തനിച്ചായ വയോധികര്‍ക്ക് യുവാക്കളുടെ ചങ്ങാത്തം; സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി രത്തന്‍ ടാറ്റ
ഗുഡ്ഫെല്ലോസ്

തനിച്ചായ വയോധികര്‍ക്ക് യുവാക്കളുടെ ചങ്ങാത്തം; സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി രത്തന്‍ ടാറ്റ

ആദ്യ മാസം ഗുഡ്ഫെല്ലോസിന്‍റെ സേവനം പൂര്‍ണമായും സൗജന്യമായിരിക്കും
Updated on
1 min read

തലമുറകള്‍ തമ്മില്‍ ആരോഗ്യകരമായ സൗഹൃദം സ്ഥാപിക്കുകയും സഹായമുള്‍പ്പെടെ എത്തിക്കുകയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഫെല്ലോസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തും . തനിച്ചായ വയോധികര്‍ക്കൊപ്പം സഹാനുഭൂതിയോടെ, ഒരു കൊച്ചുമകനെ പോലെ, സമയം ചെലവിടുന്നതിന് യുവാക്കളെ നിയോഗിക്കുക എന്നതാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.

രത്തന്‍ ടാറ്റയുടെ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ കൂടിയായ ശന്തനു നായിഡു ആണ് ഗുഡ്‌ഫെല്ലോസിന്റെ അമരക്കാരന്‍. സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുമെന്ന് രത്തന്‍ ടാറ്റ അറിയിച്ചെങ്കിലും തുക വ്യക്തമാക്കിയിട്ടില്ല.

രണ്ട് തലമുറകള്‍ക്കിടയില്‍ ഗുഡ്ഫെല്ലോസ് സൃഷ്ടിക്കുന്ന സൗഹൃദം വളരെ അര്‍ത്ഥവത്താണ്
രത്തന്‍ ടാറ്റ

ആദ്യ മാസം ഗുഡ്ഫെല്ലോസിന്‍റെ സേവനം പൂര്‍ണമായും സൗജന്യമായിരിക്കും. സംരംഭത്തിന്‍റെ ആശയം അനുഭവത്തിലൂടെ മാത്രമെ ആളുകളിലേക്ക് എത്തൂവെന്നതിനാലാണ് ഈ തീരുമാനം. രണ്ടാം മാസം മുതല്‍ ചെറിയൊരു തുക വരിസംഖ്യ ഈടാക്കും. ഇത്തരം ഒരു സംരംഭത്തില്‍ ടാറ്റയുടെ നിക്ഷേപം എത്തുമ്പോള്‍ ഈ ആശയത്തിനും സമര്‍പ്പണത്തിനും ലഭിച്ച പ്രോത്സാഹനമാണെന്ന് ശന്തനു നായിഡു പറഞ്ഞു.

''രണ്ട് തലമുറകള്‍ക്കിടയില്‍ ഗുഡ്ഫെല്ലോസ് സൃഷ്ടിക്കുന്ന സൗഹൃദം വളരെ അര്‍ത്ഥവത്താണ്. വലിയൊരു സാമൂഹിക പ്രശ്നത്തെയാണ് സംരംഭം അഭിസംബോധന ചെയ്യുന്നത് '' രത്തന്‍ ടാറ്റ പറഞ്ഞു.

മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉപദേശം സ്വീകരിച്ച ശേഷമായിരിക്കും വയോധികര്‍ക്ക് കൂട്ടായത്തുന്ന യുവാക്കളെ തിരഞ്ഞെടുക്കുക. പുനെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ഗുഡ്‌ഫെല്ലോസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ശന്തനു നായിഡു പറഞ്ഞു. ഗുഡ്‌ഫെല്ലോസ് നിയോഗിക്കുന്ന കംപാനിയന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീടുകളിലെത്തുകയും നാല് മണിക്കൂര്‍ വരെ വയോധികര്‍ക്കൊപ്പം ചെലവിടുകയും ചെയ്യും. പത്രം ഉറക്കെ വായിച്ച് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങളും ചെയ്ത് നല്‍കും.

logo
The Fourth
www.thefourthnews.in