടുത്തതെന്ന് ഇ ഡി അറിയിച്ചു.
വായ്പാ ആപ്പുകൾ ഇന്ത്യക്കാരുടെ പേരില്‍ രേഖകള്‍ വ്യാജമായി നിര്‍മിച്ച് ഡയറക്ടര്‍മാരായി കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പേയ്മെന്റ് ഗേറ്റ്‌വേകളിലും ഇടപാടുകള്‍ നടത്തുന്നത് വ്യാജ വിലാസം ഉപയോഗിച്ച് തന്നെ. അന്വേഷണം ആരംഭിച്ചതിന് ശേഷം ഈ കമ്പനികളില്‍ പലതും ക്രിപ്റ്റോ കറന്‍സി ആസ്തികളിലേക്ക് തിരിയുന്നതിനായി വലിയ തുക വകമാറ്റിയതായും ഇ ഡി കണ്ടെത്തി. പ്രമുഖ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ വസീര്‍എക്സിന്റെ അക്കൗണ്ടുകളില്‍ നിന്ന് 64 കോടി രൂപ ഇത്തരത്തില്‍ മരവിപ്പിച്ചിരുന്നു.
ബംഗളൂരു സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 18 കേസുകളിലാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നടക്കുന്നത്. ഓൺലൈൻ വായ്പ നൽകി പൊതുജനങ്ങളെ കൊള്ളയടിക്കുകയും ഉപദ്രവിക്കുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെയാണ് കേസ്. വിവിധ ആപ്പുകളില്‍ പന്തയം വയ്ക്കാന്‍ ആളുകളെ ആകര്‍ഷിക്കുന്നതാണ് ഇവരുടെ രീതി. ഏജന്റുമാര്‍ക്ക് പണം ശേഖരിക്കാനും കമ്മീഷന്‍ നല്‍കാനുമാണ് പേടിഎമ്മും ക്യാഷ്ഫ്രീയും പ്രധാനമായും ഉപയോഗപ്പെടുത്തിയത്.
കെവൈസിയും മറ്റ് വിശദാംശങ്ങളും നല്‍കി പൂര്‍ണമായും ഇ ഡി റെയ്ഡിനോട് സഹകരിച്ചുവെന്ന് റേസര്‍പേ പ്രതികരിച്ചു. എല്ലാ വിവരങ്ങളും ഇ ഡിക്ക് കൈമാറിയെന്ന് ക്യാഷ്ഫ്രീയും അറിയിച്ചു. എന്നാല്‍ പേടിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.