നിര്‍മലാ സീതാരാമൻ
നിര്‍മലാ സീതാരാമൻ

'മറ്റ് കറന്‍സികളെ നോക്കൂ, തകർച്ചയില്ല'; രൂപ പിടിച്ചുനിന്നെന്ന് ധനമന്ത്രി നിർമല സീതാരാമൻ

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം
Updated on
1 min read

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലെത്തുകയും ഈ രീതി തുടര്‍ന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പും നിലനില്‍ക്കെ ആക്ഷേപങ്ങള്‍ തള്ളി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മികച്ച നിലയിൽ പിടിച്ചുനിന്നതായി ധനമന്ത്രി അവകാശപ്പെട്ടു. റിസർവ് ബാങ്കും ധനമന്ത്രാലയവും രൂപയുടെ വിനിമയ വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

''നിങ്ങളുടെ കൈവശമുള്ള കറൻസിയുടെ മൂല്യത്തിന് ഏറ്റക്കുറച്ചിലുണ്ടാകുന്നില്ലെങ്കിൽ അത് ഇന്ത്യൻ രൂപയായിരിക്കും. രൂപയ്ക്ക് മൂല്യത്തകർച്ചയുണ്ടാകാൻ സാധ്യതയുള്ള എല്ലാവഴികളും കേന്ദ്ര ധനമന്ത്രാലയം അടച്ചു.'' നിർമല സീതാരാമൻ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും ഉയർത്തിയത് രൂപയുടെ ഇടിവിന് പ്രധാന കാരണമായെന്ന് വിദഗ്ധർ

നിര്‍മലാ സീതാരാമൻ
കുത്തനെ ഇടിഞ്ഞ് രൂപ; രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്‌

സെപ്റ്റംബര്‍ 23ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു . ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 81.8 എന്ന നിലയിലേക്കു പതിച്ചിരുന്നു.

ഇന്ത്യന്‍ കറൻസിക്കുണ്ടായ മൂല്യത്തകര്‍ച്ച പ്രതിരോധിക്കാൻ പ്രവാസികളുടെ നിക്ഷേപം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ആർബിഐ സ്വീകരിക്കുന്നുണ്ട്. ഈ വർഷമാദ്യം ആരംഭിച്ച റഷ്യ - യുക്രെയ്ന്‍ യുദ്ധം ആഗോള തലത്തിൽ സൃഷ്‌ടിച്ച പ്രതിസന്ധിയാണ് നിലവിലെ മൂല്യ തകർച്ചയുടെ തുടക്കം. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും ഉയർത്തിയതും രൂപയുടെ ഇടിവിന് പ്രധാന കാരണമായി.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇക്കാലയളവില്‍ 1.6ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് ഇപ്പോള്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് യുഎസ് ഫെഡറല്‍ നിരക്കുകള്‍ ഉയര്‍ത്തുന്നത്. വലിയ ഇടിവ് രേഖപ്പെടുത്തിയ വെള്ളിയാഴ്ചയില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലാണ് പിന്നീട് വ്യപാരം അവസാനിപ്പിക്കുമ്പോഴേക്കും രൂപയെ അല്‍പമെങ്കിലും ഭേദപ്പെട്ട നിരക്കിലേക്ക് കരകയറ്റിയത്.

logo
The Fourth
www.thefourthnews.in