സുരക്ഷിതമായ നിക്ഷേപം; സ്വർണത്തിൻ്റെ വില ഉയരുന്നതിനുള്ള കാരണങ്ങൾ

സുരക്ഷിതമായ നിക്ഷേപം; സ്വർണത്തിൻ്റെ വില ഉയരുന്നതിനുള്ള കാരണങ്ങൾ

പത്ത് ദിവസത്തിനിടെ 2050 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്
Updated on
3 min read

രാജ്യത്ത് സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. എന്തുകൊണ്ടാണ് സ്വർണ വില കുതിച്ചുകയറുന്നത് ? അതിന് രാജ്യത്തെ സാമ്പത്തിക രംഗത്തെ ചലനങ്ങളുമായി വല്ല ബന്ധവുമുണ്ടോ? നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ മാറുന്നതുകൊണ്ടുള്ള ഡിമാൻ്റ് വർധനയാണോ വില വർധനവിന് കാരണം?

കഴിഞ്ഞ മാസം അവസാനം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,650 രൂപയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതിയാകുമ്പോള്‍ അത് 47,850 രൂപയിലെത്തി. യഥാക്രമം 24 കാരറ്റ് സ്വര്‍ണത്തിന് വില 52,200 രൂപയാണ്. കഴിഞ്ഞ മാസാവസാനം അത് 50,900 രൂപയായിരുന്നു . കഴിഞ്ഞ പത്ത് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 2050 രൂപയുടെ വ്യത്യാസമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായത്.

സ്വർണത്തിൻ്റെ വില ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ചെറുകിട വ്യാപാരികളെയാണ്.

ഇന്ത്യയിലെ സ്വര്‍ണ വിപണി

ഇന്ത്യയില്‍ സ്വര്‍ണx ഖനനം ചെയ്യുന്നത് വളരെ കുറവാണ്. സ്വര്‍ണത്തിനായി മറ്റ് രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് തുടങ്ങിയ വന്‍കിട ബാങ്കുകളാണ് സ്വര്‍ണം ഇറക്കുമതി നിയന്ത്രിക്കുന്നത്. ഇതിനുപുറമെ, എംഎംടിസി, എസ്ടിസി തുടങ്ങിയ കമ്പനികള്‍ക്കും സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍, സ്വാഭാവികമായും അന്താരാഷ്ട്ര വിപണി നിരക്കിനനുസരിച്ചാണ് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നതോടൊപ്പം , ഇന്ത്യയിലും സ്വര്‍ണ വില ഉയരും.

ഇന്ത്യയില്‍ സ്വര്‍ണത്തിന് കൃത്യമായ ഒരു വില നിശ്ചയിച്ചിട്ടില്ല. നഗരങ്ങളിലെ സ്വര്‍ണ വില പരിശോധിക്കുമ്പോള്‍ വ്യത്യസ്ത വിലയാണ് കാണാന്‍ സാധിക്കുന്നത്. നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത് . ഓരോ നഗരത്തിനും 22, 24 കാരറ്റ് സ്വര്‍ണത്തിന് വിപണി വിലയില്‍ വ്യത്യാസമുണ്ട്. പ്രാദേശിക ജ്വല്ലറി ബുള്ളിയന്‍ അസോസിയേഷന്റെ ഇടപെടലും ഇതില്‍ നിര്‍ണായകമാണ് .

ഇന്ത്യന്‍ സ്വര്‍ണവില നിര്‍ണയിക്കുന്ന അഞ്ച് ഘടകങ്ങള്‍

സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ കാര്യമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ത്യന്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

പണപ്പെരുപ്പം

കറന്‍സിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണം ഒരു സ്ഥിരം നിക്ഷേപമാണ് . അതുകൊണ്ടാണ് നിക്ഷേപകര്‍ കറന്‍സിയെക്കാള്‍ സ്വര്‍ണം കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്നത്. തല്‍ഫലമായി, പണപ്പെരുപ്പം ഉയര്‍ന്നപ്പോള്‍, സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചു.ഉപഭോക്താക്കളില്‍ ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് സ്വര്‍ണവിലയില്‍ വ്യത്യാസമുണ്ടാകും.

ആഗോള വിലയില്‍ വരുന്ന മാറ്റം

ആഗോളതലത്തില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏതൊരു ചലനവും ഇന്ത്യയിലെ മഞ്ഞലോഹത്തിന്റെ വിലയേയും ബാധിക്കുന്നു. ആഗോള വിലയില്‍ വ്യത്യാസം സംഭവിക്കുന്നതിലൂടെ ഇറക്കുമതി വില മാറുന്നു ,ഇത് സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങളുടെ പ്രതിഫലനവും സ്വര്‍ണത്തിന്റെ വിലയിലും ആവശ്യകതയിലും കാണാം. ഗവണ്‍മെന്റിലും വിപണിയിലുമുള്ള ജനങ്ങളുടെ വിശ്വാസം കുറയുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ള താത്പര്യം ഉപഭോക്താക്കളില്‍ ഉയരുന്നു.

