പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാമ്പത്തികമാന്ദ്യ ഭീതിയിലും ഉണര്‍വ്; പ്രതീക്ഷയായി ഇന്ത്യന്‍ തൊഴില്‍ വിപണി

പണപ്പെരുപ്പം ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഉപജീവന മാര്‍ഗത്തെയും ചെലവിനെയും പ്രതികൂലമായി ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
Updated on
1 min read

ആഗോള തലത്തില്‍ വീണ്ടുമൊരു സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ലോകോത്തര ടെക് ഭീമന്‍മാരുള്‍പ്പെടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതായുള്ള വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നു. രണ്ട് ദശാബ്ദത്തിനിടെ ആദ്യമായി യൂറോയുടെ മൂല്യം റെക്കോര്‍ഡ് ഇടിവ് നേരിടുകയാണ്. ഊര്‍ജവിതരണത്തിലും സാമ്പത്തിക വളര്‍ച്ചയിലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ യൂറോയുടെ മൂല്യം വീണ്ടും ഇടിഞ്ഞത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യൂറോപ്പിലെയും യുഎസിലെയും പര്‍ച്ചേസിങ് മാനേജേഴ്സ് സൂചികകള്‍ ലോകം ഏതു നിമിഷവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീഴുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുമ്പോഴും ആശ്വാസം പകരുന്നതാണ് ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

പണപ്പെരുപ്പം ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഉപജീവന മാര്‍ഗത്തെയും ചെലവിനെയും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണപ്പെരുപ്പം ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഉപജീവന മാര്‍ഗത്തെയും ചെലവിനെയും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ 29 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും പ്രമുഖ തൊഴില്‍ സൈറ്റായ ഇന്‍ഡീഡിന്റെ പാദവാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍ ജീവനക്കാരെ നിയമിക്കുന്നതിലും ശമ്പളം നല്‍കുന്നതിലും പണപ്പെരുപ്പം ബാധിച്ചില്ലെന്ന് 89 ശതമാനം തൊഴില്‍ ദാതാക്കളും അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

91ശതമാനം തൊഴിലുടമകളും ഈ പാദ വർഷത്തിൽ നിയമനം നൽകി. മുൻ പാദത്തിൽ ഇത് 83 ശതമാനം ആയിരുന്നു. ബാംഗ്ലൂർ, മുംബൈ, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമനം നടക്കുന്നത്. ചണ്ഡീ​ഗഡിൽ ആണ് ഈ പാദത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത്.

ചണ്ഡീ​ഗഡിൽ ആണ് ഈ പാദത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത്

ഫുള്‍ ടൈം, പാര്‍ട്ട് ടൈം, ഹ്രസ്വ കാല, കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തൊഴിലന്വേഷകരില്‍ 63 ശതമാനം പേരും മുഴുവൻ സമയ ജോലിയാണ് തിരഞ്ഞെടുക്കുന്നത്. 26 ശതമാനം പാർട്ട് ടൈം തൊഴിലും, 11 ശതമാനം കരാർ - ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലുള്ള ജോലികളുമാണ് തിരഞ്ഞെടുക്കുന്നത് . എന്നാൽ 19 ശതമാനം തൊഴിലുടമകളും ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയമിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in