പോളണ്ടില്‍ ഹിറ്റായ 'മലയാളി' ബിയര്‍; രണ്ട് മാസത്തിനിടെ വിറ്റത് 50,000 കുപ്പി
പല പേരുകളിലുള്ള ബിയര്‍ വിപണിയിലുണ്ട്. ഇന്ത്യന്‍ നിര്‍മിതവും വിദേശിയുമൊക്കെ പല ബ്രാന്‍ഡുകളില്‍, പേരുകളില്‍ വിപണിയിലെത്തുന്നുണ്ട്. അതിനൊക്കെ ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ 'മലയാളി' എന്ന പേരില്‍ ബിയര്‍ ഇറക്കിയാലോ? വെറുതെ ഓരോരോ തോന്നല്‍ എന്ന് പറയാന്‍ വരട്ടെ. മലയാളി എന്ന പേരില്‍ ബിയറുണ്ട്, അതും യൂറോപ്യന്‍ രാജ്യത്ത്. അതിന്റെ പിന്നിലുമൊരു മലയാളിയാണ്. രണ്ട് മലയാളിയും അവിടെ ഹിറ്റാണ്.
യൂറോപ്യന്‍ രാജ്യമായ പോളണ്ടിലാണ് മലയാളി ബിയര്‍ വിപണിയിലുള്ളത്. പാലക്കാട് സ്വദേശിയും പോളണ്ടില്‍ സ്ഥിരതാമസവുമാക്കിയ ചന്ദ്രമോഹന്‍ നല്ലൂരാണ് മലയാളി സംരംഭത്തിന് പിന്നില്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ, അവില്‍ വിതരണം ചെയ്യാനാവാതെ വലഞ്ഞ ആഫ്രിക്കന്‍ ബിസിനസ് സുഹൃത്തിനെ സഹായിക്കാനുള്ള ചന്ദ്രമോഹന്റെ ആലോചനകളാണ് ബിയര്‍ ഉത്പാദനത്തില്‍ എത്തിച്ചേര്‍ന്നത്. യുദ്ധത്തെതുടര്‍ന്ന് വിതരണം ചെയ്യാനാവാതെ കെട്ടിക്കിടന്നത് അഞ്ച് കണ്ടെയ്നര്‍ അവിലായിരുന്നു. അത്രയും അവില്‍ സംഭരിച്ചുവെക്കാന്‍ പറ്റുന്ന സ്ഥലമോ, സൗകര്യമോ ഇല്ലായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം ആക്കിയാല്‍ പോലും മിച്ചം വരുന്ന സാഹചര്യമായിരുന്നു.
അങ്ങനെയിരിക്കെയാണ് ഇന്ത്യയ്ക്ക് പുറത്ത് ഉത്പാദിപ്പിക്കുന്ന കൊമ്പന്‍ ബിയറിനെ കുറിച്ച് വായിക്കാനിടയായത്. അതോടെ അവിലില്‍ നിന്നുള്ള ബിയര്‍ എന്ന ആശയം ഉദിച്ചു. പോളണ്ടിലെ ഒരു റസ്റ്റാേറന്റ് വാങ്ങാമെന്ന് അറിയിച്ചതോടെ ആവേശം വര്‍ധിച്ചു. എന്നാല്‍ ബിയര്‍ ഉത്പാദനം അത്ര എളുപ്പമായിരുന്നില്ലെന്ന് ചന്ദ്രമോഹന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിലാണ് ചേരുവകള്‍ എല്ലാം കൃത്യമായി വന്നത്.
ബിയര്‍ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനും മലയാളി ടച്ചുണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിങ് ഗ്ലാസ് ധരിച്ച കൊമ്പന്‍ മീശയുള്ള ഒരു ‘മലയാളി’യെ അതില്‍ കാണാം.
ബിയറിന് എന്ത് പേരിടും എന്നതായിരുന്നു അടുത്ത ചോദ്യം. എന്നാല്‍ ചന്ദ്രമോഹന് അധികം ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ മലയാളി പിറന്നു. പേര് ക്ലിക്കായതോടെ ട്രേഡ് മാര്‍ക്കിനും അപേക്ഷിച്ചു. ബിയര്‍ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനും മലയാളി ടച്ചുണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിങ് ഗ്ലാസ് ധരിച്ച കൊമ്പന്‍ മീശയുള്ള ഒരു ‘മലയാളി’യെ അതില്‍ കാണാം. ബിയര്‍ ഉത്പാദന സംരംഭത്തില്‍ ചന്ദ്രമോഹന്റെ പങ്കാളിയും ഒരു മലയാളിയാണ്, ബ്രാന്‍ഡിങ് വിദഗ്ധനായ സര്‍ഗീവ് സുകുമാരന്‍. പേരിനൊപ്പം ബിയറും ഹിറ്റായപ്പോള്‍ രണ്ട് മാസത്തിനിടെ അരലക്ഷം കുപ്പി ബിയറാണ് രാജ്യത്ത് വിറ്റുപോയത്. ലിറ്റില്‍ ഇന്ത്യ ഗ്രൂപ്പാണ് മലയാളി ബിയര്‍ പോളണ്ടില്‍ വിതരണം ചെയ്യുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുകൂടി ബിയര്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രമോഹന്‍.
കോഴിക്കോടായിരുന്നു ചന്ദ്രമോഹന്റെ സ്‌കൂൾ വിദ്യാഭ്യാസവും ബിരുദ പഠനവും. അതിനുശേഷം ബിരുദാനന്തര പഠനത്തിനായി സ്പെയിനിലെത്തി. കാലങ്ങള്‍ക്കുശേഷം പോളണ്ടില്‍ സ്ഥിരതാമസമാക്കി. പോളണ്ടിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദ്യ മലയാളി പ്രസിഡന്റ് കൂടിയാണ് ഈ യുവ സംരംഭകന്‍.