അക്കൗണ്ട് കാലിയാണെങ്കിലും യുപിഐ വഴി പണമയക്കാം; ക്രെഡിറ്റ്ലൈൻ സംവിധാനവുമായി ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകൾ
ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്ന ക്രെഡിറ്റ്ലൈൻ സംവിധാനം നടപ്പാക്കി ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകൾ. മുൻകൂറായി അനുവദിച്ചിട്ടുള്ള വായ്പാ പരിധിയിലുള്ള പണം യുപിഐ വഴി കൈമാറ്റം ചെയ്യാൻ റിസർവ് ബാങ്ക് അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ്, അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാട് നടത്താനുള്ള സൗകര്യം ഒരുങ്ങിയത്.
2023 സെപ്റ്റംബർ നാലിനാണ് ആർ ബി ഐ വിജ്ഞാപനം പുറത്തിറക്കിയത്. അതുപ്രകാരം മുൻകൂർ അനുവദിച്ച തുക ഉപയോഗിക്കാനും പിന്നീട് കുടിശിക തീർക്കാനുമുള്ള അവസരം യുപിഐ ഉപയോക്താവിന് ലഭിക്കും. ഉപയോക്താവിനെ അനുസരിച്ചാകും ക്രെഡിറ്റ് ലൈനിന്റെ പരിധി ബാങ്കുകൾ നിശ്ചയിക്കുക. നിലവിൽ യുപിഐ നൗ, പേ ലേറ്റർ പോലുള്ള സംവിധാനങ്ങൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് നൽകുന്ന ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളാണിവ, ഗൂഗിൾ പേ, മൊബിക്വിക് എന്നിവയുൾപ്പെടെ എല്ലാ യുപിഐ ആപ്പുകൾ വഴിയും അവ ഉപയോഗിക്കാനാകും.
ഇതുവരെ യുപിഐ ഉപയോക്താക്കൾക്ക് അവരുടെ സേവിങ്സ് അക്കൗണ്ടുകൾ, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ മാത്രമേ യുപിഐ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കാൻ സാധിച്ചിരുന്നുള്ളു.
എച്ച്ഡിഎഫ്സി പേ ലേറ്റർ സംവിധാനം
യുപിഐ ആപ്പിൽ പേലേറ്റർ സംവിധാനം ആക്ടിവേറ്റ് ചെയ്യുമ്പോൾ യുപിഐ വഴി ഇടപാടുകൾ നടത്താൻ കഴിയുന്ന ഒരു ക്രെഡിറ്റ് ലൈൻ അക്കൗണ്ട് ലഭിക്കും. എന്നാൽ ഈ ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ വഴി വ്യവസായ ആവശ്യങ്ങൾക്കുള്ള മെർച്ചന്റ് അക്കൗണ്ടുകളിലേക്ക് മാത്രമേ പണമയയ്ക്കാൻ സാധിക്കു.
ഉപയോഗിച്ച പണത്തിനും അതെത്ര ദിവസത്തേക്ക് ഉപയോഗിച്ചുവെന്നതിനും അനുസരിച്ച് മാത്രമേ പലിശ ഈടാക്കൂ. 10 ദിവസത്തേക്ക് 5,000 രൂപ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ തുകയ്ക്ക് മാത്രം പണമടച്ചാൽ മതി. മാസാവസാനമായിരിക്കും പലിശ ക്രെഡിറ്റ്ലൈൻ അക്കൗണ്ടിൽനിന്ന് പിടിക്കുക. സമയം കഴിഞ്ഞ ശേഷവും പലിശ അടച്ചിട്ടില്ലെങ്കിൽ ഉപയോക്താവിന്റെ സേവിങ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിൽനിന്ന് ബാങ്ക് സ്വമേധയാ പണമീടാക്കും.
ഐസിഐസിഐ പേ ലേറ്റർ സംവിധാനം
45 ദിവസം വരെ പലിശയില്ലാതെ വായ്പ ലഭിക്കും. ബില്ലുകൾ അടയ്ക്കുന്നതിനും ഓൺലൈൻ ഷോപ്പിങ് നടത്തുന്നതിനും മെർച്ചന്റ് യുപിഐ ഐഡികളിലേക്ക് തൽക്ഷണം പണമടയ്ക്കുന്നതിനും തുക ഉപയോഗിക്കാം. നിങ്ങളുടെ ഐസിഐസിഐ ബാങ്ക് സേവിങ്സ് അക്കൗണ്ടിൽ നിന്ന് പേലേറ്റർ കുടിശ്ശിക സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും. ഉപഭോക്താക്കളിൽനിന്ന് ഒറ്റത്തവണ ആക്ടിവേഷൻ ഫീസായി 500 രൂപയും ജിഎസ്ടിയും ഈടാക്കും. പേ ലേറ്റർ അക്കൗണ്ടിൽനിന്ന് ഉപയോഗിക്കുന്ന ഓരോ 3000 രൂപയ്ക്കും 75 രൂപ സേവന ചാർജും ഈടാക്കും.