6000 പേർക്ക് ജോലി നഷ്ടമാകും; 
ഫിലിപ്സിലും കൂട്ട പിരിച്ചുവിടല്‍

6000 പേർക്ക് ജോലി നഷ്ടമാകും; ഫിലിപ്സിലും കൂട്ട പിരിച്ചുവിടല്‍

കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ലാഭകരമാക്കുന്നതിനും ഉത്പന്നങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം
Updated on
1 min read

ആഗോളതലത്തിൽ 6000 തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങി ഫിലിപ്സ്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ലാഭകരമാക്കുന്നതിനും ഉത്പന്നങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം. നിർമാണ തകരാർ കാരണം ശ്വസനോപകരണങ്ങൾ തിരിച്ച് വിളിച്ചത് മൂലം ഫിലിപ്സിന്റെ വിപണി മൂല്യത്തിൽ 70% ഇടിവ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് മാസം മുൻപ് കമ്പനി 4000 പേരെ പിരിച്ചുവിട്ടിരുന്നു. പകുതിയോളം തൊഴില്‍ തസ്തികകള്‍ ഈ വര്‍ഷം തന്നെ വെട്ടികുറയ്ക്കുമെന്ന് ഡച്ച് ഹെൽത്ത് ടെക്നോളജി കമ്പനിയായ ഫിലിപ്സ് അറിയിച്ചു.

സ്ലീപ് അപ്‌നിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് കമ്പനിയുടെ വീഴ്ചയ്ക്ക് കാരണമായി. 2022 കമ്പനിയെയും ഓഹരി ഉടമകളെയും സംബന്ധിച്ച് ഏറെ പ്രതിസന്ധി നിറഞ്ഞ വർഷമായിരുന്നു. അടിയന്തരമായി കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ മാറ്റം കൊണ്ടവരുന്നത്. കഴിഞ്ഞ വർഷം നാലാം പാദത്തില്‍ 10.5 കോടി യൂറോയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മറ്റ് പല വെല്ലുവിളികളും നേരിടുന്നതിനാല്‍ വിപണി നിലയില്‍ കമ്പനി പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് ഫിലിപ്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോയ് ജോക്കബ്‌സ് അറിയിച്ചു.

രോഗികളുടെ സുരക്ഷയും വിതരണശൃംഖലയുടെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്താന്‍ പുതിയ മാറ്റങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കമ്പനി വില്‍പനയുടെ 9 ശതമാനം ഗവേഷണത്തിനും വികസനത്തിനുമായി നിക്ഷേപിക്കുന്നത് തുടരുമെന്നും പുതിയ പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്നും റോയ് ജോക്കബ്‌സ് അറിയിച്ചു.

വിപണിയില്‍ വന്ന വെല്ലുവിളികള്‍ ഫിലിപ്‌സിന്റെ വില്‍പന 3 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം അവസാനത്തോടെ വില്‍പനയില്‍ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും വിതരണ ശൃംഖലയിൽ ഇപ്പോഴും വെല്ലുവിളി തുടരുകയാണ്. ക്രമേണ അതില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

130 വർഷങ്ങൾക്ക് മുൻപ് ഒരു ലൈറ്റിങ് കമ്പനിയായി ആരംഭിച്ച ഫിലിപ്‌സ് സമീപ വർഷങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായി. ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് ഹെൽത്ത് കെയർ ഉത്പ്പന്നങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആസ്തികൾ വിറ്റിരുന്നു.

logo
The Fourth
www.thefourthnews.in