ഐബിഎമ്മിലും കൂട്ട പിരിച്ചുവിടല്‍; 4000ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും
ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സിലും (ഐബിഎം) കൂട്ട പിരിച്ചുവിടല്‍ നീക്കം. 3900-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഐടി സേവന ബിസിനസ്സായ കൈന്‍ഡ്രൈല്‍ ഹോള്‍ഡിങ്‌സ്, വാട്‌സണ്‍ ഹെല്‍ത്ത് എന്നിവയില്‍ നിന്നാകും പിരിച്ചുവിടല്‍ ആരംഭിക്കുന്നതെന്നും ഐബിഎം അറിയിച്ചു. ഐബിഎമ്മിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 280,000 ജീവനക്കാരില്‍ 1.42 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് വ്യക്തമാകുന്നത്.
ആസ്തി വിറ്റഴിക്കലിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം. പ്രതീക്ഷിച്ച വാര്‍ഷിക വരുമാനം നേടാനാകാത്തതും പിരിച്ചുവിടലിന്റെ കാരണങ്ങളിലൊന്നാണ്. ഐബിഎമ്മിന്റെ 2022-ലെ വാര്‍ഷിക വരുമാനം 9.3 ബില്യണ്‍ ഡോളറായിരുന്നു. 10 ബില്യണ്‍ ഡോളര്‍ നേടാനായിരുന്നു കമ്പനി ലക്ഷ്യംവെച്ചിരുന്നത്. ഐബിഎമ്മിന്റെ ഓഹരികളില്‍ ഇടിവ് സംഭവിച്ചതാണ് മറ്റൊരു കാരണം. പിരിച്ചുവിടല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് ഓഹരി ഇടിവ് സംഭവിച്ചതെന്നും നിരീക്ഷണമുണ്ട്.
ടെക് കമ്പനികളില്‍ ഇപ്പോള്‍ പിരിച്ചുവിടലുകള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏകദേശം 70,000 ത്തിലധികം ആളുകളെയാണ് വന്‍കിട ടെക് കമ്പനികള്‍ പിരിച്ചുവിട്ടത്. ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ, ട്വിറ്റര്‍ മൈക്രോസോഫ്റ്റ്, സെയില്‍ഫോഴ്‌സ് എന്നീ കമ്പനികളെല്ലാം 10,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ട്.
ടെസ്‌ല, നെറ്റ്ഫ്‌ളിക്‌സ്, റോബിന്‍ ഹുഡ്, സ്‌നാപ്, കോയിന്‍ബേസ്, സ്‌പോട്ടിഫൈ എന്നിവങ്ങളിലും പിരിച്ചുവിടലുകള്‍ നടക്കുന്നുണ്ട്. പല ടെക് കമ്പനികള്‍ക്കും പരസ്യത്തിലൂടെയാണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്. എന്നാല്‍ കോവിഡ് പിടിമുറുക്കിയതോടെ ആ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം.