വായ്പയെന്ന വ്യാജേന പണം വകമാറ്റി; അനിൽ അംബാനിക്ക് ഓഹരിവിപണിയിൽ അഞ്ച് വർഷം വിലക്ക്, 25 കോടി പിഴ

വായ്പയെന്ന വ്യാജേന പണം വകമാറ്റി; അനിൽ അംബാനിക്ക് ഓഹരിവിപണിയിൽ അഞ്ച് വർഷം വിലക്ക്, 25 കോടി പിഴ

മറ്റ് 24 കമ്പനികളും സെബിയുടെ വിലക്ക് നേരിട്ടവരിൽ ഉൾപ്പെടുന്നു
Updated on
2 min read

അനിൽ അംബാനിയെ ഓഹരി വിപണിയിൽ അഞ്ച് വർഷത്തേക്ക് വിലക്കി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). ഫണ്ട് തിരിമറി നടത്തിയതിനാണ് അനിൽ അംബാനിയും റിലയൻസ് ഹോം ഫിനാൻസിൽ പ്രധാന ചുമതലകളിലുണ്ടായിരുന്നവരുമുൾപ്പെടെയുള്ളവരെ വിലക്കിയത്. 25 കോടി രൂപ പിഴയും ചുമത്തി. മറ്റ് 24 കമ്പനികളും വിലക്ക് നേരിട്ടവരിൽ ഉൾപ്പെടുന്നു.

പിഴയ്ക്കും വിലക്കിനും പുറമെ സെബി ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിർണായക പദവികൾ വഹിക്കുന്നതിനും ഈ കാലയളവിൽ അനിൽ അംബാനിക്ക് സാധിക്കില്ല. അനിൽ അംബാനിക്കുള്ള വ്യക്തിപരമായ വിലക്കിനു പുറമെ റിലയൻസ് ഹോം ഫിനാൻസിനെയും ആറുമാസത്തേക്ക് സെബി വിലക്കിയിട്ടുണ്ട്. ആറുലക്ഷം രൂപ പിഴയും നൽകണം.

ഇല്ലാത്ത പദ്ധതികൾ ആവിഷ്കരിച്ച് റിലയൻസ് ഹോം ഫിനാൻസിൽ നിന്നും പണം തട്ടിയെന്നതാണ് അനിൽ അംബാനിക്കെതിരെ ഉയരുന്ന ആരോപണം. അത് റിലയൻസുമായി ചേർന്നുനിൽക്കുന്ന മറ്റ് കമ്പനികൾക്ക് വായ്പയായി നൽകിയതാണെന്നാണ് റിലയൻസ് നൽകുന്ന വിശദീകരണം. എന്നാൽ വായ്പയെന്ന വ്യാജേന പണം വകമാറ്റി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സെബിയുടെ വിലക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വായ്പയെന്ന വ്യാജേന പണം വകമാറ്റി; അനിൽ അംബാനിക്ക് ഓഹരിവിപണിയിൽ അഞ്ച് വർഷം വിലക്ക്, 25 കോടി പിഴ
ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഓഹരികളില്‍ വൻ ഇടിവ്, ഗ്രൂപ്പ്- നിക്ഷേപകർക്ക് നഷ്ടം 53,000 കോടി

ഇത്തരത്തിൽ പണം വകമാറ്റുന്നതിനെതിരെ ഡയറക്ടർ ബോർഡ് നൽകിയ ഉത്തരവ് മുഖവിലയ്‌ക്കെടുക്കാതെയാണ് മാനേജ്‌മെന്റ് ഈ പ്രവൃത്തി തുടർന്നതെന്നും സെബി കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനു പിന്നിൽ മാനേജ്മെന്റിലെ നിർണായക പദവികളിൽ ഇരിക്കുന്നവരാണെന്നും അതിൽ അംബാനിയുടെ സ്വാധീനമുണ്ടെന്നുമാണ് സെബിയുടെ കണ്ടെത്തൽ.

തട്ടിപ്പിൽ അനിൽ അംബാനിക്കും മാനേജ്‍മെന്റിലെ വ്യക്തികൾക്കുമുള്ള അത്രതന്നെ ഉത്തരവാദിത്തം റിലയൻസ് ഹോം ഫിനാൻസിനുണ്ടാകില്ലെന്നാണ് സെബി പറയുന്നത്. ചില വ്യക്തികളാണ് ഇതിനു പിന്നിലെന്നും കമ്പനിക്കു പൂർണ ഉത്തരവാദിത്തം നൽകാൻ സാധിക്കില്ലെന്നും സെബി വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വായ്പ സ്വീകരിച്ചിരിക്കുന്നവരാണ് വിലക്ക് നേരിടുന്ന മറ്റുള്ളവർ.

റിലയൻസ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ എന്ന നിലയിൽ അനിൽ അംബാനി നേരിട്ടിടപെട്ടാണ് വായ്പയെന്ന പേരിൽ പണം വകമാറ്റിയതെന്നാണ് സെബിയുടെ ഉത്തരവിൽ പറയുന്നത്. വളരെ ചെറിയ ഗ്യാരണ്ടി വച്ചുകൊണ്ടാണ് ഈ ലോണുകൾ നൽകിയതെന്നും സെബി കണ്ടെത്തുന്നു. വായ്പ ലഭിച്ചത് മുഴുവൻ റിലയൻസ് ഹോം ഫിനാൻസുമായി ബന്ധപ്പെട്ടവർക്കാണെന്നതും തിരച്ചടവ് മുടങ്ങിയതോടെ കമ്പനിയുടെ കടപരിധി ലംഘിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി അങ്ങനെയാണ് സെബി ഈ തട്ടിപ്പ് കണ്ടെത്തുന്നത്.

2018ൽ കമ്പനിയുടെ ഒരു ഓഹരിക്ക് 59.60 രൂപയായിരുന്നു മൂല്യം. എന്നാൽ 2020 ആകുമ്പഴേക്കും അത് 0.75 രൂപയായി കുറഞ്ഞു. കമ്പനിയുടെ വരുമാന സ്രോതസുകൾ കുറയാൻ തുടങ്ങിയതോടെ ഒൻപത് ലക്ഷത്തോളം വരുന്ന ഓഹരി ഉടമകൾ വലിയ തിരിച്ചടി നേരിടാൻ തുടങ്ങി.

വകമാറ്റി വായ്പയായി നൽകിയ പണം സ്വീകരിച്ചതിനും പണം വകമാറ്റുന്നതിനു കൂട്ടുനിന്നതിനും വായ്പ സ്വീകരിച്ച റിലയൻസ് യൂണികോൺ എന്റർപ്രൈസിസ് റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ് ലിമിറ്റഡ്, റിലയൻസ് കൊമേർഷ്യൽഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ക്ലീനേജ് ലിമിറ്റഡ് റിലയൻസ് ബ്രോഡ്‌കാസ്റ് ന്യൂസ് ഹോൾഡിങ്‌സ് ലിമിറ്റഡ്, റിലയൻസ് ബിഗ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് 25 കോടിരൂപവീതവും സെബി പിഴ ചുമത്തിയിട്ടുണ്ട്. അനിൽ അംബാനിക്കു പുറമെ അമിത് ബപ്‌നാ, രവീന്ദ്ര സുധാകർ, പിൻകേഷ് ആർ ഷാ ഇനീ മൂന്നു വ്യക്തികളെയും സെബി ഓഹരിവിപണിയിൽനിന്നു വിലക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in