പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാങ്കിംഗ് മേഖല പൊളിച്ചെഴുതപ്പെടും; ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി ആര്‍ബിഐ

2022-23 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്നും ഇത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു
Updated on
2 min read

ഇന്ത്യയിൽ ഡിജിറ്റൽ കറൻസി പരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഉപയോഗങ്ങള്‍ക്കായി ഡിജിറ്റൽ റുപ്പി അഥവാ ഇ-രൂപയുടെ പൈലറ്റ് ലോഞ്ച് ഉടൻ ആരംഭിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് സംവിധാനം, പണനയം, സാമ്പത്തിക സ്ഥിരത എന്നിവയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കുകയും സ്വകാര്യത നയങ്ങള്‍ വിശകലനം ചെയ്യുകയുമാണ് ആദ്യം ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് സർക്കാർ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത്? ഒരു പുതിയ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള പരിവർത്തനം എങ്ങിനെയായിരിക്കും?

2022-23 ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കുമെന്നും ഇത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രതീക്ഷ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. 2022-23 മുതൽ കറൻസി ഇഷ്യൂ ചെയ്യുന്നതിന് ബ്ലോക്ക്ചെയിൻ പോലുള്ള സാങ്കേതികവിദ്യകൾ റിസർവ് ബാങ്ക് ഉപയോഗിക്കുമെന്നും ധനകാര്യ വകുപ്പ് സൂചിപ്പിച്ചിരുന്നു.

എന്താണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി?

ഡിജിറ്റൽ രൂപത്തിൽ നിലനിൽക്കുന്നു എന്നതൊഴിച്ചാൽ അത് നമ്മുടെ വാലറ്റുകളിൽ ഉള്ള പണത്തിൽ നിന്ന് വ്യത്യസ്തമല്ല. സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള ഡിജിറ്റൽ വാലറ്റിലാകും സാമ്പത്തിക ഇടപാടുകൾ നടക്കുക.

ആർബിഐയുടെ ഡിജിറ്റൽ രൂപ ബാങ്കുകളിലെ ഡിമാൻഡ് ഡിപ്പോസിറ്റുകളെ നേരിട്ട് മാറ്റിസ്ഥാപിക്കില്ല. ബാങ്കുകൾ ഫിസിക്കൽ ക്യാഷ് ഉപയോഗിക്കുന്നത് തുടരും. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അങ്ങനെ ചെയ്യാനും ബാങ്ക് നിക്ഷേപങ്ങൾ പുതിയ ഡിജിറ്റൽ രൂപയിലേക്ക് മാറ്റാനാഗ്രഹിക്കുന്നവർക്ക് ഈ മാർഗം തിരഞ്ഞെടുക്കാനും അവസരമുണ്ടാകും.

എന്തുകൊണ്ടാണ് കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസികൾ വിതരണം ചെയ്യുന്നത്?

ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ കറൻസികളുടെ ആവശ്യം വർധിച്ചുവരികയാണെന്നാണ് സെൻട്രൽ ബാങ്കുകൾ അവകാശപ്പെടുന്നത്. ബിറ്റ്‌കോയിൻ പോലുള്ള സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ വരവും ഡിജിറ്റൽ പേയ്‌മെന്റുകളുടെ വർധിച്ചുവരുന്ന ഉപയോഗവും ഈ ആവശ്യത്തിന് അടിവരയിടുന്നതാണ് അവർ ചൂണ്ടിക്കാട്ടുന്നു. അസ്ഥിരവും അനിയന്ത്രിതവുമായ സ്വകാര്യ കറൻസികൾക്ക് വിശ്വസനീയവും പരമാധികാര പിന്തുണയുള്ളതുമായ ബദലുകളായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ മാറുമെന്നും അവർ വാഗ്ദാനം ചെയ്യുന്നു.

സെൻട്രൽ ബാങ്കുകൾ നൽകുന്ന കറൻസികളിൽ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സ്വകാര്യ കറൻസികളുടെ ആവശ്യം ഉയരുന്നതെന്നാണ് വിമർശനം നേരത്തെ തന്നെ ഉയരുന്നതാണ്. ലോകമെമ്പാടുമുള്ള കറൻസികൾ ആവശ്യത്തിലുമധികം അച്ചടിക്കുന്നതും മൂല്യച്യുതി ഉണ്ടാകുന്നതുമാണ് സ്വകാര്യ ഡിജിറ്റല്‍ കറൻസികളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിമര്‍ശനം.

