ഇവിടുത്തെ റാണിമാരെല്ലാം സംരംഭകരാണ്
സംരംഭകരായ അഞ്ഞൂറിലേറെ സ്ത്രീകൾ, അവരെ ചേർത്തുനിർത്തുന്ന അഞ്ചുപേർ; സ്ത്രീ സംരംഭകരെന്ന് കേൾക്കുമ്പോഴേ ഇതൊക്കെ എത്ര കണ്ടതാണെന്ന് പുച്ഛിക്കുന്നവർക്കുള്ള മറുപടിയാണ് ക്യൂൻസ് ബിസിനസ് ഗ്ലോബൽ എന്ന ഓൺലൈൻ പെൺകൂട്ടായ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വനിതാ സംരംഭകരുടെ ഒത്തുചേരൽ. നാല് പെണ്ണുങ്ങൾ ചേർന്നാൽ ഒന്നും നടക്കില്ലെന്ന പഴഞ്ചൻ സ്ത്രീവിരുദ്ധ പ്രയോഗങ്ങൾക്കുള്ള ചുട്ട മറുപടിയാണ് ഈ പെൺകൂട്ടായ്മയുടെ വിജയം.
കൊടുങ്ങല്ലൂർ സ്വദേശി സന്ധ്യ സി രാധാകൃഷ്ണന്റേതാണ് QBG എന്ന ആശയം . സാൻഡീസ് ക്രാഫ്റ്റ് വേൾഡ് എന്ന പേരിൽ സന്ധ്യ ബ്രാൻഡ് ചെയ്ത ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി തന്റെ സംരംഭത്തിന് പ്രചാരം നേടിയെടുക്കാൻ സന്ധ്യക്ക് സാധിച്ചു. ആ ആത്മവിശ്വസമാണ് ഓൺലൈൻ കൂട്ടായ്മ എന്ന സാധ്യതയെക്കുറിച്ചു കൂടി ചിന്തിക്കാൻ സന്ധ്യയെ പ്രേരിപ്പിച്ചത്. ''വർക്കുകൾ കൂടുതലായി വരുമ്പോൾ വിശ്വസ്തരായവർക്ക് വീതിച്ച് നൽകുക പതിവുണ്ടായിരുന്നു. മറ്റൊരു സ്വഭാവത്തിലുള്ള വർക്കുകളാണെങ്കിൽ ആ മേഖലയിൽ പരിചയമുള്ള, ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പുള്ളവരിലേക്ക് കണക്ട് ചെയ്യാനും ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അതൊരു നെറ്റ്‌വര്‍ക്കിങ് സാധ്യതയാണല്ലോ എന്ന ആശയം ഉടലെടുത്തത് '' സന്ധ്യ പറയുന്നു.
സ്വന്തം സാധ്യതകൾ ഇല്ലാതാക്കുന്ന മണ്ടന്‍ തീരുമാനമാണ് അതെന്ന് പലരും കുറ്റപ്പെടുത്തിയപ്പോഴും തനിക്കുള്ളത് തന്നെ തേടിയെത്തുമെന്ന ഉറച്ച വിശ്വാസമാണ് സന്ധ്യയെ മുന്നോട്ട് നയിച്ചത്. സ്വന്തം ഫേസ്ബുക്ക് പ്രൊഫൈൽ വഴി മറ്റുള്ളവരുടെ പ്രൊഡക്ടുകൾ ഷെയർ ചെയ്തായിരുന്നു തുടക്കം. കൂടുതൽ പേരിലേക്ക് ഇതെല്ലാം എത്തിക്കണമെന്ന ആഗ്രഹം വന്നതോടെ 2022 ഫെബ്രുവരിയിൽ വലിയ പ്ലാനിങ്ങൊന്നുമില്ലാതെ തന്നെ സംരംഭകരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. നൂറിലേറെ പേർ ഗ്രൂപ്പിൽ ചേർന്നതോടെ അത് ഫേസ്ബുക്കിലെ സെല്ലിംഗ് ഗ്രൂപ്പ് എന്ന രൂപത്തിലേക്ക് വ്യാപിപ്പിച്ചു. മൂന്ന് മാസം കൊണ്ടുതന്നെ പതിനായിരത്തിലേറെ ഫോളോവേഴ്‌സ് പേജിലേക്ക് വന്നു. 18 വയസ് മുതൽ 50 വയസിലധികം പ്രായമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ. അതിൽ ചിലരെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ടുപോലും സ്വന്തമായി ഇല്ലാത്തവരും. പക്ഷെ അവരെയൊക്കെയും ഒരുപോലെ പരിഗണിക്കാനായി എന്നതാണ് QBG യുടെ വിജയം. ജൂലൈ 13ന് വ്യവസായമന്ത്രി പി രാജീവാണ് ഈ സംരംഭക കൂട്ടായ്മ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ച്, എച്ച് ആർ മേഖലയിലെ ജോലി ഉപേക്ഷിച്ച്, സ്വന്തം കരുത്തിൽ വിശ്വസിച്ച് മുന്നോട്ട് പോകുന്ന സന്ധ്യയ്ക്കൊപ്പം, ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മറ്റ് നാലുപേർ കൂടിയുണ്ട്. ബഹ്റൈനിൽ എംബ്രോയ്ഡറി സംരംഭകയായ ബ്ലസീന രാജേഷ്, ദുബൈയിൽ നിന്നുള്ള റെസ്യൂമേ മേക്ക് ഓവര്‍ ഡിസൈനർ രേണു ഷേണായ്, കുപ്പീസ് എന്ന ക്രാഫ്റ്റ് ബ്രാന്‍ഡിന്റെ നടത്തിപ്പുകാരി കണ്ണൂര്‍ സ്വദേശി ശിൽപ സുനിൽ, റാഷസ് ബൊട്ടീക്ക് ഉടമയായ കുവൈത്തിൽ നിന്നുള്ള വിദ്യാ മോഹൻ എന്നിവരാണ് ഈ പെൺകൂട്ടായ്മയെ നയിക്കുന്നത്. ഗ്രൂപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഇവർ അഞ്ചുപേരും ചേർന്നാണ്. ഓരോരുത്തരും ഓരോ ചുമതല ഏറ്റെടുത്ത് നിർവഹിക്കും.
