GST
GST

GST നഷ്ടപരിഹാരം ഇനിയില്ല; പ്രതിസന്ധി മറികടക്കാന്‍ വഴി തേടി സംസ്ഥാനങ്ങള്‍

നഷ്ടപരിഹാര കാലാവധി കൂട്ടാന്‍ കേന്ദ്രത്തോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അഞ്ച് ജിഎസ്ടി വര്‍ഷം പിന്നിടുന്പോള്‍ എങ്ങനെ അധിക നഷ്ടം മറികടക്കാമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍
Updated on
3 min read

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടില്ലെന്ന കേന്ദ്ര തീരുമാനം ബാധ്യതകളാല്‍ തളര്‍ന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇരട്ടിപ്രഹരമാണ്. ജിഎസ്ടി സംവിധാനം നിലവില്‍ വന്ന് അഞ്ച് വര്‍ഷം തികഞ്ഞു. ഏകീകൃത നികുതി സംവിധാനം നിലവില്‍ വരുന്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനായിരുന്നു അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കോവിഡ് തരംഗത്തില്‍ രാജ്യം അടിപതറിയത് ഈ കാലയളവിലാണ്. എല്ലാ മേഖലകളെയും പിടിച്ചുകുലുക്കിയ മഹാമാരി മിക്ക സംസ്ഥാനങ്ങളെയും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഷ്ടപരിഹാര കാലാവധി കൂട്ടാന്‍ കേന്ദ്രത്തോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അഞ്ച് ജിഎസ്ടി വര്‍ഷം പിന്നിടുന്പോള്‍ എങ്ങനെ അധിക നഷ്ടം മറികടക്കാമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍.

GST
GST

എന്തിനാണ് ജിഎസ്ടി?

'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി'എന്ന ആശയമാണ് ജിഎസ്ടിയുടെ ലക്ഷ്യം. എക്സൈസ് ഡ്യൂട്ടി, സേവനനികുതി, മൂല്യവര്‍ധിത നികുതി തുടങ്ങിയ എല്ലാത്തരം നികുതികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഉദ്ദേശം. മദ്യം, സ്റ്റാന്പ് ഡ്യൂട്ടി, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നിലവില്‍ വന്നത്. 2000 ല്‍ നികുതി സന്പ്രദായം പരിഷ്ക്കരിക്കാന്‍ ഏര്‍പ്പെടുത്തിയ കമ്മിറ്റി ഈ ആശയം മുന്നോട്ട് വെച്ചെങ്കിലും പിന്നെയും 17 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജിഎസ്ടി ഔദ്യോഗികമായി നലവില്‍ വന്നത്. മൂന്ന് തരം നികുതികളാണ് ജിഎസ്ടിയ്ക്ക് കീഴില്‍ വരുന്നത്.

സിജിഎസ്ടി: ജിഎസ്ടി വന്നതോടെ എല്ലാ വിധി കേന്ദ്ര എക്സൈസ് തീരുവകളും കേന്ദ്ര സര്‍ചാര്‍ജുകളും സെസുകളും കേന്ദ്രവില്‍പന നികുതിയും ഇല്ലാതായി. ഇതിനുപകരമായി കേന്ദ്ര ജിഎസ്ടി നിലവില്‍ വന്നു.

എസ്‍ജിഎസ്‍ടി: സംസ്ഥാന ജിഎസ്ടി നിലവില്‍ വന്നതോടെ വാറ്റ്, വാങ്ങള്‍ നികുതി, വില്‍പന നികുതി, വിനോദ നികുതി, ആര്‍ഭാടനികുതി, ലോട്ടറി നികുതി എന്നിവക്കൊപ്പം സംസ്ഥാന സര്‍ചാര്‍ജും സെസും ഇല്ലാതായി. ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് സേവനത്തിന് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരം ലഭിച്ചു. എസ്‍ജിഎസ്‍ടിയുടെ നടത്തിപ്പ് ചുമതല സംസ്ഥാനങ്ങള്‍ക്കാണ്.

ഐജിഎസ്ടി: അന്തര്‍സംസ്ഥാന ജിഎസ്ടി ആണ് ഐജിഎസ്ടി. ചരക്ക്-സേവനങ്ങളുടെ അന്തര്‍ സംസ്ഥാന നീക്കത്തിന് IGST ആണ് ചുമത്തുന്നത്.

