സാമ്പത്തിക പ്രതിസന്ധിയിൽ ചിറകറ്റ് ഗോ ഫസ്റ്റ്; രണ്ട് ദിവസത്തെ സർവീസുകൾ റദ്ദാക്കി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനി, മെയ് 3, 4,5 തീയതികളിലെ സർവീസുകൾ റദ്ദാക്കി. എണ്ണ വിപണന കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശികയെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനകമ്പനി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. ഈ രണ്ട് ദിവസത്തേക്ക് എല്ലാ സർവിസുകളും നിർത്തിവച്ചിട്ടുണ്ടോ അതോ ചിലത് സർവീസ് പറക്കുമോയെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് ഏതാനും മാസങ്ങളായി ജീവനക്കാർക്കു വൈകിയാണു ശമ്പളം നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ പണമടയ്ക്കാൻ കഴിയാത്തതിനാലാണ് വിമാനങ്ങൾക്ക് ഇന്ധനം ലഭിക്കാതെ വന്നിരിക്കുന്നത്.
തിരക്കേറിയ ഡൽഹി-മുംബൈ റൂട്ടിൽ മേയ് മൂന്നിന് ഗോ ഫസ്റ്റ് വെബ്‌സൈറ്റിൽ ഒരു ഫ്ലൈറ്റും കാണിക്കുന്നില്ല. മെയ് നാലിനു ബുക്കിങ്ങിനു ശ്രമിക്കുമ്പോൾ മുംബൈ-ഡൽഹി വിമാന ടിക്കറ്റുകൾ വിറ്റുപോയെന്നാണ് കാണിക്കുന്നത്.
കൂടാതെ, ചില ട്രാവൽ പോർട്ടലുകൾ അടുത്ത രണ്ട് ദിവസത്തേക്ക് ഗോ ഫ്സ്റ്റ് വെബ്‌സൈറ്റിന്റെ ബുക്കിങ് ഓപ്ഷൻ നൽകിയിട്ടില്ല. അതേസമയം, ഈ രണ്ട് ദിവസങ്ങളിൽ സർവീസുകൾ നിർത്തിവയ്ക്കുന്നതിനെക്കുറിച്ച് എയർലൈൻ അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയല്ല ലഭിച്ചിരിക്കുന്നത്. ഇന്ന് സർവീസുകൾ നടക്കുന്നുണ്ടെന്നും എന്നാൽ, ചില ഫ്ലൈറ്റുകൾ റദ്ദാക്കാമെന്നുമാണ് ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇതിനോട് പ്രതികരിച്ചത്.
ബുധനും വ്യാഴവുമായി കേരളത്തിൽ നിന്ന് പത്തോളം സർവീസുകളാണ് റദ്ദാക്കിയത്.
കൊച്ചി- മസ്കറ്റ്-കൊച്ചി (G8-65/66 COK-MCT-COK), കൊച്ചി-അബുദാബി-കൊച്ചി (G8-63/64 COK-AUH-COK), കൊച്ചി- മുബൈ-കൊച്ചി (G8-348/347 COK-BOM-COK, G8-345/336 COK-BOM-COK)കൊച്ചി- ബെംഗളുരു-കൊച്ചി (G8-543/542 COK-BLR-COK) എന്നീ സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
കണ്ണൂർ-മുംബൈ-കണ്ണൂർ (G8-368/335 CNN-BOM-CNN), കണ്ണൂർ- കുവൈറ്റ്-കണ്ണൂർ (G8-61/62 CNN-KWI-CNN), കണ്ണൂർ- ദുബായ്-കണ്ണൂർ (G8-57/58 CNN-DXB-CNN), കണ്ണൂർ-അബുദാബി-കണ്ണൂർ (G8-53/54 CNN-AUH-CNN), കണ്ണൂർ-മസ്കറ്റ്-കണ്ണൂർ (G8-55/56 CNN-MCT-CNN) എന്നീ സർവീസുകളും റദ്ദാക്കി.
എൻജിനുകളുടെയും സ്പെയറുകളുടെയും അഭാവവും വാടക കുടിശ്ശികയും കാരണം കഴിഞ്ഞ വേനൽക്കാലം മുതൽ ഗോഫസ്റ്റിന്റെ 61 എയർബസ് A320 ഫാമിലി ഫ്ലൈറ്റുകളുടെ പകുതിയോളം സർവീസുകളിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.
വിമാന എൻജിൻ വിതരണം ചെയ്യുന്ന അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്‌നി(പി ആൻഡ് ഡബ്ല്യു)ക്ക് ഗോ ഫസ്റ്റ് വാടകക്കുടിശ്ശിക നൽകാനുണ്ട്. ഇതേത്തുടർന്ന് എൻജിൻ വിതരണം പി ആൻഡ് ഡബ്ല്യു നിർത്തിവച്ചിരുന്നു. കുടിശിക ഉടൻ നൽകിയില്ലെങ്കിൽ, ഗോഫസ്റ്റ് ബിസിനസ്സിൽ നിന്ന് പുറത്തുപോകാനും പാപ്പരത്തം പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞ പി ആൻഡ് ഡബ്ല്യൂവിനെതിരെ വിമാനക്കമ്പനി അമേരിക്കയിലെ ഡെലവെയർ കോടതിയിൽ അടിയന്തര ഹർജി ഫയൽ ചെയ്തിരുന്നു.
ഡൽഹിയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ പാപ്പരത്ത പരിഹാര നടപടികൾക്കായി നീക്കം ആരംഭിച്ചുവെന്ന് ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു. പ്രാറ്റ് ആൻഡ് വിറ്റ്‌നി വിതരണം ചെയ്യുന്ന എൻജിനുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി.
ഇത്രയും വിമാനങ്ങൾ ഗ്രൗണ്ടിലുണ്ടായിരുന്നത് എയർലൈനിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വർഷം 11.1 ശതമാനമായിരുന്ന ആഭ്യന്തര വിപണി വിഹിതം ഈ മാർച്ച് ആയപ്പോൾ 6.9 ശതമാനം ആയി ഇടിഞ്ഞു.
അതേസമയം, വിമാനങ്ങൾ റദ്ദാക്കിയത് ഇന്ധന വിതരണം മുടങ്ങിയതിനാനല്ലെന്നും ഗോ ഫസ്റ്റിന്റെ ആഭ്യന്തര കാരണങ്ങളാകാമെന്നുമാണ് വിഷയത്തോട് എണ്ണവിപണന കമ്പനികൾ പ്രതികരിച്ചത്.