ഗ്രൂപ്പിന്റെ പ്രവർത്തനം എങ്ങനെ?
വെറുതെ വിൽപ്പനയ്ക്ക് അവസരം ഒരുക്കുകയല്ല , മറിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് QBGയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സ്വന്തം ബ്രാൻഡ് ഉള്ളവരോ റീ സെൽ ചെയ്യുന്നവരോ സർവീസ് രംഗത്തുള്ളവരോ ആയ സ്ത്രീ സംരംഭകർക്കാണ് അംഗത്വം നൽകുന്നത്.
ഫോട്ടോയും ഇൻട്രോയും എല്ലാമായാണ് ഗ്രൂപ്പിലേക്കുള്ള പ്രവേശനം. വെള്ളിയാഴ്ചകളാണ് ഇൻട്രോ ഡേ ആയി നിശ്ചയിച്ചിട്ടുള്ളത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളാണ് റീസെല്ലേഴ്സിന് വിൽപനയ്ക്കുള്ള ദിവസങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. സ്വന്തം ബ്രാൻഡുകാർക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വിൽപ്പന നടത്താം. ശനിയാഴ്ച വീക്കെൻഡ് സെയിൽ എന്ന ആശയമാണ്. ഞായറാഴ്ചകളിൽ സോഷ്യൽ മീഡിയ ഹാൻഡിൽ ഉപയോഗിക്കുന്നതിൽ പരിശീലനവും അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസുകളും നൽകും. അംഗങ്ങളായ സംരംഭകർക്ക് കൗൺസിലിംഗ് അടക്കമുള്ള പിന്തുണയും QBGയിൽ നിന്ന് ലഭ്യമാകും.
"ഓർഡറുകൾ കിട്ടി തുടങ്ങി എന്ന് പറഞ്ഞ് വിളിക്കുന്ന സ്ത്രീകളാണ് QBGയുടെ വിജയം. ഇവിടെ ഓരോ സെല്ലറും ബയർ കൂടിയാവുകയാണ്. അതുകൊണ്ടു തന്നെ ആർക്കും വിൽപ്പന നടക്കാത്ത സാചര്യമുണ്ടാകുന്നില്ല.ഗ്രൂപ്പിനുള്ളിൽ നിന്ന് ലഭ്യമാകാത്ത സാധനങ്ങൾ മാത്രമെ ഓരോ അംഗവും പുറത്ത് നിന്ന് വാങ്ങാറുള്ളൂ" -സന്ധ്യ പറയുന്നു.
ഭാവി പരിപാടികൾ എന്തൊക്കെ?
QBGയുടെ ആദ്യ ഔട്ട്ലറ്റ് കൊച്ചിയിലോ തിരുവനന്തപുരത്തോ ആരംഭിക്കണമെന്നാണ് കൂട്ടായ്മ ആഗ്രഹിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങളുടെ ഉൽപന്നങ്ങളെല്ലാം ലഭ്യമാകുന്ന ഇടമാകും ഈ ഔട്ട്ലറ്റ്. QBG വിജയമായപ്പോൾ തന്നെ ഔട്ട്ലറ്റ് എന്ന ആശയം ഏറ്റെടുക്കാൻ പുറത്ത് നിന്ന് പോലും ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ കൂട്ടായ്മയുടെ സ്വന്തം ഔട്ട്ലറ്റ് എന്നതിൽ വിട്ടുവീഴ്ചയ്ക്ക് ഇവർ തയ്യാറല്ല . കുറച്ച് സമയമെടുത്താണെങ്കിലും QBG വെബ്സൈറ്റ് എന്ന സ്വപ്നവും സാക്ഷാത്കരിക്കാനാകുമെന്ന ദൃഢവിശ്വാസത്തിലാണ് സന്ധ്യയും കൂട്ടുകാരികളും. ഓഗസ്റ്റ് 20,21 തീയതികളിലായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന QBG ഓണച്ചന്തയാകും കൂട്ടായ്മയുടെ നേതൃത്വത്തിലൊരുങ്ങുന്ന ആദ്യ പരിപാടി.
സർക്കാരിന്റെ ഒരു ലക്ഷം സംരംഭകർ എന്ന പദ്ധതിയുമായി QBGയിലെ അംഗങ്ങളെ സഹകരിപ്പിക്കുന്നതില്‍ ചർച്ച നടത്താമെന്ന് വ്യവസായമന്ത്രി പി രാജീവ് ഉറപ്പു നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ ജില്ലാതല പരിപാടികളിൽ ഗ്രൂപ്പ് അംഗങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള നടപടികളുമുണ്ടാകും. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ കൂട്ടായ്മയിലെ അംഗങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു.
ഓരോ സംരംഭകരുടേയും ഐഡന്റിറ്റി നിലനിർത്തി ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ടുപോകുകയെന്ന വലിയ വെല്ലുവിളിയാണ് കൂട്ടായ്മയുടെ കരുത്തിലൂടെ QBG നേടിയെടുക്കുന്നത്. വലിയ ബിസിനസ് സംരംഭകർ പോലും വിപണിയിൽ QBGയെ എതിരാളികളായി കണ്ട് തുടങ്ങിയത് ഈ പെൺകരുത്തിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.