രാജ്യത്തെ ബാങ്കുകളിലെ വായ്പ
കുടിശ്ശിക 2.4 ലക്ഷം കോടി രൂപ;  മറ്റു രാജ്യങ്ങളിലെ ജിഡിപിയേക്കാള്‍ കൂടുതലെന്ന് കണക്കുകള്‍

രാജ്യത്തെ ബാങ്കുകളിലെ വായ്പ കുടിശ്ശിക 2.4 ലക്ഷം കോടി രൂപ; മറ്റു രാജ്യങ്ങളിലെ ജിഡിപിയേക്കാള്‍ കൂടുതലെന്ന് കണക്കുകള്‍

വിജയ് മല്യയും നീരവ് മോദിയും പട്ടികയിലില്ല
Updated on
2 min read

ഒരു ദശകത്തിനിടെ രാജ്യത്തെ ബാങ്കുകളില്‍ വായ്പ കുടിശ്ശിക പത്തിരട്ടിയിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2012 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തിരിച്ചടയ്ക്കാത്ത വായ്പ 23000 കോടി രൂപയായിരുന്നു. 2022 മെയ് 31 ഓടെ 2.4 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്.

തിരിച്ചടയ്ക്കാത്തവരില്‍ ഭൂരിഭാഗം പേരും ധനികരും വന്‍കിട കമ്പനികള്‍ നടത്തുന്നവരുമാണ്. വായ്പ എടുക്കുമ്പോള്‍ വ്യക്തമാക്കുന്ന ആവശ്യങ്ങള്‍ക്കു വേണ്ടിയല്ല പണം ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വായ്പയില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തുന്നവരുടെ പട്ടിക റിസര്‍വ് ബാങ്ക് തയ്യാറാക്കിയിരുന്നു.

വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടെങ്കിലും മനപൂര്‍വ്വം തിരിച്ചടയ്ക്കാത്തവരാണ് കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

ക്രെഡിറ്റ് ബ്യൂറോ ട്രാന്‍സ് യൂണിയന്‍ സിബിലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2021 മാര്‍ച്ചില്‍ ഏകദേശം 2.6 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. 2022-ല്‍ ഇത് 2.4 ലക്ഷം കോടിയായി കുറഞ്ഞു. 12000 ത്തിലധികം പേരാണ് കടമെടുത്ത ശേഷം തിരിച്ചടയ്ക്കാതിരിയ്ക്കുന്നത്. കുടിശ്ശിക തുക 87 രാജ്യങ്ങളിലെ ജിഡിപിയേക്കാള്‍ കൂടൂതലാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നു. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കേണ്ട പണമാണ് കുടിശ്ശികയായി അവശേഷിക്കുന്നത്.

കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാനാകാതെ രാജ്യം വിട്ട വിജയ് മല്യയെയും നീരവ് മോദിയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഋഷി അഗര്‍വാളിന്റെ എബിജി ഗ്രൂപ്പാണ് കുടിശ്ശികക്കാരിരില്‍ മുന്നില്‍ നില്‍ക്കുന്നത്. വിവിധ ബാങ്കുകളിലായി കമ്പനിയുടെ ഏഴ് വായ്പാ അക്കൗണ്ടുകളില്‍ 6,382 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്.

വിജയ് മല്യ
വിജയ് മല്യ

അരവിന്ദ് ധാം നേതൃത്വം നല്‍കുന്ന ആംടെക് ഓട്ടോയും അനുബന്ധ കമ്പനികളും 5,885 കോടി രൂപ കുടിശ്ശിക വരുത്തി രണ്ടാം സ്ഥാനത്തുണ്ട്. ഏതാനും വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന സഹോദരന്മാരായ നിതിന്‍, ചേതന്‍ സന്ദേശര എന്നിവരുടെ കമ്പനിയായ സ്റ്റെര്‍ലിംഗ് ഗ്ലോബല്‍ ഓയില്‍ റിസോഴ്‌സിന്റെയും അനുബന്ധ സ്ഥാപനങ്ങളും ഏകദേശം 3757 രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.

കപില്‍, ധീരജ് വാധവാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദിവാന്‍ ഹൗസിംഗ് ഫിനാന്‍സും അനുബന്ധ സ്ഥാപനങ്ങളും 2,780 കോടി തിരിച്ചടയ്ക്കാനുണ്ട്. സഹോദരന്മാരായ സഞ്ജയ്, സന്ദീപ് ജുന്‍ജുന്‍വാല എന്നിവരുടെ കമ്പനി റെയ് അഗ്രോ വരുത്തിയിരിക്കുന്നത് 2,602 കോടി രൂപ ബാധ്യതയാണ്. മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ്, സഞ്ജയ് കുമാര്‍ സുരേകയുടെ കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍, അതുല്‍ പുഞ്ചിന്റെ പുഞ്ച് ലോയിഡ്, ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് എന്നിവയാണ് 2000 കോടി രൂപയിലധികം ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത മറ്റ് കമ്പനികള്‍.

മെഹുല്ർ ചോക്സി
മെഹുല്ർ ചോക്സി

ചോക്‌സിയും മേത്തയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തു. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയും ഡല്‍ഹിയും പശ്ചിമബംഗാളുമാണ്.

സമ്പന്നര്‍ക്കും വന്‍കിട കമ്പനികള്‍ക്കും വായ്പ നല്‍കി അബദ്ധത്തില്‍പ്പെട്ടത് സ്വകാര്യ കമ്പനികളല്ല. ഭൂരിഭാഗം വായ്പകളും നല്‍കിയിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. അതില്‍ 30 ശതമാനത്തോളം വായ്പകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതാണ്. ചെറിയ വായ്പകള്‍ എടുത്ത സാധാരണക്കാര്‍ തിരിച്ചടവില്‍ വലിയ വീഴ്ച്ച വരുത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in