പ്രതിസന്ധിയുടെ ആകാശത്ത് സ്പൈസ് ജെറ്റും; വിമാനങ്ങൾ പ്രവർത്തനക്ഷമമാക്കാൻ 400 കോടി കടമെടുക്കും
പ്രവർത്തന ക്ഷമമല്ലാത്ത 25 വിമാനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സ്പൈസ് ജെറ്റ് 400 കോടി രൂപ കടമെടുക്കുന്നു. കമ്പനി തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ഗോ ഫസ്റ്റ് എയർലൈൻസ് പാപ്പർ ഹർജി നൽകിയതിന് പിന്നാലെയാണ് മറ്റൊരു വിമാന കമ്പനിയുടെ പ്രതിസന്ധി കൂടി പുറത്തുവരുന്നത്.
25 വിമാനങ്ങൾ പ്രവർത്തനക്ഷമമാക്കാൻ സര്‍ക്കാരിന്റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമില്‍ (ഇസിഎല്‍ജിഎസ്)നിന്ന് പണം കണ്ടെത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. പ്രവര്‍ത്തനക്ഷമമല്ലാത്ത 25 വിമാനങ്ങൾ എത്രയും വേഗം സർവീസിന് അനുയോജ്യമാക്കുമെന്നും ഇസിഎല്‍ജിഎസ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ഇതിനായി വിനിയോഗിക്കുമെന്നും വരാന്‍ പോകുന്ന ട്രാവല്‍ സീസണ്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിങ് പ്രസ്താവനയില്‍ വ്യക്തമാക്കി.
എൻജിന്‍ തകരാറു മൂലം ഇതുവരെ 25 ഗോ ഫസ്റ്റ് വിമാനങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴിവച്ചു. ജെറ്റ് എയര്‍വേസിന് ശേഷം പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുന്ന രണ്ടാമത്തെ ആഭ്യന്തര വിമാന കമ്പനിയാണ് ഗോ ഫസ്റ്റ്. അമേരിക്കൻ എയ്റോ എഞ്ചിൻ നിർമാതാക്കളായ പി ആൻഡ് ഡബ്ല്യുവിനെയാണ് കമ്പനി പഴിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിമൂലം മെയ് 3, 4,5 തീയതികളിലെ സര്‍വീസുകൾ ഗോഫസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്. എണ്ണ വിപണന കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനകമ്പനി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചത്.
ഇത്രയും വിമാനങ്ങള്‍ ഗ്രൗണ്ടിലുണ്ടായിരുന്നത് എയര്‍ലൈനിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം 11.1 ശതമാനമായിരുന്ന ആഭ്യന്തര വിപണി വിഹിതം ഈ മാര്‍ച്ച് ആയപ്പോള്‍ 6.9 ശതമാനം ആയി ഇടിഞ്ഞു.അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയത് ഇന്ധന വിതരണം മുടങ്ങിയതിനാലല്ലെന്നും ഗോ ഫസ്റ്റിന്റെ ആഭ്യന്തര കാരണങ്ങളാകാമെന്നുമാണ് വിഷയത്തോട് എണ്ണ വിപണന കമ്പനികള്‍ പ്രതികരിച്ചത്.