ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രം സാക്ഷി, ഗോദ്‌റെജ് വിഭജിച്ചു; ആദിയും നദീറും പ്രധാന കമ്പനികളെ നയിക്കും

ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രം സാക്ഷി, ഗോദ്‌റെജ് വിഭജിച്ചു; ആദിയും നദീറും പ്രധാന കമ്പനികളെ നയിക്കും

ആദി ഗോദ്‌റെജും സഹോദരന്‍ നദീറുമാണ് ഒരു പക്ഷത്ത്
Updated on
2 min read

സോപ് മുതല്‍ വീട്ടുപകരണങ്ങളില്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് വരെ നീളുന്ന വ്യവസായ ശൃംഖലയുള്ള ഗോദ്‌റെജ് ഗ്രൂപ്പ് വിഭജിക്കാന്‍ സ്ഥാപക കുടുംബം തീരുമാനിച്ചു. കമ്പനിയാരംഭിച്ചിട്ട് 127 വർഷത്തിന് ശേഷമാണ് വിഭജനം. ആദി ഗോദ്‌റെജും സഹോദരന്‍ നദീറുമാണ് ഒരു പക്ഷത്ത്. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന അഞ്ച് സ്ഥാപനങ്ങളുടെ നിയന്ത്രണം ഇരുവർക്കുമായിരിക്കും. സഹോദരങ്ങളായ ജംഷ്യാദ് ഗോദ്‌റെജ്, സ്മിത ഗോദ്‌റെജ് ക്രിഷ്ണ എന്നിവരുടെ കീഴലായിരിക്കും ഗോദ്‌റെജ് ആന്‍ഡ് ബോയ്സും അനുബന്ധ സ്ഥാപനങ്ങളും. മുംബൈയിലുള്ള പ്രധാന സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ഉള്‍പ്പെടുന്ന ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് ഐടി സോഫ്റ്റ്‌വെയർ, എയ്‌റോസ്പേസ്, വ്യോമയാനം, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്. ജംഷ്യാദ് ഗോദ്‌റെജായിരിക്കും ഇവയുടെ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറും. ജംഷ്യാദിന്റെ സഹോദരിയായ സ്മിതയുടെ മകള്‍ നൈരിക ഹോല്‍ക്കറായിരിക്കും എക്സിക്യൂട്ടീവ് ഡയറക്ടർ. മുംബൈയിലെ 3,400 ഏക്കർ വരുന്ന ഭൂമിയും ഇവരുടെ നിയന്ത്രണത്തിലായിരിക്കും.

ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഗോദ്‌റെജ് കണ്‍സ്യൂമർ പ്രൊഡക്ട്സ്, ഗോദ്‌റെജ് പ്രൊപ്പെർട്ടീസ്, ഗോദ്‌റെജ് അഗ്രൊവെറ്റ് ആന്‍ഡ് ആസ്ടെക് ലൈഫ് സയന്‍സസ് എന്നിവ ഉള്‍പ്പെട്ട ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയർപേഴ്‌സണ്‍ ചുമതല നദീർ ഗോദ്‌റെജ് വഹിക്കും. ആദിയുടെ നിയന്ത്രണത്തിന് കീഴിലുമായിരിക്കും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്. ആദിയുടെ മകന്‍ പിരോജ്‌ഷ ഗോദ്‌റെജ് ആയിരിക്കും ജിഐജിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണ്‍.

ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രം സാക്ഷി, ഗോദ്‌റെജ് വിഭജിച്ചു; ആദിയും നദീറും പ്രധാന കമ്പനികളെ നയിക്കും
ജാതി സെൻസസുമായി പ്രതിപക്ഷം; 'വിദ്വേഷത്തെ' ബിജെപി കൂട്ടുപിടിക്കുന്നത് ഒബിസി വോട്ടുറപ്പിക്കാനോ?

ഗോദറേജിന്റെ ചരിത്രവും സ്വത്തും

അഭിഭാഷകനും സീരിയല്‍ സംരംഭകനുമായ അർദേഷിർ ഗോദ്‌റെജും സഹോദരനും ചേർന്ന് 1897ലാണ് പൂട്ട് നിർമാണത്തിലൂടെ കമ്പനിക്ക് തുടക്കമിടുന്നത്. അർദേഷിറിന് മക്കളില്ലാത്തതിനാല്‍ സഹോദരന്‍ പിരോജ്‍‌ഷായിലേക്ക് കമ്പനിയുടെ അവകാശമെത്തി. പിരോജ്ഷായ്ക്ക് നാല് മക്കളാണുള്ളത്. സോഹ്‌രാബ്, ദോസ, ബർജോർ, നേവല്‍.

പിന്നീട് ബർജോറിന്റെ മക്കളിലേക്കും (ആദി, നദീർ), നേവലിന്റെ മക്കളിലേക്കും (ജംഷ്യാദ്, സ്മിത) അവകാശമെത്തുകയായിരുന്നു. സോഹ്‌രാബിനും ദോസയുടെ മകന്‍ റിഷാദിനും കുട്ടികളില്ലാത്തതിനാലായിരുന്നു ഇത്.

വിഭജനം സാധ്യമാക്കുന്നതിനായി ആദിയും നദീറും ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ബോർഡില്‍ നിന്നും ജംഷ്യാദ് ജിസിപിഎല്ലില്‍ നിന്നും സ്ഥാനം ഒഴിയുകയായിരുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ഗോദ്‌റെജ് ആന്‍ ബോയ്‌സിന്റെ കീഴിലായിരിക്കും. 3,400 ഏക്കർ വരുന്ന മുംബൈയിലെ ഭൂമിയില്‍ വിഖ്രോളിയിലെ 3000 ഏക്കറും ഉള്‍പ്പെടുന്നു. വിഖ്രോളിലിയെ ഭൂമിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപ വരെ മതിപ്പുണ്ടെന്നാണ് കണക്കാക്കുന്നത്.

വിഖ്രോളിയിലെ ഭൂമി പൊതുലേലത്തില്‍ പിരോജ്‌ഷാ 1941-42 കാലഘട്ടത്തില്‍ സ്വന്തമാക്കിയതാണ്. 1830കളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈവശമായിരുന്നു ഈ ഭൂമി.

ആദിയാണ് ഗോദ്‌റെജ് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാന്‍. ഗോദറേജ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഗോദ്‌റെജ് ആഗ്രൊവെറ്റിന്റെ ചെയർമാനാണ് നദീർ. ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ചുമതല വഹിക്കുന്നത് ജംഷ്യാദാണ്. സ്മിത കൃഷ്ണയ്ക്കും റിഷാദ് ഗോദറേജിനും ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സില്‍ ഓഹരിയുണ്ട്.

logo
The Fourth
www.thefourthnews.in