വന്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങി ടിസിഎസ്; ക്യാംപസ് പ്ലേസ്‌മെന്റിലൂടെ 40,000 തൊഴിലവസരങ്ങള്‍
ആഗോള തലത്തില്‍ ടെക് മേഖലയില്‍ വന്‍ പിരിച്ചുവിടലുകള്‍ തുടരുന്നതിനിടെ തൊഴിലന്വേഷകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ടാറ്റ കണ്‍സല്‍ട്ടന്‍സി. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ സര്‍വീസ് പ്രൊവൈഡറായ ടാറ്റ കണ്‍സല്‍ട്ടന്‍സി 40000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. ക്യാംപസ് പ്ലെയ്‌സ്‌മെന്റിലൂടെ മികച്ച പുതുതലമുറ ജീവനക്കാരെ തിരഞ്ഞെടുക്കാനാണ് ടിസിഎസ് പദ്ധതി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ തൊഴില്‍ദാതാവ് എന്നറിയപ്പെടുന്ന കമ്പനിയാണ് ടിസിഎസ്. ഈ വര്‍ഷം കമ്പനിയുടെ ഭാഗമാകുന്ന 44,000-ത്തിലധികം പുതുമുഖങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും സ്ഥാപനത്തിലെത്തിക്കുമെന്ന് ടിസിഎസിന്റെ ചീഫ് എച്ച്ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കാട് വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ പിരിച്ചുവിടലിന്റെ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ടിസിഎസ് ജോലി വെട്ടിക്കുറയ്ക്കല്‍ പരിഗണിക്കുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഉയര്‍ന്ന വിപണി മൂല്യമുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നാണ് ടിസിഎസ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ടിസിഎസ് 14.8 ശതമാനത്തിന്റെ ലാഭ വര്‍ധന നേടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കമ്പനി വന്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നത്. മാര്‍ച്ചില്‍ 11,392 കോടിയാണ് ടിസിഎസിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,959 കോടിയായിരുന്നു നേടിയത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 50,591 കോടിയായിരുന്നു. ഈ വര്‍ഷം ഇത് 59,162 കോടിയായി ഉയര്‍ന്നു. 16.9 ശതമാനമാണ് വര്‍ധന.