'ഇത്തവണ വര്‍ധനവില്ല': ആർബിഐ റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും; നിരക്ക് വർധന താത്കാലികമായി നിർത്തി എംപിസി
റിപ്പോ നിരക്കിൽ വർധനവ് വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം. റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്താൻ റിസർവ് ബാങ്കിന്റെ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മൂന്ന് ദിവസം നീണ്ട അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. ധനനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളില്‍ അഞ്ച് പേരും ഇതിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ വർഷം മെയ് മുതൽ തുടർച്ചയായി ആറ് തവണയാണ് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചത്.
പണപ്പെരുപ്പം പ്രതീക്ഷിച്ചത് പോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വർധനവ് വേണ്ടെന്ന് വയ്ക്കുകയാണ്. എന്നാൽ 2023 ന്റെ ആദ്യപാദം മെച്ചപ്പെട്ടതാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആർബിഐയുടേത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് തന്നെ ഭവന - വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല.
2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപി 6.5 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷ. അതേസമയം ആദ്യ പാദത്തിലെ ജിഡിപി വളർച്ച 7.8 ശതമാനത്തിലും രണ്ടാം പാദത്തിലെ വളർച്ച 6.2 ശതമാനത്തിലും മൂന്നാ പാദത്തിൽ 6.1 ശതമാനത്തിലും നാലാം പാദത്തിൽ 5.9 ശതമാനവുമാണെന്നാണ് വളര്‍ച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് നിരക്ക് വര്‍ധന തത്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.