നിക്കോള മുതൽ വിൻസ് ഫിനാൻസ് വരെ: അദാനി മാത്രമല്ല, ഹിൻഡൻബർഗ് റിപ്പോർട്ടുകളിൽ കുടുങ്ങിയവർ ഏറെയുണ്ട്
അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് രാജ്യത്ത് വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. സെബി ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയതാണ് ഈ റിപ്പോർട്ട്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ധവൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ട്. സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ട് തുടങ്ങിയതാണ് റിപ്പോർട്ടിലെ ഉള്ളടക്കം. എന്നാൽ ഇതാദ്യമായല്ല ഹിൻഡൻബർഗ് സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തി ഞെട്ടിക്കുന്നത്.
2023 ജനുവരി 24 ന് അദാനിക്കെതിരെ ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച്, അവയിലൂടെ സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ സെബി അദാനിക്ക് ക്ളീൻ ചീറ്റ് കൊടുത്തിരുന്നു.
നഥാൻ (നേറ്റ്) ആൻഡേഴ്സൺ സ്ഥാപിച്ച ഒരു പ്രമുഖ നിക്ഷേപ ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്ച്. നിർണായകമായ പല റിപ്പോർട്ടുകളും പുറത്തുവിട്ട ചരിത്രം കമ്പനിക്കുണ്ട്. ഹിൻഡൻബർഗിന്റെ ചില സുപ്രധാന റിപ്പോർട്ടുകൾ ഇതാ :
ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഒരു അമേരിക്കൻ എനർജി സൊല്യൂഷൻസ് കമ്പനിയായ നിക്കോളക്കെതിരെ 2020 സെപ്റ്റംബറിൽ ആണ് ഹിൻഡൻബർഗ് റിപ്പോർട്ട് നൽകിയത്. അമേരിക്കയിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളിൽ ഒന്നായ ജനറൽ മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തിന് മുമ്പുള്ള വർഷങ്ങളിൽ നിക്കോള നടത്തിയ ചില വഞ്ചനകളുടെയും നുണകളുടെയും ഒരു നിര തന്നെ വെളിപ്പെടുത്തുന്നതായിരുന്നു ഈ റിപ്പോർട്ട്. കമ്പനിക്കകത്ത് നിന്ന് തന്നെയുള്ള മുൻ ജീവനക്കാരുടെയും വിസിൽബ്ലോവർമാരുടെയും സഹായത്തോടെയാണ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്. നിക്കോള സ്ഥാപകനായ ട്രെവർ മിൽട്ടൻ്റെ ഡസൻ കണക്കിന് തെറ്റായ പ്രസ്താവനകൾ വിശദമായി വിവരിക്കുന്ന-റെക്കോർഡ് ചെയ്ത ഫോൺ കോളുകൾ, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, സ്വകാര്യ ഇമെയിലുകൾ, തിരശ്ശീലയ്ക്ക് പിന്നിലെ ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടെ വിപുലമായ തെളിവുകൾ എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
വിൻസ് ഫിനാൻസിനെ സംബന്ധിക്കുന്നതാണ് മറ്റൊരു സുപ്രധാന വെളിപ്പെടുത്തൽ. ചൈന ആസ്ഥാനമായുള്ള ചെറുകിട ബിസിനസ്സ് ലെൻഡറാണ് വിൻസ് ഫിനാൻസ്. ചൈനീസ് കോടതികൾ വിൻസിൻ്റെ പ്രവർത്തന ഉപസ്ഥാപനത്തിൻ്റെ ആസ്തികളിൽ ആർഎംബി മൂന്നരക്കോടിയുടെ വസ്തുവകകൾ 2020 ജൂൺ 9-ന് മരവിപ്പിച്ചിരുന്നു. ചൈനയിലെ അതേ പ്രവർത്തന സ്ഥാപനത്തിന് 2019 നവംബർ മുതൽ രണ്ട് എൻഫോഴ്‌സ്‌മെൻ്റ് ഉത്തരവുകൾ ലഭിച്ചിട്ടുണ്ട്. വിൻസ് പ്രവർത്തനപരമായി പാപ്പരാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. യുഎസ് നിക്ഷേപകരിൽ നിന്ന് കമ്പനി ഇത് മറച്ച് വെച്ചിരിക്കുകയായിരുന്നു.
ചൈന മെറ്റൽ റിസോഴ്‌സ് യൂട്ടിലൈസേഷനെ സംബന്ധിച്ചായിരുന്നു ഹിൻഡൻബർഗിന്റെ അടുത്ത വെളിപ്പെടുത്തൽ. ചൈന മെറ്റൽ റിസോഴ്‌സസ് യൂട്ടിലൈസേഷൻ ഒരു 'സോംബി കമ്പനി' മാത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു. കമ്പനി നിരവധി സാമ്പത്തിക ക്രമക്കേടുകൾ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു.
ഇതുകൂടാതെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2014 മുതൽ ഹിൻഡൻബർഗ് നടത്തിയ വിവിധ വെളിപ്പെടുത്തലുകളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.