ഡിജിറ്റല്‍ രൂപ പരീക്ഷണ ഇടപാട് നാളെ മുതല്‍; ആദ്യം തിരഞ്ഞെടുക്കപ്പെട്ട നാല് നഗരങ്ങളില്‍
രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നാളെ തുടക്കമിടും. മുബൈ, ഡല്‍ഹി, ബെംഗളൂരു, ഭൂവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് ഇ-റുപ്പി ആദ്യഘട്ടത്തിലെത്തുക. പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമായിരിക്കും ഡിജിറ്റല്‍ കറന്‍സിക്കും. നാല് നഗരങ്ങളിലെ പരീക്ഷണ ഇടപാടുകള്‍ക്ക് ശേഷം അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, പാട്‌ന, ഷിംല എന്നീ നഗരങ്ങളിലേയ്ക്ക് ഡിജിറ്റല്‍ കറന്‍സി വ്യാപിപ്പിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.
പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമായിരിക്കും ഡിജിറ്റല്‍ കറന്‍സിക്കും ഉണ്ടായിരിക്കുക
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി എന്നീ ബാങ്കുകളെയാണ് ആദ്യഘട്ടം നടപ്പാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിലൂടെ പ്രവര്‍ത്തനം പിന്നീട് വ്യാപിപ്പിക്കും. ഇ-റുപ്പിക്ക് സാധാരണ കറന്‍സിയുമായി രൂപ സാദൃശ്യം ഉണ്ടായിരിക്കും. റിസര്‍വ് ബാങ്കിനാണ് ഡിജിറ്റല്‍ റുപ്പിയുടെ ഉടമസ്ഥാവകാശം. ഇടപാടുകള്‍ സുഗമമാക്കുക, സുതാര്യമാക്കുക, വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-റുപ്പി ആര്‍ബിഐ അവതരിപ്പിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കുന്നതിന് പിന്നിലുണ്ട്.
പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണമാണ് ഡിജിറ്റല്‍ കറന്‍സി. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഒരു കേന്ദ്രീകൃത അതോറിറ്റി ഇല്ലാതെയാണ് ഡിജിറ്റല്‍ കറന്‍സികള്‍ സാധാരാണയായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവ നികുതി വെട്ടിപ്പിനും ഭീകര പ്രവര്‍ത്തനും ഉപയോഗിക്കുമെന്നതിനാല്‍ ഒരു ബദല്‍ മാര്‍ഗമെന്നനിലയിലും അത്തരം കറന്‍സികള്‍ക്കുമേല്‍ ഒരു നിയന്ത്രണം കൊണ്ടുവരാനുമായാണ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ഇ-റുപ്പി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരിക്കും.
ക്രിപ്‌റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഇ റുപ്പിക്കുണ്ട്.
ബാങ്കുകള്‍ വഴിയായിരിക്കും ഡിജിറ്റല്‍ കറന്‍സികള്‍ വിതരണം ചെയ്യുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ടാകും ഇടപാടുകള്‍ നടത്തുക. വ്യാജന്മാരെ തടയുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇതില്‍ സാധ്യമാക്കിയിട്ടുണ്ട്. സാധാരണ ബാങ്കിടപാടുകളും ഈ ഡിജിറ്റല്‍ കറന്‍സികള്‍ കൊണ്ട് സാധ്യമാകും. വ്യാപാര്യ സ്ഥാപനങ്ങളിലുള്ള ക്യൂ ആര്‍ കോഡ് വഴി പണം നല്‍കാനാകും.
66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിനിടയിലാണ് ആര്‍ബിഐ ഇ-റുപ്പി അവതരിപ്പിക്കുന്നത്. 2022 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതിന് ശേഷമായിരിക്കും ഡിജിറ്റല്‍ റുപ്പിയുടെ അന്തിമ രൂപം ആര്‍ബിഐ പുറത്തിറക്കുക.