ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി: റഷ്യയെ മറികടന്ന് വീണ്ടും സൗദി
ഇന്ത്യയിലേക്കുള്ള എണ്ണകയറ്റുമതിയില്‍ റഷ്യയെ മറികടന്ന് വീണ്ടും സൗദി രണ്ടാമതെത്തി. ഇറാനാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ജൂണില്‍ സൗദിയെ മറികടന്ന് റഷ്യ രണ്ടാമതെത്തിയി രുന്നു. യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം റഷ്യ ക്രൂഡ് ഓയില്‍ വില കുറച്ചിരുന്നു. സൗദിയില്‍ നിന്ന് എണ്ണവാങ്ങുന്ന പ്രമുഖ രാജ്യമായ ഇന്ത്യ ഈ അവസരം പ്രയോജനപ്പെടുത്തിയതോടെയാണ് ജൂണില്‍ റഷ്യ രണ്ടാം സ്ഥാനത്തെത്തിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യയില്‍ നിന്ന് മാത്രം ഇന്ത്യ പ്രതിദിനം 8,63,950 ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ മാസങ്ങളുമായി ഒത്തുനോക്കുമ്പോള്‍ ഏകദേശം 4.8 ശതമാനത്തിന്റെ വര്‍ധനവാണ് ഇറക്കുമതിയിലുണ്ടായത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇക്കാലയളവില്‍ 2.4 ശതമാനം ഇടിയുകയും ചെയ്തു.
ആഫ്രിക്കയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഒപെക് സംഘടന വെട്ടിക്കുറച്ചിരുന്നു
സൗദി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നെങ്കിലും ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള എണ്ണ കയറ്റുമതി ഒപെക് (OPEC) വെട്ടിക്കുറച്ചു. കസാഖിസ്ഥാന്‍, റഷ്യ, അസര്‍ബെജാന്‍ എന്നിവടങ്ങളില്‍ എണ്ണയുടെ ഉപഭോഗം വര്‍ധിച്ചതിന്റെ ഫലമായാണ് ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി 16 വര്‍ഷത്തിനിടെ ആദ്യമായി എണ്ണ ഇറക്കുമതി നിരക്കും കുറഞ്ഞു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഏകദേശം 4.8 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞമാസങ്ങളിലുണ്ടായത്.
ഫെബ്രുവരി അവസാനത്തോടെ ഉക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും യാതൊരു ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യ ഇതുവരെ റഷ്യയെ പരസ്യമായി അപലപിച്ചിട്ടുമില്ല. മറ്റുരാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ റഷ്യ നിര്‍ബന്ധിതരാവുകയായിരുന്നു.