ഒരു ഓർഡറിന് 2 രൂപ 'പ്ലാറ്റ്ഫോം ഫീസ്'; സ്വിഗ്ഗി വഴി ഭക്ഷണം വാങ്ങാൻ ചെലവേറും
രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നുള്ള ഭക്ഷണങ്ങൾക്ക് ഇനി ചെലവേറും. ഉപയോക്താക്കളില്‍ നിന്ന് ഓരോ ഓര്‍ഡറിനും 2 രൂപ വീതം 'പ്ലാറ്റ്‌ഫോം ഫീസ്' ഈടാക്കാന്‍ തുടങ്ങിയതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓർഡർ മൂല്യം പരിഗണിക്കാതെ, എല്ലാ ഉപഭോക്താക്കളിൽ നിന്നും 2 രൂപ അധിക ഫീസ് ആയി വാങ്ങാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് രണ്ട് രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നതെന്നാണ് കമ്പനി വാദം.
പ്രധാന പ്ലാറ്റ്‌ഫോമിലെ ഫുഡ് ഓർഡറുകൾക്ക് മാത്രമാണ് അധിക ചാർജുകൾ ഈടാക്കുന്നതെന്നും ഇൻസ്റ്റാമാർട്ട് ഉപയോക്താക്കൾക്ക് ഇത് ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലെ ഭക്ഷ്യവിതരണ ഓര്‍ഡറുകള്‍ക്ക് മാത്രമാണ് ഇത് ഈടാക്കുന്നത്. കൂടുതല്‍ നഗരങ്ങളിലേക്കും പ്ലാറ്റ്‌ഫോം ഫീസ് ഏര്‍പ്പെടുത്തിയേക്കാം. ഫുഡ് ഡെലിവറി ബിസിനസിൽ കമ്പനി നിലവിൽ നഷ്ടം നേരിടുന്ന ഘട്ടത്തിലാണെന്ന് സ്വിഗ്ഗിയുടെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ശ്രീഹർഷ മജെറ്റി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. ഭക്ഷ്യ വിതരണത്തിനുള്ള വളർച്ചാ നിരക്ക് കുറഞ്ഞതോടെ ലാഭവും വരുമാനവും കുറഞ്ഞെന്നും മജെറ്റി പറയുന്നു. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ജനുവരിയില്‍ സ്വിഗ്ഗി കുറഞ്ഞത് 380 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നിലവിൽ കൺവീനിയൻസ്/ഹാൻഡ്‍ലിങ് ഫീസും സ്വിഗ്ഗി ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്ലാറ്റ്ഫോം ചാർജ് ഈടാക്കാനൊരുങ്ങുന്നത്. പ്ലാറ്റ്ഫോം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ സവിശേഷതകള്‍ വികസിപ്പിക്കുന്നതിനുമായാണ് വേണ്ടിയാണ് പ്ലാറ്റ്‌ഫോം ഫീസ് പ്രധാനമായും ഈടാക്കുന്നത്. സ്വിഗ്ഗി വണ്‍ സബ്സ്‌ക്രിപ്ഷന്‍ അംഗങ്ങള്‍ക്കും ഇത് ബാധകമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ്, ഡെലിവറി പ്ലാറ്റ്ഫോമുകളിലൊന്നായ സ്വിഗ്ഗി പ്രതിദിനം 1.5 ദശലക്ഷത്തിലധികം ഓർഡറുകൾ നൽകുന്നുണ്ട്. റംസാൻ മാസത്തിൽ ഹൈദരാബാദിൽ മാത്രം 10 ലക്ഷം ബിരിയാണികളും 4 ലക്ഷം പ്ലേറ്റ് ഹലീമും സ്വിഗ്ഗി വഴി ഓർഡർ ചെയ്തെന്നാണ് കണക്കുകൾ.