ഇരട്ടനികുതി ഒഴിവാക്കുകയെന്നതാണ് ജിഎസ്‍ടിയുടെ പ്രധാന ഉദ്ദേശം. നികുതി സംവിധാനം ലഘൂകരിച്ച് നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നിടത്താണ് ഇതിന്റെ പ്രാധാന്യം.

GST
GST

നഷ്ടപരിഹാരം എന്തിന്?

ജിഎസ്ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നല്‍കുമെന്നായിരുന്നു ഉറപ്പ് നല്‍കിയത്. 14% വളര്‍ച്ച ഇല്ലെങ്കില്‍ ബാക്കി തുക കേന്ദ്രം നല്‍കുന്നതാണ് നഷ്‍ടപരിഹാര പാക്കേജ്. നിശ്ചിത ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന സെസ് വഴി നഷ്‍ടപരിഹാരം നല്‍കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഉദ്ദേശിച്ച വരുമാനനേട്ടം ഈ കാലയളവിലുണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല, കോവിഡ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു. ജിഎസ്‍ടി പ്രാവര്‍ത്തികതലത്തില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് അഞ്ച് വര്‍ഷത്തെ നഷ്‍ടപരിഹാരം വാഗ്ദാനം ചെയ്തതത്. എന്നാല്‍, കേരളമാകട്ടെ രണ്ട് വര്‍ഷം തുടര്‍ച്ചയായി വന്ന പ്രളയം, കോവിഡ് എന്നിവയില്‍പെട്ട് സാന്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്‍ടി പ്രതീക്ഷിച്ചപോലെ ഫലം തരുന്നില്ലെന്നും നഷ്ടപരിഹാര കാലാവധി നീട്ടണമെന്നുമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം.

14% വളര്‍ച്ചയില്ലാത്ത കേരളത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷവും നഷ്ടപരിഹാരം വാങ്ങേണ്ടിവന്നു. കേരളമടക്കം 16 സംസ്ഥാനങ്ങളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ജിഎസ്ടി വരുമാനം തുല്യമായി വീതിക്കുന്ന രീതി മാറ്റി 60 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിധം മാറ്റണമെന്നാണ് കേരളം ഉന്നയിച്ച ആവശ്യം. 70 മുതല്‍ 80 ശതമാനം വരെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണമെന്ന് ഛത്തീസ്‍ഗഢ് വാദമുയര്‍ത്തി. അതല്ലെങ്കില്‍ അഞ്ച് വര്‍ഷം കൂടി നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചു. എന്നാല്‍, നഷ്ടപരിഹാരം വേണ്ട, സ്വന്തം നിലയ്ക്ക് വരുമാനമുണ്ടാക്കണമെന്ന നിലപാട് അഞ്ച് സംസ്ഥാനങ്ങള്‍ സ്വീകരിച്ചു.

GST
GST

വായ്പയെടുത്ത് നഷ്ടപരിഹാരം നല്‍കി; സെസ് തുടരും

കേന്ദ്രം കഴിഞ്ഞ രണ്ട് വര്‍ഷം വായ്പയെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. 2020-21 ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയാണ് നഷ്ടപരിഹാരയിനത്തില്‍ കേന്ദ്രം കടമെടുത്തത്. 2021-22 ല്‍ 7500 കോടിയും 2021-22ല്‍ 14,000 കോടി രൂപയും പലിശയിനത്തില്‍ അടയ്ക്കേണ്ടിയും വന്നു. നഷ്ട പരിഹാര വിതരണം നിര്‍ത്തിയെങ്കിലും നഷ്ടപരിഹാര സെസ് അവസാനിപ്പിച്ചിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ സംസ്ഥാനങ്ങളില്‍ നിന്ന് ഈടാക്കും. വിജ്ഞാപനമിറങ്ങിയതോടെ നഷ്ടപരിഹാരം കിട്ടില്ലെന്നത് മാത്രമല്ല, അതിന്മേനുള്ള ബാധ്യത തീര്‍ക്കാന്‍ 2026 വരെ സെസ് അടയ്ക്കുകയും വേണം. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കൊപ്പം ഈ അധികബാധ്യത എങ്ങനെ നേരിടുമെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക.

logo
The Fourth
www.thefourthnews.in