എയര്‍ ഇന്ത്യയേയും വെല്ലുന്ന കരാറുമായി ഇൻഡിഗോ; 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റതവണ വിമാന കാരാറായിരിക്കുമിത്. ഈ വർഷം ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്, ബോയിങ് എന്നിവരുമായി കരാര്‍ ഒപ്പിട്ടിരുന്നു.
48,680 കോടി രൂപയാണ് വിമാനങ്ങളുടെ മൊത്തം ചെലവ്. എന്നാല്‍ വലിയ ഓര്‍ഡര്‍ ആയതിനാല്‍ ഇതിലും വളരെ കുറഞ്ഞ നിരക്കിലാകും കരാര്‍ നൽകുക എന്നാണ് എയർക്രാഫ്റ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. കൂടാതെ എയര്‍ബസും ബോയിങും മറ്റ് ചില വിമാനങ്ങളുടെ വില്‍പനയ്ക്കായും ഇന്‍ഡിഗോയുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിലവിൽ എയർബസിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്‍ഡിഗോ. ഇതുവരെ മൊത്തം 830 എയർബസ് A320-ഫാമിലി ജെറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ട്, അതിൽ 500-ഓളം എണ്ണം ഇനിയും ഡെലിവറി ചെയ്യാനുണ്ട്.
ആഭ്യന്തര ഇന്ത്യൻ വിപണിയിൽ ഇൻഡിഗോയ്ക്ക് 56 ശതമാനം വിഹിതമുണ്ട്. 2030 ഓടെ ശേഷി ഇരട്ടിയാക്കാനും വിദേശ വിപണികളിലേക്ക് സേവനം വ്യാപിപ്പിക്കാനുമാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ടർക്കിഷ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, കെഎൽഎം എന്നിവയുൾപ്പെടെ ഏഴ് വിമാനക്കമ്പനികളുമായി എയർലൈന് കോഡ്ഷെയർ പങ്കാളിത്തമുണ്ട്. നിലവില്‍ ഇന്‍ഡിഗോ പ്രതിദിനം 1,800 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് രാജ്യാന്താര സര്‍വീസ്.