സന്തോഷ് അയ്യര്‍
സന്തോഷ് അയ്യര്‍

മെഴ്സിഡിസ് ബെന്‍സ് ഇന്ത്യയുടെ തലപ്പത്ത് ആദ്യ ഇന്ത്യക്കാരന്‍; പദവിയിലെത്തുന്നത് മലയാളിയായ സന്തോഷ് അയ്യര്‍

സെയില്‍സ് & മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികെയാണ് സന്തോഷിനെ എംഡി, സിഇഒ പദവിയിലേക്ക് നിയമിക്കുന്നത്
Updated on
1 min read

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യയുടെ തലപ്പത്തേക്ക് മലയാളി. മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി തൃശൂര്‍ സ്വദേശി സന്തോഷ് അയ്യരെ നിയമിച്ചു. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആദ്യ ഇന്ത്യക്കാരനും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് സന്തോഷ് അയ്യര്‍.

സെയില്‍സ് & മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികെയാണ് സന്തോഷിനെ എംഡി, സിഇഒ പദവിയിലേക്ക് നിയമിക്കുന്നത്. നാല് വര്‍ഷമായി പദവിയില്‍ തുടര്‍ന്ന മാര്‍ട്ടിന്‍ ഷ്വെങ്കിന്റെ പകരക്കാരനായാണ് സന്തോഷിന്റെ നിയമനം. മാര്‍ട്ടിന്‍ ഷ്വെങ്ക്, മെഴ്‌സിഡിസ് ബെന്‍സ് തായ്ലന്‍ഡിന്റെ പ്രസിഡന്റും സിഇഒയുമാകും. ഇരുവരും 2023 ജനുവരി ഒന്നിന് സ്ഥാനമേല്‍ക്കും.

പുത്തന്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാനും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട സേവനമൊരുക്കാനും പദവി വിനിയോഗിക്കും
സന്തോഷ് അയ്യര്‍

''മെഴ്‌സിഡിസ് ബെന്‍സ് ആവേശകരമായ ഇലക്ട്രിക് ഭാവിയിലേക്കുള്ള പരിവര്‍ത്തനത്തിലാണ്. ബ്രാന്‍ഡിനെ നയിച്ച് പുത്തന്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാനും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട സേവനമൊരുക്കാനും പദവി വിനിയോഗിക്കും'' -എന്നായിരുന്നു നിയമന അറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ സന്തോഷ് അയ്യരുടെ പ്രതികരണം.

ഉയര്‍ന്നുവരുന്ന മൊബിലിറ്റി ട്രെന്‍ഡുകളും അനന്തമായ സാധ്യതകളുമുള്ള ആവേശകരമായ ഭാവിയിലേക്ക് കമ്പനി മാറുമ്പോള്‍, സന്തോഷിന്റെ നേതൃത്വത്തില്‍ മെഴ്‌സിഡിസ് ബെന്‍സ് പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്ന് വിശ്വാസമുണ്ടെന്ന്, ഷ്വെങ്കും അഭിപ്രായപ്പെട്ടു.

2009 മുതല്‍ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സന്തോഷ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ്, കമ്മ്യൂണിക്കേഷന്‍സ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് (സിആര്‍എം) തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു. 2016ല്‍ ആഫ്റ്റര്‍സെയില്‍സ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ സന്തോഷിന്റെ നേതൃത്വത്തില്‍ മെഴ്സിഡസ്-ബെന്‍സ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

കോവിഡ് കാലത്ത് ബിസിനസ് നിയന്ത്രിക്കുന്നതിലും ലാഭകരമായ വളര്‍ച്ചയിലേക്ക് കമ്പനിയെ നയിക്കുന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശക്തമായിരുന്നു.

2016-ല്‍, കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ്, റീട്ടെയില്‍ ട്രെയ്നിങ് ബിസിനസ് എന്നീ വിങ്ങുകളുടെ വൈസ് പ്രസിഡന്റായി നിയമിതനായ അദ്ദേഹം 2019 ജൂലൈയിലാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. മെഴ്സിഡസ് ബെന്‍സിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിനെ വിജയകരമായി നയിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന ഓണ്‍ലൈന്‍ വില്‍പ്പന കൈവരിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ബിസിനസ് നിയന്ത്രിക്കുന്നതിലും ലാഭകരമായ വളര്‍ച്ചയിലേക്ക് കമ്പനിയെ നയിക്കുന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശക്തമായിരുന്നു. തുടര്‍ന്ന്, 'റീട്ടെയില്‍ ഓഫ് ദി ഫ്യൂച്ചര്‍' എന്ന ബിസിനസ് മോഡല്‍ ആശയം രൂപീകരിച്ച് നടപ്പാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു.

2022 ആദ്യ പകുതിയില്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ 7,573 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ 56 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ആഡംബര വാഹന നിര്‍മാതാക്കളില്‍ ശക്തമായ വില്‍പ്പനയും മാര്‍ക്കറ്റ് ലീഡും മെഴ്സിഡിസ്-ബെന്‍സിനാണ്.

logo
The Fourth
www.thefourthnews.in