നിക്ഷേപകരുടെ പണം വീണ്ടെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി സെബി; 7 ബിസിനസ് ഗ്രൂപ്പുകളുടെ സ്വത്തുക്കള്‍ ലേലത്തിന്

നിക്ഷേപകരുടെ പണം വീണ്ടെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി സെബി; 7 ബിസിനസ് ഗ്രൂപ്പുകളുടെ സ്വത്തുക്കള്‍ ലേലത്തിന്

റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാതെ നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിച്ചതാണ് സെബിയെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്
Updated on
2 min read

നിക്ഷേപകരുടെ പണം വീണ്ടെടുക്കുന്നതിനായി വിവിധ വാണിജ്യ സംരംഭങ്ങളുടെ വസ്തുവകകൾ ലേലം ചെയ്യാനൊരുങ്ങി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഏഴ് ബിസിനസ് ഗ്രൂപ്പുകളുടെ 17 വസ്തുവകകളാണ് ലേലം ചെയ്യുക. റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാതെ നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിച്ചതാണ് സെബിയെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്.

എംപിഎസ്, ടവർ ഇൻഫോടെക്, വിബ്ജിയോർ എന്നിവയുൾപ്പെടെയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ വസ്തുവകകളാണ് ജൂൺ 28-ന് നടക്കുന്ന ലേലത്തിൽ വിറ്റഴിക്കുക. കൂടാതെ, പ്രയാഗ ഗ്രൂപ്പ്, മൾട്ടി പർപ്പസ് ബയോസ് ഇന്ത്യ ഗ്രൂപ്പ്, വാരിസ് ഫിനാൻസ് ഇന്റർനാഷണൽ ഗ്രൂപ്പ്, പൈലാൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും സെബി പ്രസ്താവനയിൽ അറിയിച്ചു. പശ്ചിമ ബംഗാളിൽ ഉടനീളം സ്ഥിതി ചെയ്യുന്ന ഒരു വാണിജ്യ ഭൂമി, ബഹുനില കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ തുടങ്ങിയവ ലേലം ചെയ്യുന്ന 17 സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

ജൂൺ 28ന് രാവിലെ 11 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ ഓൺലൈനായാണ് ലേലം നടക്കുക. ആസ്തികളുടെ മൊത്തം കരുതൽ വില 51 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഈ വസ്‌തുക്കളുടെ വിൽപ്പനയിൽ സഹായിക്കാൻ സെബി ക്വിക്കർ റിയൽറ്റിയെ ഏർപ്പാടാക്കിയിട്ടുണ്ട്. ലേലം ചെയ്യാനിരിക്കുന്ന മൊത്തം സ്വത്തുക്കളിൽ അഞ്ചെണ്ണം എംപിഎസ് ഗ്രൂപ്പിന്റേതും നാലെണ്ണം വിബ്ജിയോറിന്റേതും മൂന്നെണ്ണം പൈലാൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടേതും രണ്ടെണ്ണം ടവർ ഇൻഫോടെക്കിന്റെതും ഒന്ന് മൾട്ടിപർപ്പസ് ബയോസ് ഇന്ത്യ ഗ്രൂപ്പിനും പ്രയാഗ് ഗ്രൂപ്പ്, വാരിസ് ഫിനാൻസ് എന്നിവയുടേതുമാണ്. ഈ സ്ഥാപനങ്ങൾ റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാതെ നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിച്ചതായി സെബി കണ്ടെത്തിയിരുന്നു.

എംപിഎസ് ഗ്രീനറി ഡെവലപ്പേഴ്‌സ് ഉൾപ്പെടുന്ന എംപിഎസ് ഗ്രൂപ്പ് അനധികൃത നിക്ഷേപ പദ്ധതികളിലൂടെ നിക്ഷേപകരിൽ നിന്ന് 1,520 കോടി രൂപയാണ് സമാഹരിച്ചത്. പ്രയാഗ ഇൻഫോടെക് 2007-2008 നും 2011-12 നും ഇടയിൽ 1.57 ലക്ഷത്തിലധികം നിക്ഷേപകരിൽ നിന്ന് കുറഞ്ഞത് 131.37 കോടി രൂപ സമാഹരിക്കുകയും ചെയ്തു. വിബ്ജിയോർ അലൈഡ് ഇൻഫ്രാസ്ട്രക്ചർ 2009-ൽ 49,562 നിക്ഷേപകർക്ക് ഓപ്ഷണലായി പൂർണ്ണമായി മാറ്റാവുന്ന കടപ്പത്രങ്ങൾ നൽകി 61.76 കോടി രൂപ സമാഹരിച്ചു. 2005-നും 2010-നും ഇടയിൽ 49,000-ലധികം നിക്ഷേപകരിൽ നിന്ന് ടവർ ഇൻഫോടെക് 46 കോടി രൂപ സമാഹരിച്ചു. മൾട്ടി പർപ്പസ് ബയോസ് 2007-08, 2011-12 സാമ്പത്തിക വർഷത്തിനിടയിൽ 1,460-ലധികം ആളുകളിൽ നിന്ന് 5.97 കോടി രൂപ ശേഖരിച്ചു. വാരിസ് ഫിനാൻസ് 2010-12 മുതൽ എൻസിഡികൾ നൽകി 5.12 കോടി രൂപയാണ് സമാഹരിച്ചത്.

കൊൽക്കത്ത ആസ്ഥാനമായുള്ള പൈലാൻ ഗ്രൂപ്പ് - പൈലാൻ അഗ്രോ ഇന്ത്യ ലിമിറ്റഡും പൈലാൻ പാർക്ക് ഡെവലപ്‌മെന്റ് അതോറിറ്റി ലിമിറ്റഡും - പൊതുജനങ്ങളിൽ നിന്ന് 98 കോടി രൂപ സമാഹരിച്ചിരുന്നു. നേരത്തെ, നിക്ഷേപകരുടെ പണം പലിശ സഹിതം തിരികെ നൽകണമെന്ന നിർദേശം നടപ്പാകാത്തതിനെ തുടർന്ന് സെബി ഇവരുടെ ചില സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഈ വിഷയങ്ങളിൽ, മാർക്കറ്റ് റെഗുലേറ്റർ ഡീമാറ്റ്, ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in