2021-22ൽ നഷ്ടം 3629കോടി രൂപ; പിരിച്ചുവിടൽ ഭീഷണിയിൽ സ്വിഗ്ഗി ജീവനക്കാർ

2021-22ൽ നഷ്ടം 3629കോടി രൂപ; പിരിച്ചുവിടൽ ഭീഷണിയിൽ സ്വിഗ്ഗി ജീവനക്കാർ

കടുത്ത നഷ്ടം നേരിടുന്നത് കാരണം ജനുവരി മുതൽ സ്വിഗ്ഗി അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
Updated on
1 min read

കഴിഞ്ഞ വർഷം കോടികളുടെ നഷ്ടമുണ്ടായതായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മുൻ സാമ്പത്തിക വർഷത്തെ നഷ്ടം 1,617 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 3,629 കോടി രൂപയായി ഉയർന്നു. അതേസമയം 2022 സാമ്പത്തിക വർഷത്തിൽ മൊത്തം ചെലവുകൾ 131 ശതമാനം ഉയർന്ന് 9,574.5 കോടി രൂപയായെന്നും കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഇൻവെസ്കോയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് റേസിങിലൂടെ സ്വിഗ്ഗിയിലേക്ക് 70കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. അതേസമയം, 2021 സാമ്പത്തിക വർഷത്തിലെ സ്വിഗ്ഗിയുടെ വരുമാനം 2,547 കോടി രൂപയിൽ നിന്ന് രണ്ടിരട്ടി വർധിച്ച് 2022 സാമ്പത്തിക വർഷത്തിൽ 5,705 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവിന്റെ 24.5 ശതമാനമാണ് പുറംകരാറുകാർക്ക് നൽകുന്നത്. ഇതും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 1,031 കോടി രൂപയിൽ നിന്ന് 2.3 മടങ്ങ് വർധിച്ച് 2,350 കോടി രൂപയായി. കൂടാതെ പരസ്യം ഉൾപ്പെടെയുള്ള പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കായുള്ള ചെലവ് നാല് മടങ്ങ് വർധിച്ച് 1,848.7 കോടി രൂപയായി.

കടുത്ത നഷ്ടം നേരിടുന്നത് കാരണം ജനുവരി മുതൽ സ്വിഗ്ഗി അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ സ്വിഗ്ഗിയിൽ ഒരുതരത്തിലുള്ള പിരിച്ചുവിടലും നടന്നിട്ടില്ലെന്നും ഒക്ടോബർ മാസത്തോടുകൂടി തന്നെ ജോലിയുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് പ്രൊമോഷനുകൾ നൽകിയെന്നും കമ്പനി വക്താവ് പറഞ്ഞു. എല്ലാ തവണയും ചെയ്യുന്നതുപോലെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിഗ്ഗിയുടെ തന്നെ ഉത്പ്പന്ന ഡെലിവറി പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട് ജീവനക്കാരെയും പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഡിസ്‌കൗണ്ടുകൾ നൽകിയിട്ടും സൊമാറ്റോയുടെ മുൻപിൽ സ്വിഗ്ഗിയുടെ വിപണി വിഹിതം നഷ്ടമാകുകയാണെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് നവംബറിൽ പറഞ്ഞിരുന്നു. ഇതേ കാലയളവിൽ 1.6 ബില്യൺ ഡോളറിന്റെ ഓർഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിച്ചതെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം മേയിൽ, ഡൈനിംഗ് ഔട്ട് ആൻഡ് റെസ്റ്റോറന്റ് ടെക് പ്ലാറ്റ്‌ഫോമായ 'ഡൈനൗട്ട്‌' സ്വിഗ്ഗി ഏറ്റെടുത്തിരുന്നു. എത്ര തുകയ്ക്കാണ് ഏറ്റെടുത്തതെന്ന് സ്വിഗ്ഗി വെളിപ്പെടുത്തിയില്ലെങ്കിലും റിപ്പോർട്ടുകളനുസരിച്ച് 200 മില്യൺ ഡോളറായിരുന്നു ഏറ്റെടുക്കൽ തുക.

logo
The Fourth
www.thefourthnews.in