ബെൻസിന്റെ 10 പുതിയ മോഡലുകൾ കൂടി ഇന്ത്യയിൽ എത്തുന്നു

ബെൻസിന്റെ 10 പുതിയ മോഡലുകൾ കൂടി ഇന്ത്യയിൽ എത്തുന്നു

ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ ഏകദേശം 44 ശതമാനം വിഹിതവുമായി മെഴ്സിഡീസ് ബെൻസ് ആണ് മുന്നിൽ
Updated on
1 min read

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് ഈ വർഷം 10 പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മെഴ്സിഡീസ് ബെൻസിന്റെ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. എന്നാൽ പുതുതായി അവതരിപ്പിക്കുന്ന 10 വാഹനങ്ങളിൽ എത്രയെണ്ണം ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് അയ്യർ വ്യക്തമാക്കിയിട്ടില്ല. 2021ൽ 11,242 കാറുകൾ വിറ്റിരുന്ന സ്ഥാനത്ത് 2022 ആയപ്പോൾ 15,822 കാറുകൾ എന്ന റെക്കോർഡ് വിപണിയിലേക്ക് എത്തിയതിന്റെ ഭാ​ഗമായാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ ഏകദേശം 44 ശതമാനം വിഹിതവുമായി മെഴ്സിഡീസ് ബെൻസ് ആണ് മുന്നിൽ.

കഴിഞ്ഞ വർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള 3500 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതിലൂടെ 69 ശതമാനം വളർച്ച കൈവരിച്ചു എന്നാണ് സന്തോഷ് അയ്യർ പറയുന്നത്. വിതരണത്തിൽ പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും മികച്ച വർഷമായിരുന്നു 2022 എന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 2022ലെ വളർച്ചയ്ക്ക് കാരണമായ പ്രധാന മോഡലുകളിൽ സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ് ലിമോസിനുകൾ, ജിഎൽഎ, ജിഎൽസി, ജിഎൽഇ, ജിഎൽഎസ് എസ്‌യുവികൾ എന്നിവ ഉൾപ്പെടുന്നു,

അതേസമയം, ഈ വർഷത്തെ ആദ്യ മെഴ്സിഡീസ് ബെൻസ് ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കി. കൺവെർട്ടബിൾ എഎംജി ഇ53 കാബ്രിയോലെറ്റ് 4മാറ്റിക്+ ആണ് പുതിയ മോഡൽ. ഇതിന് 1.30 കോടി രൂപയാണ് എക്സ്-ഷോറൂം വില. 4.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത ഇതിന് കൈവരിക്കാൻ കഴിയും. കമ്പനിയുടെ വിൽപ്പനയുടെ 22 ശതമാനവും ഈ മുൻനിര വാഹനങ്ങളിൽ നിന്നാണെന്ന് അയ്യർ വ്യക്തമാക്കുന്നു. കോവിഡിന് മുൻപ് കാറുകളുടെ വിൽപ്പന 12 ശതമാനമായിരുന്നു. എന്നാലിത്, 22 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അയ്യർ പറഞ്ഞു. അടുത്ത 2-3 വർഷത്തിനുള്ളിൽ മുൻനിര വാഹനങ്ങളുടെ മൊത്തം യൂണിറ്റ് വിൽപ്പനയുടെ 33 ശതമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 28 വർഷത്തിനിടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച വിൽപ്പനയാണ് മെഴ്‌സിഡസ് ബെൻസ് നേടിയത്. കൂടാതെ, 2022ൽ കമ്പനിക്ക് ഏകദേശം 2,000 ഓൺലൈൻ ഓർഡറുകൾ ലഭിച്ചു. കോവിഡിന് മുൻപ് പ്രതിവർഷം 1,000 കാറുകൾ വിറ്റിരുന്നു. അതേസമയം, ഇന്ത്യയിൽ ഉപയോ​ഗിച്ച കാറുകളുടെ വിൽപ്പനയിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, 2023ൽ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ ഒരു പേപ്പർലെസ് ഓർഗനൈസേഷനായി മാറാനാണ് ലക്ഷ്യമിടുന്നത്. 2021നെ അപേക്ഷിച്ച് ജല ഉപഭോഗവും മാലിന്യ ഉത്പാദനവും 19 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും സന്തോഷ് അയ്യർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in