എയര്‍ ഏഷ്യയുടെ 2,600 കോടി നഷ്ടം എഴുതിത്തള്ളാന്‍ ടാറ്റ

എയര്‍ ഏഷ്യയുടെ 2,600 കോടി നഷ്ടം എഴുതിത്തള്ളാന്‍ ടാറ്റ

എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയിലേക്ക് ലയിപ്പിക്കാന്‍ ടാറ്റ പദ്ധതിയിട്ടിരുന്നു
Updated on
1 min read

എയര്‍ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിയുടെ 2,600 കോടി രൂപ നഷ്ടം ടാറ്റ ഗ്രൂപ്പ് ഉടമയായ ടാറ്റ സണ്‍സ് എഴുതിത്തള്ളേണ്ടി വന്നേക്കും. എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയിലേക്ക് ലയിപ്പിക്കാന്‍ ടാറ്റ പദ്ധതിയിട്ടിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയുടെ മൊത്തം മൂല്യത്തില്‍ ഇടിവ് സംഭവിച്ചന്നെും അതിന്റെ ബാധ്യതകള്‍ നിലവിലെ ആസ്തികളേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ഭീമമായ നഷ്ടം എഴുതിത്തള്ളാനുള്ള നീക്കം.

എയര്‍ഏഷ്യ ഇന്ത്യയില്‍ ടാറ്റ സണ്‍സിന് 83.67% ഓഹരിയുണ്ട്

ഈ വര്‍ഷം ആദ്യമാണ് ടാറ്റാ സണ്‍സ് 2.4 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി, ഡെറ്റ് ഡീലിലൂടെ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ടാറ്റയ്ക്ക് ഭൂരിഭാഗം ഓഹരികളുള്ള എയര്‍ഏഷ്യ ഇന്ത്യയുടെ മുഴുവന്‍ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലും എയര്‍ ഇന്ത്യ ഏറ്റെടുത്ത് ഒരൊറ്റ എയര്‍ലൈനായി ലയിപ്പിക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കിയിരുന്നു. എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റ സണ്‍സിന് 83.67% ഓഹരിയുണ്ട്. എയര്‍ ഏഷ്യ ഇന്ത്യയുടെ ശേഷിക്കുന്ന 16.33% ഓഹരികള്‍ നിലവില്‍ മലേഷ്യയിലെ എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റയുടെയും സംയുക്ത സംരംഭമായ വിസ്താര, അന്താരാഷ്ട്ര സര്‍വീസുകള്‍ വഹിക്കുന്ന ഒരു പ്രത്യേക കാരിയര്‍ ആയി തന്നെ തുടരും

ദക്ഷിണേന്ത്യയെ ഗള്‍ഫിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ബജറ്റ് കാരിയറാണ് ടാറ്റയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ മുന്‍നിര കാരിയര്‍ ആക്കിക്കൊണ്ട്, ചെലവ് കുറഞ്ഞ എയര്‍ലൈനുകളായ എയര്‍ ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കാനാണ് പദ്ധതി. മറുവശത്ത്, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റയുടെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയ്ക്കൊപ്പം അന്താരാഷ്ട്ര സര്‍വീസുകള്‍ വഹിക്കുന്ന ഒരു പ്രത്യേക കാരിയര്‍ ആയിതന്നെ തുടരുമെന്നാണ് സൂചന.ബാധ്യതകള്‍ ഉള്‍പ്പെടെയുള്ള എയര്‍ഏഷ്യ ഇന്ത്യ അക്കൗണ്ടുകള്‍ ടാറ്റ സണ്‍സിന്റേതുമായി ഏകീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, കണക്കുകള്‍ എഴുതിത്തള്ളാന്‍ മറ്റ് വ്യവസ്ഥകളൊന്നും ആവശ്യമില്ല.

രണ്ട് ഗ്രൂപ്പ് കമ്പനികള്‍ തമ്മിലുള്ള ലയനത്തില്‍ ആസ്തികളില്‍ കവിഞ്ഞുള്ള ബാധ്യതകള്‍ കമ്പനികള്‍ക്കുണ്ടെങ്കില്‍ , അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രകാരം നഷ്ടപരിഹാരത്തിന് വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്ന് ആഗോള ടാക്‌സ് പ്രാക്ടീസ് ഗ്രൂപ്പായ കെഎന്‍എവിയുടെ പങ്കാളി ഉദയ് വേദ് പറഞ്ഞു.

ടാറ്റ സണ്‍സിന്റെയോ എയര്‍ ഇന്ത്യയുടെയോ അക്കൗണ്ടുകളില്‍ ഉള്‍പ്പെടുത്തി കണക്കുകള്‍ എഴുതിത്തള്ളുമോ എന്ന കാര്യത്തില്‍ ടാറ്റ, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ എന്നിവര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in