സര്‍ക്കാര്‍ സ്വര്‍ണ ശേഖരം

മിക്ക രാജ്യങ്ങളിലും സെന്‍ട്രല്‍ ബാങ്കുകള്‍ കറന്‍സിയും സ്വര്‍ണ ശേഖരവും കൈവശം വയ്ക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇതിന്റെ ഉദാഹരണങ്ങളാണ്. വലിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ ശേഖരം കൈവശം വയ്ക്കാനും കൂടുതല്‍ സ്വര്‍ണം സംഭരിക്കാനും തുടങ്ങുമ്പോള്‍, സ്വര്‍ണ്ണത്തിന്റെ വിലയും ഉയരുന്നു. സ്വര്‍ണത്തിന്റെ ലഭ്യത കുറയുമ്പോള്‍ വിപണിയില്‍ പണത്തിന്റെ ഒഴുക്ക് കൂടുന്നതാണ് ഇതിനു കാരണം.

ജ്വല്ലറി മാര്‍ക്കറ്റ്

പൊതുവെ സ്വര്‍ണമണിയാന്‍ ആഗ്രഹമുള്ളവരാണ് ഇന്ത്യക്കാര്‍ . ഉത്സവങ്ങളോ ജന്മദിനങ്ങളോ ആകട്ടെ, ഇന്ത്യന്‍ വീടുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. വിവാഹ സീസണിലും ഉത്സവങ്ങളിലും ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ധിച്ചതിന്റെ ഭാഗമായി സ്വര്‍ണ വില ഉയരുന്നു. സ്വര്‍ണത്തിന്റെ ആവശ്യകത ആഭരണ നിര്‍മ്മാണ വ്യവസായങ്ങളില്‍ മാത്രമല്ല മറിച്ച് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ജിപിഎസ് തുടങ്ങിയ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായും വിവിധ ഇലക്ട്രോണിക് കമ്പനികള്‍ ഈ ലോഹം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണം ആഭരണമായും, സമ്മാന വസ്തുക്കളായും, സമ്പത്ത് കാണിക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നു.

ഇവയെല്ലാം കൂടിച്ചേര്‍ന്ന് സ്വര്‍ണത്തിന്റെ ആഭ്യന്തര ഡിമാന്‍ഡ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഈ അവസരത്തില്‍ വീണ്ടും വലിയ അളവില്‍ മഞ്ഞ ലോഹം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു.

വര്‍ധിക്കുന്ന സ്വര്‍ണ വിലയും സ്വര്‍ണവ്യാപാരികളും

സ്വര്‍ണമെന്ന് ഒരു സുരക്ഷിത നിക്ഷേപമായതിനാലാണ് ഇത്രയധികം ഡിമാന്റുണ്ടാവാനുള്ള കാരണവും . എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഉയരുന്ന സ്വര്‍ണ വിലയില്‍ പൊറുതി മുട്ടുകയാണ് വ്യാപാരികളും . ഡോളറിന്റെ വിലയിടിവാണ് സ്വര്‍ണവില കൂട്ടുന്നത് .14 ദിവസത്തിനുള്ളില്‍ 1400 രൂപയോളമാണ് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 300 രൂപയില്‍ കൂടുതലാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം . പക്ഷേ ഇത് വ്യാപാരികളെ സംബന്ധിച്ച് നഷ്ടമാണ് . വില ഉയരുമ്പോള്‍ കടയില്‍ സ്വര്‍ണ്ണം വില്‍ക്കാനുള്ളവരുടെ തിരക്കാണ്. കാര്യമായ കച്ചവടം നടക്കുന്നില്ല. എന്നാല്‍ പണ്ടൊക്കെ ഒരുമിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ ഏറെയുണ്ടായിരുന്നു. ഇന്ന് അതല്ല അവസ്ഥ - കോഴിക്കോട്ടെ സ്വര്‍ണവ്യാപാരികള്‍ പറയുന്നു . കല്യാണ സീസണില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികളേറെയും. എന്നാലിപ്പോള്‍ വിവാഹത്തിന് സ്വര്‍ണമണിയാന്‍ പെണ്‍കുട്ടികള്‍ വിമുഖത കാണിക്കുന്നതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയാണ്.

logo
The Fourth
www.thefourthnews.in