ഡിജിറ്റൽ കറൻസികൾ ഇഷ്യൂ ചെയ്യുന്നതിനുള്ള ചെലവ് ഫിസിക്കൽ ക്യാഷ് അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചെലവിനേക്കാൾ വളരെ കുറവാണ്. ഡിജിറ്റൽ രൂപയുടെ രൂപീകരണവും വിതരണവും ഇലക്‌ട്രോണിക് രീതിയിലാകുമെന്നതിനാൽ ആർബിഐക്ക് അവ വിതരണം ചെയ്യാൻ അനായാസം സാധിക്കും.

ഫിസിക്കൽ പണത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഡിജിറ്റൽ കാഷ് അവതരിപ്പിക്കുന്നതിനുള്ള മറ്റൊരു കാരണം. ആർബിഐ നിരീക്ഷിക്കുന്ന ഡിജിറ്റൽ കറൻസി, സെൻട്രൽ ബാങ്കിന് കൂടുതൽ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. എന്നാൽ, ഡിജിറ്റൽ കറൻസികളുടെ ഈ സവിശേഷത, സ്വകാര്യതയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നുണ്ട്.

CBDC ലോകമെമ്പാടും സാധാരണമായിക്കൊണ്ടിരിക്കുകയാണോ?

അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സമീപ വർഷങ്ങളിൽ സ്വന്തം സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) ഇഷ്യൂ ചെയ്യുന്നതിനായി ശ്രമിക്കുന്നുണ്ട്. 2020 ഒക്ടോബറിൽ, ബഹാമസ് ലോകത്തിലെ ആദ്യത്തെ സിബിഡിസി അവതരിപ്പിച്ചു. ഫിൻലാൻഡും ഡെൻമാർക്കും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ റദ്ദാക്കിയതായി CBDCTracker.org പറയുന്നു.

സെൻട്രൽ ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ കറൻസികൾ സ്വീകരിക്കുന്നതിലെ അപകടസാധ്യത എന്തൊക്കെ?

പണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. ആർ‌ബി‌ഐ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ വാലറ്റിന് അതേ കാര്യക്ഷമത ഉണ്ടെങ്കിലും, സെൻട്രൽ ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ കറൻസികൾ കൂടുതൽ പ്രചാരത്തിലായാൽ, ആളുകൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ തുടങ്ങിയേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ബാങ്കുകൾക്ക് ശുഭസൂചനയല്ല. ഈ ആശങ്ക, ആർബിഐ ഡെപ്യൂട്ടി ഗവർണറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ആളുകൾക്ക് അവരുടെ ബാങ്ക് നിക്ഷേപങ്ങൾ ഡിജിറ്റൽ കറൻസിയാക്കി മാറ്റാൻ അവസരമുണ്ട്.

ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, ബാങ്ക് അക്കൗണ്ടുകൾ നിക്ഷേപങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നത് ഡിജിറ്റൽ കറൻസികളിലേക്കുള്ള ഒഴുക്ക് കുറയാൻ കാരണമാകും. എന്നാൽ ഡിജിറ്റൽ കുറൻസിയുടെ വരവോടെ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിക്കുന്നത് ബാങ്കുകൾ സൃഷ്ടിക്കുന്ന വായ്പയുടെ അളവിനെയും ബാധിക്കാനും സാധ്യതയുണ്ട്.

ഡിജിറ്റൽ കറൻസിയുടെ ഭാവി

ഒരു വ്യക്തിക്ക് സിബിഡിസിയുടെ രൂപത്തിൽ കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി സെൻട്രൽ ബാങ്കുകൾ നിയന്ത്രിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ബാങ്കുകളിൽ നിന്ന് നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നത് തടയാൻ ഇത് സഹായിക്കും. യൂറോപ്യൻ സെൻട്രൽ ബാങ്ക് പോലുള്ളവ അവരുടെ ഡിജിറ്റൽ കറൻസികൾക്ക് നെഗറ്റീവ് പിഴ ചുമത്തിയേക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ആളുകളെ ഡിജിറ്റൽ കറൻസികൾ ചെലവഴിക്കാൻ നിർബന്ധിക്കുന്നതിനും നെഗറ്റീവ് പലിശ നിരക്ക് ഏർപ്പെടുത്തുന്ന ബാങ്കുകളിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും ഈ വഴി ഉപയോഗിക്കാം. ഡിജിറ്റൽ കറൻസികളിലേക്കുള്ള നിക്ഷേപകരുടെ തിരക്ക് മൂലം വായ്പകൾ സൃഷ്ടിക്കാനുള്ള ബാങ്കുകളുടെ കഴിവ് ഇല്ലാതാകുന്നില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് ഉറപ്പാക്കേണ്ടി വരും. ഇതിനായി സെൻട്രൽ ബാങ്കുകൾ ബാങ്കുകളിലേക്ക് പണം കൂടുതൽ നിക്ഷേപിക്കേണ്ടതായി വരും.

logo
The Fourth
www.thefourthnews.in