80 പൈലറ്റുമാര്‍ക്ക് മൂന്ന് മാസത്തേക്ക് ശമ്പളമില്ലാത്ത അവധി; ചെലവ് ചുരുക്കല്‍ നടപടിയുമായി സ്പൈസ്ജെറ്റ്

80 പൈലറ്റുമാര്‍ക്ക് മൂന്ന് മാസത്തേക്ക് ശമ്പളമില്ലാത്ത അവധി; ചെലവ് ചുരുക്കല്‍ നടപടിയുമായി സ്പൈസ്ജെറ്റ്

നാല് വര്‍ഷമായി സാമ്പത്തിക നഷ്ടത്തിലാണ് എയര്‍ലൈന്‍ കമ്പനി
Updated on
1 min read

സാമ്പത്തിക ബാധ്യത മൂലം പൈലറ്റുമാരെ ശമ്പളമില്ലാത്ത അവധിയിലേക്ക് അയക്കാനൊരുങ്ങി സ്‌പൈസ്ജെറ്റ്. 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കും. ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന 'ബോയിംഗ് 737' ലെ 40 പൈലറ്റുമാരെയും 'ക്യു 400 ' ലെ 40 പൈലറ്റുമാരെയുമാണ് അവധിയില്‍ പ്രവേശിപ്പിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള താല്‍ക്കാലിക നടപടിയെന്നാണ് സ്പൈസ്ജെറ്റിന്റെ വിശദീകരണം.

നാല് വര്‍ഷമായി സാമ്പത്തിക നഷ്ടത്തിലാണ് എയര്‍ലൈന്‍ കമ്പനി. 800 പൈലറ്റുമാരാണ് സ്പൈസ്ജെറ്റിന് കീഴില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസങ്ങളായി ജീവനക്കാര്‍ക്ക് പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ല. ജോലിയില്‍ തുടരുന്ന പൈലറ്റുമാര്‍ക്ക് പകുതി ശമ്പളം നല്‍കുന്നത് സംബന്ധിച്ച് പോലും കമ്പനിക്ക് ധാരണയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം വേനല്‍ക്കാല വിമാന സര്‍വീസുകള്‍ സ്പൈസ്ജെറ്റ് പകുതിയായി വെട്ടിച്ചുരുക്കിയിരുന്നു.

പുതിയ വിമാനങ്ങള്‍ വിന്യസിക്കുന്ന ഘട്ടത്തില്‍ അവധിയില്‍ പ്രവേശിപ്പിച്ചവരെ തിരികെ വിളിക്കാനാണ് തീരുമാനമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. ഈവര്‍ഷം ഡിസംബര്‍ മുതല്‍ ഏഴ് പുതിയ ബോയിംഗ് 737 മാക്സ് വിമാനം കൂടി ചേര്‍ക്കാനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. ഫണ്ട് ലഭ്യമല്ലാത്തത് ഇക്കാര്യത്തിലും പ്രതിസന്ധിയാണ്.

ജൂലൈ 27ലെ ഉത്തരവിലൂടെ ഡിജിസിഎ സ്പൈസ്ജെറ്റിന്റെ 50 ശതമാനം സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് ആഴ്ചത്തേക്കാണ് നിയന്ത്രണം. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നടപടി. കുടിശിക അടയ്ക്കാത്തതിനാല്‍ കമ്പനിയുടെ ആറ് വിമാനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in